ഈ വര്‍ഷം ആഭ്യന്തര കറന്റ് അക്കൗണ്ട് കമ്മി കുറയാന്‍ സാധ്യത

ആഭ്യന്തര കറന്റ് അക്കൗണ്ട് കമ്മി (CAD) 2023ല്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ജനുവരി ബുള്ളറ്റിന്‍ റിപ്പോര്‍ട്ട് ചെയ്തു. വളര്‍ന്നുവരുന്ന വിപണികള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളതായി കാണപ്പെടുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ചരക്ക് വ്യാപാര കമ്മി ഒരു പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 83.5 ശതകോടി ഡോളറിലെത്തി. ഇതോടെ 2023 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 4.4 ശതമാനമായി വര്‍ധിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ ഏകദേശം 3-3.2 ശതമാനമായി പ്രതീക്ഷിക്കുന്നതായി 2022 നവംബറില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.വി.അനന്ത നാഗേശ്വരന്‍ പറഞ്ഞിരുന്നു. ഇത് മുന്‍ വര്‍ഷത്തെ 1.2 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8 ശതമാനമായിരിക്കുമെന്ന് ആര്‍ബിഐ പറയുന്നു. 2023 ലെ ഏറ്റവും വലിയ അപകടസാധ്യതകള്‍ യുഎസ് ധനനയത്തില്‍ നിന്നും അമേരിക്കന്‍ കറന്‍സിയില്‍ നിന്നുമാണെന്ന് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഡിസംബറിലെ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.7 ശതമാനമായി കുറഞ്ഞു. ഇത് ആര്‍ബിഐയുടെ സഹനപരിധിയായ 2-6 ശതമാനത്തില്‍ തുടരുന്നു. എന്നാല്‍ പണപ്പെരുപ്പം 2022 മെയ് മുതല്‍ ഏകദേശം 6 ശതമാനത്തോളം ഉയര്‍ന്നതായി ലേഖനത്തില്‍ പറയുന്നു. അതേസമയം പണപ്പെരുപ്പം സഹനപരിധിയിലേക്ക് തിരികെ കൊണ്ടുവന്നതില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച്ച വച്ചതെന്ന് ലേഖനം പറയുന്നു. ഇത് 2024-ഓടെ പണപ്പെരുപ്പം 4 ശതമാനമാക്കുക എന്ന ലക്ഷ്യം കൈരവിക്കാന്‍ സഹായിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it