ഒപെക് എണ്ണ ഇറക്കുമതി സര്‍വകാല താഴ്ചയില്‍

ഏതാനും വര്‍ഷം മുമ്പുവരെ ഇന്ത്യയുടെ എണ്ണ (ക്രൂഡോയില്‍) ഇറക്കുമതിയില്‍ 90 ശതമാനവും ഒപെക് രാഷ്ട്രങ്ങളില്‍ നിന്നായിരുന്നു. ഏപ്രിലിലെ ഇറക്കുമതിയില്‍ ഒപെക്കിന്റെ വിഹിതം 46 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്ന് നിരീക്ഷക സ്ഥാപനമായ വോര്‍ട്ടെക്‌സ ചൂണ്ടിക്കാട്ടുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഒപെക്കില്‍ (OPEC/ Organization of the Petroleum Exporting Countries) എണ്ണ നിക്ഷേപമുള്ള നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുമുണ്ട്. റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ട് വിലയില്‍ എണ്ണ കിട്ടിത്തുടങ്ങിയതോടെ ഒപെക് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിട്ടുണ്ട്. 2022 ഏപ്രിലില്‍ ഒപെക്കിന്റെ വിഹിതം 77 ശതമാനമായിരുന്നു.
കുതിച്ചൊഴുകി റഷ്യന്‍ എണ്ണ
ഇറാക്കും സൗദി അറേബ്യയുമായിരുന്നു കഴിഞ്ഞ ദശാബ്ദത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ സ്രോതസുകള്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത ഇറക്കുമതിയേക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണയാണ് കഴിഞ്ഞമാസം ഇന്ത്യയിലേക്കെത്തിയത്.
2022 ഏപ്രിലില്‍ ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയില്‍ ഒരു ശതമാനമായിരുന്നു റഷ്യയുടെ വിഹിതം. കഴിഞ്ഞമാസം ഇത് 36 ശതമാനമാണ്. കഴിഞ്ഞമാസം ശരാശരി 46 ലക്ഷം ബാരല്‍ എണ്ണവീതമാണ് പ്രതിദിനം ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതില്‍ ഒപെക്കില്‍ നിന്നെത്തിയത് 21 ലക്ഷം ബാരല്‍ വീതം.
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ ഒന്നാംസ്ഥാനം ഇറാക്കില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത് കഴിഞ്ഞു. സൗദി അറേബ്യയാണ് മൂന്നാമത്. യു.എ.ഇ നാലാമതും അമേരിക്ക അഞ്ചാമതുമാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it