രൂപയില്‍ വിദേശ വ്യാപാരം; യുപിഐയുമായി ബന്ധിപ്പിക്കാന്‍ സാധ്യതയേറുന്നു
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസുമായി (UPI) ബന്ധിപ്പിച്ച് രൂപയില്‍ വിദേശ വ്യാപാരത്തിന്റെ ചെലവ് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുകയാണെന്ന് ആര്‍ബിഐ (RBI) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇത്തരം വ്യാപാരം സംബന്ധിച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി സെന്‍ട്രല്‍ ബാങ്ക് ചര്‍ച്ച നടത്തിവരികയാണ്. നിലവില്‍ രൂപയില്‍ വിദേശ വ്യാപാരത്തിന്റെ പണമിടപാട് രണ്ട് രാജ്യങ്ങളിലെയും ബാങ്ക് മുഖേനയാണ് പ്രവര്‍ത്തിക്കുന്നന്നത്.
പിന്നീട് ഇത് പ്രാദേശിക വിനിമയ മൂല്യത്തിലേക്ക് പണത്തിനെ മാറ്റുന്നു. അവിടെ ഉപഭോക്താക്കള്‍ ഇതിന് 10 ശതമാനം വരെ കമ്മീഷന്‍ നല്‍കണം. മാത്രമല്ല ഈ പ്രക്രിയ ചെലവേറിയതും സമയമെടുക്കുന്നതുമാണ്. ഇന്ത്യയില്‍ അതിവേഗം വളരുന്ന പണമിടപാട് സംവിധാനങ്ങളില്‍ ഒന്നാണ് യുപിഐ. രൂപയില്‍ വിദേശ വ്യാപാരം യുപിഐയുമായി ബന്ധിപ്പിക്കുന്നതോടെ ചെലവ് കുറയ്ക്കുകയും, തല്‍ക്ഷണ പണം കൈമാറുകയും ചെയ്യാം.
ഉക്രെയ്‌നിലെ യുദ്ധത്തെ തുടര്‍ന്നുള്ള ഊര്‍ജ പ്രതിസന്ധി, പണനയം കര്‍ശനമാക്കുന്നത് തുങ്ങിയവ സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായി. ഇത് ദക്ഷിണേഷ്യന്‍ സമ്പദ് വ്യവസ്ഥയില്‍ വില വര്‍ധനവിന് സമ്മര്‍ദ്ദം ചെലുത്തി. അതിനാല്‍ വിലസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കണം. സാമ്പത്തിക വീണ്ടെടുക്കല്‍ തുടരുമ്പോള്‍, ദക്ഷിണേഷ്യന്‍ മേഖലയിലെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നതിന് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുമ്പ് രൂപയില്‍ വിദേശ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകളുമായി ധനമന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. ഈ രംഗത്ത് ബാങ്കര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആഭ്യന്തര കറന്‍സിയില്‍ വിദേശ വ്യാപാര ഇടപാടുകള്‍ സുഗമമാക്കുന്നതിന് പ്രത്യേക വോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. യുഎസ് ഡോളറിന്റെ ആധിപത്യം ഒഴിവാക്കുന്നതിനും അതിര്‍ത്തികടന്നുള്ള വ്യാപാരം സുഗമമാക്കുന്നതിനുമാണ് രൂപയിലുള്ള ഇടപാട് സാധ്യമാക്കുന്ന പ്രത്യോക വോസ്‌ട്രോ അക്കൗണ്ട് പ്രബാല്യത്തില്‍ വരുത്തിയത്.