Begin typing your search above and press return to search.
ഡിജിറ്റല്‍ കാലത്തും കറന്‍സിയോട് പ്രിയം!
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുമ്പോഴും കറന്‍സി നോട്ടുകളുടെ പ്രചാരത്തിന് കുറവില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യം (Value) 7.8 ശതമാനവും അളവ് (Volume/എണ്ണം) 4.4 ശതമാനവും വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. അതേസമയം, 2021-22ല്‍ മൂല്യം 9.9 ശതമാനവും അളവ് 5 ശതമാനവും വര്‍ധിച്ചിരുന്നു.
മുന്നില്‍ 500 രൂപ നോട്ടുകള്‍
മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രചാരത്തിലുള്ള കറന്‍സികളില്‍ 87.9 ശതമാനവും 500 രൂപ, 2000 രൂപ നോട്ടുകളാണ്. മുന്‍ വര്‍ഷമിത് 87.1 ശതമാനമായിരുന്നു. 500 രൂപ നോട്ടുകളുടെ വിഹിതം കുത്തനെ വര്‍ധിച്ചു. പ്രചാരത്തിലുള്ള നോട്ടുകളില്‍ 37.9 ശതമാനവും 500 രൂപയുടേതാണ്. 500 രൂപയുടെ 5,16,338 ലക്ഷം നോട്ടുകള്‍ പ്രചാരത്തിലുണ്ട്. ഇവയുടെ മൂല്യം 25,81,690 കോടി രൂപയാണ്. 2022 മാർച്ചിൽ പ്രചാരത്തിലുണ്ടായുന്ന 500 രൂപ നോട്ടുകളുടെ എണ്ണം 4,55,468 ലക്ഷമായിരുന്നു.
10 രൂപ നോട്ടുകളാണ് പ്രചാരത്തില്‍ രണ്ടാം സ്ഥാനത്ത്. മൊത്തം പ്രചാരത്തിലുള്ള നോട്ടുകളുടെ 19.2 ശതമാനം വരുമിത്. 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ എണ്ണം 4,55,468 ലക്ഷമാണ്. മൊത്തം മൂല്യം 3,62,220 കോടി രൂപ വരും. എന്നാല്‍ പ്രചാരത്തിലുള്ള 2,000 രൂപകളുടെ എണ്ണം 2023 മാര്‍ച്ച് ആയപ്പോള്‍ 1.3 ശതമാനമായി കുറഞ്ഞു. തൊട്ടു മുന്‍വര്‍ഷമിത് 1.6 ശതമാനമായിരുന്നു. മൊത്തം കറൻസികളുടെ പ്രചാരത്തിൽ 2,000 രൂപ നോട്ടുകളുടെ മൂല്യ വിഹിതം 13.8 ശതമാനത്തില്‍ നിന്ന് 10.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ വരെയാണ് രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടാകുക.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഇ-റുപ്പികള്‍ അവതരിപ്പിച്ചിരുന്നു. പ്രചാരത്തിലുള്ള ഹോള്‍സെയില്‍ ഇ-റുപ്പികളുടെ മൂല്യം 10.69 കോടി രൂപയും റീറ്റെയ്ല്‍ ഇ-റുപ്പികളുടെ മൂല്യം 5.70 കോടി രൂപയുമായി.
വ്യാജനോട്ടുകള്‍ കൂടി
അതേ സമയം, വ്യാജനോട്ടുകളുടെ എണ്ണം ഇക്കാലയളവിൽ കാര്യമായി വര്‍ധിച്ചു. 20 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 8.4 ശതമാനവും 500 രൂപയുടെ വ്യാജ നോട്ടുകളില്‍ 14.4 ശതമാനവുമാണ് വര്‍ധന. 10 രൂപയുടെ വ്യാജനോട്ടുകളില്‍ 11.6 ശതമാനത്തിന്റെയും 100 രൂപയുടേതില്‍ 14.7 ശതമാനത്തിന്റെയും 2,000 രൂപയുടേതില്‍ 27.9 ശതമാനത്തിന്റെയും വര്‍ധനയുണ്ട്. കള്ളനോട്ടുകളില്‍ 4.6 ശതമാനം കണ്ടെത്തിയത് റിസര്‍വ് ബാങ്കും 95.4 ശതമാനം മറ്റ് ബാങ്കുകളുമാണ്.
കൂടാതെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപയുടെ 4,824 മുഷിഞ്ഞ നോട്ടുകള്‍ ആര്‍.ബി.ഐ ഒഴിവാക്കി. മുന്‍വര്‍ഷം 3,847 നോട്ടുകളാണ് ഒഴിവാക്കിയത്.
Next Story
Videos