ക്രിപ്‌റ്റോകറന്‍സി: കേന്ദ്രം പുതിയ ബില്ല് തയ്യാറാകുന്നു, കൈവശം വെക്കുന്നവര്‍ പിഴ നല്‍കേണ്ടിവരും

രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സി നിരോധിക്കുന്നതിനും ഉപയോഗിക്കുന്നവരില്‍ നിന്നും കൈവശം വെക്കുന്നവരില്‍ നിന്നും പിഴയീടാക്കാനും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമ നിര്‍മാണത്തിന് കേന്ദ്ര ഗവണ്‍മെന്റ് ഒരുങ്ങുന്നു. ബിറ്റ്‌കോയിന്‍, ഡോഗെകോയിന്‍ തുടങ്ങിയ വലുതും ചെറുതുമായ ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നതായിരിക്കും നിയമം. ക്രിപ്‌റ്റോകറന്‍സി സൂക്ഷിക്കുന്നതും മൈന്‍ ചെയ്യുന്നതും ട്രേഡിംഗ് നടത്തുന്നതും കൈമാറ്റം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമായാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ക്രിപ്‌റ്റോകറന്‍സികളോടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ സമീപനം സംബന്ധിച്ച് കുറച്ചുകാലമായി അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഏതാനും മാസങ്ങളായി ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ വന്നിരുന്നുവെങ്കിലും അടുത്തിടെയുണ്ടായ ചില സൂചനകള്‍ ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുകയുണ്ടായി. എന്നാല്‍ പുതുതായി തയ്യാറാക്കുന്ന ബില്‍ നിയമമായാല്‍ ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് അത് വലിയ തിരിച്ചടിയായി മാറും. നിയമം നിലവില്‍ വരുന്നതോടെ ക്രിപ്‌റ്റോകറന്‍സികള്‍ കൈവശം വെക്കുന്നത് നിയമവിരുദ്ധമാക്കുന്ന ലോകത്തെ ആദ്യത്തെ മുന്‍നിര രാജ്യമായി ഇന്ത്യമാറും. മൈനിംഗും ട്രേഡിംഗും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ള ചൈന പോലും ക്രിപ്‌റ്റോകറന്‍സി സൂക്ഷിക്കുന്നതിന് പിഴശിക്ഷ വ്യവസ്ഥ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
പിഴശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതിന് ക്രിപ്‌റ്റോകറന്‍സി കൈയൊഴിക്കാന്‍ ആറു മാസത്തെ സമയപരിധി അനുവദിക്കും. ഇന്ത്യയില്‍ ഏഴ് ദശലക്ഷം പേര്‍ നൂറു കോടിയുടെ നിക്ഷേപം ക്രിപ്‌റ്റോകറന്‍സിയില്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതിന് മുമ്പ് ഇവയെല്ലാം റീഫണ്ട് ചെയ്യുന്നതിന് എന്തെങ്കിലും വഴി തെളിയുമെന്ന പ്രതീക്ഷയിലാണവര്‍.
സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കുമ്പോള്‍ തന്നെ ഡിജിറ്റല്‍ കറന്‍സിയുടെ നട്ടെല്ലായ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വില കുതിച്ചുയരുന്ന വേളയിലാണ് ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സി നിരോധനം വരുന്നതെന്നത് ശ്രദ്ധേയമാണ്. 40.58 ലക്ഷം രൂപയാണ് ഇപ്പോള്‍ ഒരു ബിറ്റ്‌കോയിന്റെ വില. ഈ വര്‍ഷം ബിറ്റ്‌കോയിന്റെ വിലയിലുണ്ടായ വര്‍ധന 100 ശതമാനമാണ്. ടെസ്്‌ല സി ഇ ഒ ഇലോണ്‍ മസ്‌ക ബിറ്റ്‌കോയിന്‍ പേമന്റുകള്‍ക്കായി സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഈ കുതിപ്പുണ്ടായത്.
അതേസമയം കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഞായറാഴ്്ച ഇന്ത്യടുഡേയുടെ സൗത്തിന്ത്യന്‍ കോണ്‍ക്ലേവില്‍ പറഞ്ഞത് ഇന്ത്യ ക്രിപ്‌റ്റോകറന്‍സിക്ക് പൂര്‍ണ നിരോധനം നടപ്പാക്കില്ലെന്നാണ്. ക്രിപ്‌റ്റോകറന്‍സികള്‍, ബ്ലോക്ക് ചെയിന്‍, ഫിന്‍ടെക് എന്നിവയക്ക് നേരെ വാതലുകള്‍ കൊട്ടിയടക്കുകയല്ല ഇന്ത്യ ചെയ്യുന്നത്. ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി സൃഷ്ടിക്കുന്നതിനെക്കുറിച്ച് ക്യാബിനറ്റ് നോട്ടില്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അവര്‍ അറയിച്ചു. ക്രിപ്‌റ്റോകറന്‍സിയെക്കുറിച്ച് സുപ്രീം കോടതി നിലപാട് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക ക്രിപ്‌റ്റോകറന്‍സി എന്ന ആശയം ആര്‍ബിഐ മുന്നോട്ടുവെക്കുന്നുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന സീപനമാണുള്ളതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.


Related Articles
Next Story
Videos
Share it