Begin typing your search above and press return to search.
എണ്ണവിലയില്‍ എന്താണ് സംഭവിക്കുന്നത്, ഇതിന് പിന്നിലെ സാമ്പത്തിക ശാസ്ത്രം എന്താണ്?
ഇന്ത്യയില്‍ എല്ലായിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ഒരാവശ്യമുണ്ട് ; 'കുറഞ്ഞ എണ്ണവിലയുടെ പ്രയോജനം ഇന്ത്യക്കാര്‍ക്ക് ലഭിച്ചിരുന്നില്ല, അതുകൊണ്ട് ഇപ്പോഴത്തെ ഉയര്‍ന്ന വിലയും അവര്‍ സഹിക്കേണ്ടി വരരുത്'. രാജ്യത്ത് എണ്ണവില വളരെ കുറവായിരുന്നപ്പോള്‍- 2016 ന്റെ തുടക്കത്തില്‍ ബാരലിന് 29 ഡോളറായിരുന്നു- കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുകയും വലിയൊരു തുക നേടുകയും ചെയ്തു. ഇപ്പോള്‍ ബാരലിന് 100 ഡോളര്‍ കടന്നിരിക്കുമ്പോള്‍ സര്‍ക്കാര്‍ നികുതി കുറയ്ക്കുകയും വില വര്‍ധനയ്ക്ക് തടയിടുകയും വേണം. സര്‍ക്കാര്‍ അതിനു തയാറാവുമോ എന്നത് ബില്യണ്‍ ഡോളര്‍ ചോദ്യമാണ്. സര്‍ക്കാര്‍ വിഷമകരമായ അവസ്ഥയിലാണ്.
ഇന്ത്യയുടെ ക്രൂഡ് ഓയ്ല്‍ ഇറക്കുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 100 ശതകോടി ഡോളര്‍ കടക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം ഇരട്ടിയാണ്. ആവശ്യമായ ക്രൂഡ് ഓയ്ലിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2019 ല്‍ ഇന്ത്യയുടെ ഇറക്കുമതിയുടെ ഏകദേശം 27 ശതമാനവും എണ്ണയാണ്. സ്ഥിതിഗതികള്‍ ഇനിയും മോശമായാല്‍ എണ്ണ വില 150 ഡോളറോ 200 ഡോളറോ കടന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ സാധാരണ വര്‍ഷത്തില്‍ 1.5 ശതകോടി ബാരല്‍ ക്രൂഡ് ഓയ്ല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ബാരലിന് 10 ഡോളര്‍ വര്‍ധിച്ചാല്‍ തന്നെ എണ്ണ സബ്സിഡിയില്‍ 2.5 ശതകോടി ഡോളറിന്റെ (17500 കോടി രൂപ) വര്‍ധനയുണ്ടാകും.
ക്രൂഡ് ഓയ്ല്‍ വില 10 ശതമാനം ഉയരുമ്പോള്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ 0.2 ശതമാനം കുറവുണ്ടാകും. ചില പഠനങ്ങള്‍ പറയുന്നത് എണ്ണ വില 10 ശതമാനം ഉയരുമ്പോള്‍ മൊത്ത വില സൂചിക 0.9 ശതമാനവും റീറ്റെയ്ല്‍ വില സൂചിക 5 ശതമാനവും വര്‍ധിക്കുമെന്നാണ്. ധനക്കമ്മിയിലും കറന്റ് എക്കൗണ്ട് കമ്മി(CAD)യിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നതാണ് ആശങ്കയുടെ പ്രധാന കാരണം. സര്‍ക്കാരിന്റെ ആകെ ചെലവും ആകെ വരവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി. ധനക്കമ്മി എന്നത് സര്‍ക്കാരിന് ചെലവിനുള്ള തുക കണ്ടെത്തുന്നതിനായി കടം വാങ്ങേണ്ട തുകയെ സൂചിപ്പിക്കുന്നു.
ഇന്ത്യ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് വര്‍ധിച്ചു വരുന്നത് കാര്യങ്ങള്‍ കടുതല്‍ വഷളാക്കുന്നു. 2014 ലെ 77.3 ശതമാനത്തില്‍ നിന്ന് 2018 ല്‍ 83.7 ശതമാനമായും ഇപ്പോള്‍ ഏതാണ്ട് 85 ശതമാനവുമായി വര്‍ധിച്ചു. ഉയര്‍ന്ന എണ്ണ ഇറക്കുമതി ബില്‍ കറന്റ് എക്കൗണ്ട് കമ്മിയില്‍ വലിയ ആഘാതം ഉണ്ടാക്കും. കറന്റ് എക്കൗണ്ട് കമ്മി എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തേക്കാള്‍ കൂടുതലാണെന്നതാണ്.
വിദേശ നാണ്യത്തില്‍ ഇന്ത്യ ലോകത്തോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. നിലവില്‍ എണ്ണവിലയിലെ കുതിച്ചു ചാട്ടം കാരണം ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യം ഇന്ത്യയാണ്. ഈ സാഹചര്യത്തില്‍ കൂടുതലായി വരുന്ന എണ്ണവിലയുടെ ഭാരം സര്‍ക്കാര്‍ ജനങ്ങളുടെ ചുമലില്‍ കെട്ടിവെയ്ക്കില്ലെന്ന് കരുതാനാവില്ല.
Next Story
Videos