
ക്രൂഡോയില്‍ വേണമെങ്കില്‍ ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് യുവാന്‍ നല്‍കണമെന്ന റഷ്യയുടെ ആവശ്യം തള്ളി ഇന്ത്യ. ചില റഷ്യന്‍ എണ്ണ വിതരണ കമ്പനികള്‍ യുവാന്‍ തന്നെ നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രവും ഇന്ത്യന്‍ കമ്പനികളും.
ഇന്ത്യയിലെ എണ്ണ വിതരണ കമ്പനികളില്‍ ഏകദേശം 70 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. എണ്ണ വിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നിവ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ്. അതിനാല്‍ പണമിടപാട് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാന്‍ ഇവ ബാദ്ധ്യസ്ഥരുമാണ്. മുമ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റഷ്യന്‍ ക്രൂഡിനായി യുവാനില്‍ പണമിടപാട് നടത്തുകയും അത് സര്‍ക്കാര്‍ തടയുകയും ചെയ്തിരുന്നു. അതേസമയം സ്വകാര്യ എണ്ണ വിതരണ കമ്പനികള്‍ക്ക് യുവാനില്‍ പണമിടപാട് നടത്താനാകും.
പ്രിയം യുവാനോട്
ചൈനയില്‍ നിന്ന് റഷ്യ വന്‍തോതില്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട്, ചൈനീസ് യുവാനോട് റഷ്യക്ക് വലിയ താത്പര്യവുമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നിന്ന് റഷ്യ ഇത്തരത്തില്‍ വലിയ ഇറക്കുമതികളൊന്നും നടത്തുന്നില്ല. ഇന്ത്യയുമായി വ്യാപാര സര്‍പ്ലസ് (Trade Surplus) ഉള്ള രാജ്യമാണ് റഷ്യ. അതിനാല്‍, രൂപ വന്‍തോതില്‍ ലഭിക്കുന്നത് കൊണ്ട് കാര്യമില്ലെന്ന് റഷ്യന്‍ കമ്പനികള്‍ പറയുന്നു. നിലവില്‍ അമേരിക്കന്‍ ഡോളര്‍, യു.എ.ഇ ദിര്‍ഹം എന്നിവ നല്‍കിയാണ് ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine