Begin typing your search above and press return to search.
കൊച്ചിൻ ഷിപ്പ്‌യാർഡിന് 10000 കോടിയുടെ മിസൈൽ യാന കരാർ
ഇന്ത്യൻ നേവിക്കായി അതിനൂതന മികവുകളുള്ള ആറ് വരുംതലമുറ മിസൈൽ വെസലുകൾ (ന്യൂ ജനറേഷൻ മിസൈൽ വെസൽ/ എൻ.ജി.എം.വി) നിർമ്മിക്കാനുള്ള കരാർ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്. മൊത്തം 9,804.98 കോടി രൂപ മതിക്കുന്ന കരാറിൽ കൊച്ചിൻ ഷിപ്പ്‌യാർഡും നാവികസേനയും ഇന്ന് ഒപ്പുവച്ചു.
കരാർപ്രകാരം ആദ്യ എൻ.ജി.എം.വി 45 മാസത്തിനകം കൈമാറണം. അവസാനത്തെ വെസൽ 108 മാസത്തിനകവും. 2027 മാർച്ചോടെ ആദ്യ വെസൽ കൈമാറാനാകും. കരാറിലൂടെ അടുത്ത 9 വർഷത്തിനകം 45 ലക്ഷം മനുഷ്യദിവസങ്ങളുടെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും.
പുതിയ നാഴികക്കല്ല്
കൊച്ചി കപ്പൽശാലയുടെ പ്രവർത്തനത്തിലെ പുത്തൻ നാഴികക്കല്ലാണ് എൻ.ജി.എം.വി കരാറിലൂടെ കുറിക്കപ്പെടുന്നത്. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വിമാന വാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് നിർമ്മാണം പൂർത്തിയാക്കി അടുത്തിടെ കൊച്ചിൻ ഷിപ്പ്‌യാർഡ് നേവിക്ക് കൈമാറിയിരുന്നു.
ലോകത്തെ ആദ്യ 'സീറോ എമിഷൻ" ഫീഡർ കണ്ടെയ്‌നർ കപ്പൽ (ഹരിത കപ്പൽ) നിർമ്മിക്കാനുള്ള 550 കോടി രൂപയുടെ കരാർ നോർവേയിലെ സാംസ്കിപ്പ് ഗ്രൂപ്പിൽ നിന്ന് കഴിഞ്ഞവാരം കൊച്ചിൻ ഷിപ്പ്‌യാർഡ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് എൻ.ജി.എം.വിക്കുള്ള കരാറും സ്വന്തമാകുന്നത്.
മികവുകളുടെ നേട്ടം
ഒരുവർഷത്തോളം മുമ്പുതന്നെ നേവിക്കായി എൻ.ജി.എം.വി നിർമ്മിക്കാനുള്ള ടെൻഡർ എൽ വൺ (എൽ1/ലീസ്റ്റ് ബിഡ്ഡർ - ഏറ്റവും കുറഞ്ഞ നിർമ്മാണക്കരാർ സമർപ്പിക്കുക) പ്രകാരം കൊച്ചിൻ ഷിപ്പ്‌യാർഡ് നേടിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇപ്പോഴാണ് കരാർ ഒപ്പുവച്ചത്.
കപ്പൽശാലയുടെ ഉന്നത നിലവാരം, വൈദഗ്ദ്ധ്യം, വിശ്വാസ്യത, മികവുറ്റ അടിസ്ഥാനസൗകര്യം തുടങ്ങിയ മികവുകളാണ് ഈ കരാറുകൾ ലഭിക്കാനുള്ള നേട്ടത്തിന് പിന്നിലെന്ന് കപ്പൽശാലയുടെ വക്താവ് പ്രതികരിച്ചു. ഈ മികവുകൾ നൽകുന്ന ആത്മവിശ്വാസമാണ് ആഗോളതലത്തിൽ ടെൻഡറുകളിൽ പങ്കെടുക്കാനും കരുത്താവുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻ.ജി.എം.വി
ഉയർന്നതോതിൽ ആയുധങ്ങൾ വഹിക്കാനുള്ള ശേഷി, അതിവേഗ പ്രത്യാക്രമണ കരുത്ത്, ശത്രുകപ്പലുകളെ അതിവേഗം കണ്ടെത്താനുള്ള കഴിവ് തുടങ്ങി ഒട്ടേറെ മികവുകളുള്ളവയാണ് വരുംതലമുറ മിസൈൽ വെസ്സലുകൾ (എൻ.ജി.എം.വി).
മൊത്തം 19,600 കോടിയുടെ കരാറുകൾ
കൊച്ചിൻ ഷിപ്പ്‌യാർഡുമായുള്ളത് ഉൾപ്പെടെ മൊത്തം 19,600 കോടി രൂപയുടെ ധാരണാപത്രമാണ് പ്രതിരോധ മന്ത്രാലയം ഇന്ന് ഒപ്പുവച്ചത്. ഗോവൻ ഷിപ്പ്‌യാർഡ് (ജി.എസ്.എൽ), കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് (ജി.ആർ.എസ്.ഇ) എന്നിവയുമായി 9,781 കോടി രൂപയുടെ കരാറൊപ്പിട്ടു.
11 വരുംതലമുറ ഓഫ്ഷോർ പട്രോൾ വെസലുകൾ (എൻ.ജി.ഒ.പി.വി) നിർമ്മിക്കാനാണിത്. ജി.എസ്.എൽ ഏഴും ജി.ആർ.എസ്.ഇ നാലും വെസലുകൾ നിർമ്മിക്കും. 2026 സെപ്തംബറിൽ ആദ്യ വെസൽ കൈമാറും.
ആത്മനിർഭർ പദ്ധതി
പുതിയ വെസലുകളുടെ നിർമ്മാണം പൂർണമായും ആഭ്യന്തരമായി നടക്കുമെന്നതിനാൽ ഇന്ത്യയുടെ കപ്പൽ നിർമ്മാണമേഖലയ്ക്കും കൊച്ചിൻ ഷിപ്പ്‌യാർഡിനും ഇതിൽ ഭാഗമാകുന്ന മറ്റ് കപ്പൽശാലകൾക്കും എം.എസ്.എം.ഇകൾക്കും ഇത് അഭിമാനിക്കാവുന്ന നേട്ടമാണ്. വെസൽ നിർമ്മാണത്തിനുള്ള തദ്ദേശീയമായി തന്നെ ഉത്പാദിപ്പിക്കുന്നതായതിനാൽ 'ആത്മനിർഭർ ഭാരത്" പദ്ധതിയായാണ് ഇതിനെ കേന്ദ്രം വിശേഷിപ്പിക്കുന്നത്.
Next Story
Videos