ക്രൂഡ് ഓയില്‍ 'പൊള്ളിക്കും', ജൂണില്‍ രാജ്യത്ത് ഇന്ധനവില കുതിക്കും? ആശങ്ക ഇന്ത്യയ്ക്ക്

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറും കടന്ന് കുതിക്കുന്നു. ഈ വര്‍ഷം ആദ്യമായിട്ടാണ് വില ഇത്രയധികം ഉയരുന്നത്. ഒപെകും റഷ്യയും ഉല്‍പാദനം കുറച്ചേക്കുമെന്ന വാര്‍ത്തകളും വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ആവശ്യമായ ഇന്ധനത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് എണ്ണവിലയിലെ കയറ്റം ആശങ്ക സമ്മാനിക്കുന്നതാണ്.
രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍, ഡീസല്‍ വില 2 രൂപ കുറച്ചിരുന്നു. ചെറിയ തോതിലുള്ള കുറവാണെങ്കിലും എണ്ണ കമ്പനികളെ സംബന്ധിച്ച് വലിയ വരുമാന നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ വില വീണ്ടും കൂടുന്നത് ഇന്ത്യയെ സംബന്ധിച്ച് അത്ര സുഖകരമായ കാര്യമല്ല. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മുഖ്യപങ്ക് ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്. പാശ്ചാത്യ ഉപരോധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വലിയതോതില്‍ വിലകുറച്ചായിരുന്നു റഷ്യ ഇന്ത്യയിലേക്ക് എണ്ണ കയറ്റി അയച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ റഷ്യ ഇളവുകളെല്ലാം പിന്‍വലിച്ചു കൊണ്ടിരിക്കുകയാണ്.
ഇതോടെ കുറഞ്ഞ വിലയില്‍ എണ്ണ വാങ്ങാമെന്ന ഇന്ത്യയുടെ പദ്ധതികളും താറുമാറായിരിക്കുകയാണ്. വീണ്ടും എണ്ണയ്ക്കായി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ഇന്ത്യ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. വില വീണ്ടും കൂടുന്നതോടെ എണ്ണ വാങ്ങലിനായി മാറ്റിവയ്‌ക്കേണ്ട തുകയിലും വര്‍ധനവുണ്ടാകും.

എണ്ണകമ്പനികള്‍ക്ക് ആശങ്ക

ക്രൂഡ് ഓയില്‍ വില അടിക്കടി കൂടിയാല്‍ ജൂണ്‍ വരെയുള്ള രണ്ട് മാസത്തോളം നഷ്ടം എണ്ണക്കമ്പനികള്‍ വഹിക്കേണ്ടി വരും. കാരണം, പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകില്ല. തിരഞ്ഞെടുപ്പിന് ശേഷം വലിയ തോതില്‍ വിലകൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

എണ്ണവില കൂടിയാല്‍ ഉപ്പുതൊട്ട് കര്‍പ്പൂരത്തിന് വരെ വില വര്‍ധിക്കുന്നതാണ് ഇന്ത്യന്‍ രീതി. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സര്‍ക്കാര്‍ എണ്ണവില കൂട്ടുമെന്ന് ഉറപ്പാണ്. അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി വര്‍ധന ഉണ്ടായാല്‍ അത് വലിയ തിരിച്ചടിയാകും.
ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ ഇന്ധനവില പിടിവിട്ടാണ് കുതിക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോള്‍ വിലയില്‍ 9.66 രൂപയുടെ വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്. നിലവില്‍ 289.41 പാക്കിസ്ഥാനി രൂപ കൊടുക്കണം ഒരു ലിറ്റര്‍ പെട്രോളിന്. ഓരോ 15 ദിവസം കൂടുമ്പോള്‍ അന്താരാഷ്ട്ര വില അവലോകനം ചെയ്താണ് പാക്കിസ്ഥാനില്‍ ആഭ്യന്തര വില നിശ്ചയിക്കുന്നത്.
Related Articles
Next Story
Videos
Share it