സ്വിസ് ബാങ്കിംഗ് ഭീമന്‍ ക്രെഡിറ്റ് സ്വീസ് പ്രതിസന്ധിയില്‍; രക്ഷിക്കാന്‍ വന്‍ വായ്പ

ബാങ്കിംഗ് പ്രതിസന്ധി യൂറാേപ്പിനെയും ഉലയ്ക്കുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ രണ്ടാമത്തെ വലിയ ബാങ്കായ ക്രെഡിറ്റ് സ്വീസ് ഞെരുക്കത്തിലായി. ബാങ്കിനെ ഏറ്റെടുക്കാന്‍ മറ്റു സ്ഥാപനങ്ങള്‍ വരാനിടയില്ല. ബാങ്ക് ആസ്തികളും യൂണിറ്റുകളും വിറ്റ് വലിയ അഴിച്ചു പണിക്കു തയാറാകേണ്ടി വരും.

സ്വിസ് നാഷണല്‍ ബാങ്ക് (സ്വിറ്റ്‌സര്‍ലന്‍ഡിലെ കേന്ദ്ര ബാങ്ക് ) ക്രെഡിറ്റ് സ്വീസിന് ആവശ്യമായ പണലഭ്യത ഉറപ്പാക്കാമെന്നു രാത്രി പ്രഖ്യാപിച്ചിരുന്നു. ക്രെഡിറ്റ് സ്വീസ് ഇന്നു കേന്ദ്ര ബാങ്കില്‍ നിന്ന് 5400 കോടി ഡോളര്‍ വായ്പ എടുക്കും. ഡോളറിലും യൂറോയിലുമായി 300 കോടി ഡോളര്‍ കടപ്പത്രങ്ങള്‍ ഇറക്കാനും ബാങ്ക് തീരുമാനിച്ചു. തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ ഇതു മതിയാകുമെന്നാണു നിഗമനം. ഇതേ തുടര്‍ന്ന് വിപണികള്‍ അല്‍പം ആശ്വാസത്തിലായി.


നിക്ഷേപങ്ങള്‍ നഷ്ടമായി

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ക്രെഡിറ്റ് സ്വീസില്‍ നിന്ന് 12,500 കോടി ഡോളര്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടു. 2021 ഒടുവില്‍ ബാങ്കിന്റെ ആസ്തി 1.614 ലക്ഷം കോടി സ്വിസ് ഫ്രാങ്ക് ആയിരുന്നത് 2022 ഒടുവില്‍ 1.294 ലക്ഷം കോടി ഫ്രാങ്ക് ആയി ഇടിഞ്ഞു. നിക്ഷേപകര്‍ക്കു ബാങ്കിലെ വിശ്വാസം കുറഞ്ഞതിന്റെ ഫലമാണത്. ബാങ്കിന്റെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 33 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം 800 കോടി ഡോളര്‍ നഷ്ടവും വരുത്തി. ബാങ്കിന്റെ കണക്കുകളില്‍ ഗുരുതര പിഴവുകള്‍ അമേരിക്കയുടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ചസ് കമ്മീഷന്‍ (എസ് ഇ സി) ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.

വില 30 ശതമാനം ഇടിഞ്ഞതോടെ ക്രെഡിറ്റ് സ്വീസ് ഓഹരികളുടെ വ്യാപാരം ഇന്നലെ പലവട്ടം നിര്‍ത്തിവച്ചു. മൂലധനം മുടക്കാന്‍ ആരെങ്കിലും തയാറായില്ലെങ്കില്‍ ബാങ്കിന്റെ നിലനില്‍പ് അസാധ്യമാകുമെന്നതാണു നില. ബാങ്കിന്റെ 9.9 ശതമാനം ഓഹരി കൈവശമുള്ള സൗദി നാഷണല്‍ ബാങ്ക് കൂടുതല്‍ പണം മുടക്കുകയില്ലെന്നു പ്രഖ്യാപിച്ചു. ക്രെഡിറ്റ് സ്വീസ് ചെയര്‍മാന്‍ ആക്‌സല്‍ ലീമാന്‍ സൗദി തലസ്ഥാനത്ത് എത്തി നടത്തിയ ചര്‍ച്ച ഫലിച്ചില്ല. ഒന്നര വര്‍ഷം മുന്‍പ് ആര്‍ക്കെഗോസ് കാപ്പിറ്റല്‍ മാനേജ്‌മെന്റ് എന്ന ഫണ്ടുമായി ബന്ധപ്പെട്ട് 550 കോടി ഡോളര്‍ നഷ്ടം വന്നപ്പോള്‍ സൗദി ബാങ്ക് ഓഹരി വാങ്ങിയാണു ക്രെഡിറ്റ് സ്വീസിനെ രക്ഷിച്ചത്.


മറ്റു ബാങ്കുകള്‍ക്കും ക്ഷീണം


167 വര്‍ഷം പഴക്കമുള്ള ക്രെഡിറ്റ് സ്വീസിനൊപ്പം യൂറോപ്പിലെ മറ്റു ബാങ്ക് ഓഹരികളും ഇന്നലെ ഇടിവിലായി. സൊസൈറ്റീ ഷനറാല്‍, യുബിഎസ്, ബിഎന്‍പി പാരിബ, കൊമേഴ്‌സ് ബാങ്ക്, ഡോയിച്ച് ബാങ്ക് തുടങ്ങിയവയുടെ ഓഹരിവില എട്ടു മുതല്‍ 12 വരെ ശതമാനം ഇടിഞ്ഞു. ഇറ്റാലിയന്‍ ബാങ്കുകളും വലിയ തകര്‍ച്ചയിലായി. മിക്ക ബാങ്ക് ഓഹരികളുടെയും വ്യാപാരം ഇടയ്ക്കു നിര്‍ത്തിവച്ചു.

കഴിഞ്ഞയാഴ്ച അമേരിക്കയില്‍ മൂന്ന് ഇടത്തരം ബാങ്കുകള്‍ തകര്‍ന്ന പശ്ചാത്തലത്തിലാണ് ക്രെഡിറ്റ് സ്വീസിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. സില്‍വര്‍ ഗേറ്റ്, സിലിക്കണ്‍ വാലി, സിഗ്നേച്ചര്‍ എന്നീ ബാങ്കുകളാണു തകര്‍ന്നത്.

സ്റ്റാര്‍ട്ടപ്പുകളുടെ ഇഷ്ടബാങ്കായിരുന്ന സിലിക്കണ്‍ വാലി നിക്ഷേപകര്‍ കൂട്ടമായി പണം പിന്‍വലിച്ച സാഹചര്യത്തില്‍ പൊളിയുകയായിരുന്നു. മറ്റു രണ്ടു ബാങ്കുകളും ക്രിപ്‌റ്റോ കറന്‍സികളുടെ വ്യാപാരത്തില്‍ ബന്ധപ്പെട്ടാണു തകര്‍ന്നത്. ഈ ഇടത്തരം പ്രാദേശിക ബാങ്കുകളുടെ തകര്‍ച്ചയെ തുടര്‍ന്ന് യുഎസിലെ മൊത്തം ബാങ്ക് ഓഹരികളും തിങ്കളാഴ്ച ഇടിഞ്ഞു. ചൊവ്വാഴ്ച അവ തിരിച്ചു കയറിയെങ്കിലും ഇന്നലെ വീണ്ടും വലിയ വീഴ്ചയിലായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it