Begin typing your search above and press return to search.
ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ; ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കോവിഡ്, കേരളത്തിലും കടുത്ത ജാഗ്രത
ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെ അവശ്യസര്‍വീസുകളും സര്‍ക്കാര്‍ ഓഫിസുകളും മാത്രമേ പ്രവര്‍ത്തിക്കൂ എന്നാണ് അറിയിപ്പ്. സ്വകാര്യ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും വര്‍ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശം. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ കര്‍ഫ്യൂവും ദിവസവും രാത്രി 9 മണിക്കുശേഷം രാത്രികാല കര്‍ഫ്യൂവും നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. മാളുകള്‍, മാര്‍ക്കറ്റുകള്‍, ഓഡിറ്റോറിയം, ജിം, സ്പാകള്‍ തുടങ്ങിയവ സിനിമ ഹാളുകളില്‍ മുപ്പത് ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
ഡല്‍ഹിയില്‍ 30 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. എന്നാല്‍ കേരളത്തിലും 18 നടുത്ത് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഏത് സമയത്തും സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കാമെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് പല ജില്ലകളിലും ഇതിനോടകം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളെ 'സൂപ്പര്‍ സ്‌പ്രെഡ് അഥവാ രൂക്ഷപ്രഭവ കേന്ദ്രം' ആയി പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര. കേരളം കൂടാതെ ഗോവ, ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍ മേഖല, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയാണ് 'സെന്‍സിറ്റീവ് ഒറിജിന്‍' ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
'രൂക്ഷ പ്രഭവകേന്ദ്രം' ആയി പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍നിന്നു മഹാരാഷ്ട്രയിലേക്കു ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ 48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരുടെ വിവരങ്ങള്‍ റെയില്‍വേ സംസ്ഥാന സര്‍ക്കാരുമായി പങ്കുവയ്ക്കണം. കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ മറ്റു സംസ്ഥാനങ്ങളിലെ കൊറോണ വകഭേദങ്ങള്‍ എത്താതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണു 'രൂക്ഷ പ്രഭവകേന്ദ്രങ്ങള്‍' പ്രഖ്യാപിച്ചതെന്നും ഉത്തരവില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 68,631 കേസുകളാണ് കേരളത്തില്‍ 18,257 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77% ആണ് ഇന്നലെ വരെ അടുത്ത രണ്ട് ദിവസങ്ങളില്‍ ഇത് 18 ആി ഉയര്‍ന്നേക്കാമെന്നാണ് അറിയുന്നത്.
സംസ്ഥാനത്ത് രാത്രി 9 മണിക്ക് ശേഷം യാതൊരുവിധ വ്യാപാര ഇടപാടുകളും നടക്കരുതെന്നും അനാവശ്യ സഞ്ചാരവും മറ്റും അനുവദിക്കരുതെന്നും എന്നും ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. പൊതുഗതാഗത മാര്‍ഗങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികാരികള്‍ അറിയിക്കുന്നതെങ്കിലും കെഎസ്ആര്‍ടിസി ഉള്‍പ്പെടെ അന്തര്‍ സംസ്ഥാന വാഹനങ്ങളെല്ലാം ഇപ്പോഴും നിറഞ്ഞ് തന്നെയാണ് സഞ്ചരിക്കുന്നത്. ചില മേഖലകളില്‍ മാത്രമാണ് ഇപ്പോഴും ആവശ്യത്തിന് ബസ്സുകളും ഉള്ളത്. തുണിക്കടകളിലും ജ്വല്ലറികളിലും ജനങ്ങള്‍ തിങ്ങി നിറയാനിടയുള്ള സ്ഥലങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Next Story