

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടത്തരക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. അവര്‍ നിശബ്ദമായി എല്ലാം സഹിക്കുകയാണ്. ദരിദ്ര വിഭാഗങ്ങള്‍ക്ക് റേഷന്‍ സബ്‌സിഡിയും ക്ഷേമ ആനുകൂല്യങ്ങളും അക്കൗണ്ടില്‍ പണവും ലഭിക്കുമ്പോള്‍ സമ്പന്നരാകട്ടെ നിക്ഷേപങ്ങളിലൂടെ സമ്പത്ത് വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഉയരുന്ന പണപ്പെരുപ്പം, സ്‌കൂള്‍, കോളെജ് ഫീസുകള്‍, ചികിത്സാ ചെലവുകള്‍, ഇന്ധന വില തുടങ്ങിയവയെല്ലാം മധ്യവര്‍ഗത്തെ വലിയ കടക്കെണിയിലാക്കിക്കൊണ്ടിരിക്കുന്നു. അവര്‍ ഉപഭോഗം നടത്തുന്നത് ഏറെയും വരുമാനത്തില്‍ നിന്നല്ല, കടം വാങ്ങിയാണ് ചെയ്യുന്നത്.
വിവിധ മേഖലകളില്‍ നിന്നുള്ള കണക്കുകളില്‍ നിന്ന് മധ്യവര്‍ഗത്തിന്റെ അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന സ്ഥിതി മനസിലാക്കാം.
* വരുമാന നികുതി സംബന്ധിച്ച വിവരങ്ങളില്‍ (Income Tax Data) നിന്ന് മനസിലാവുന്നത് ഇടത്തരക്കാരുടെ വാര്‍ഷിക വരുമാനം പത്ത് വര്‍ഷത്തിലേറെയായി ഏകദേശം 10.5 ലക്ഷം രൂപയില്‍ നില്‍ക്കുകയാണ്.
* മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് അഞ്ച് ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇന്ത്യക്കാരുടെ വരുമാനം കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി 0.4 ശതമാനം മാത്രമാണ് വളര്‍ന്നത്. അതേസമയം ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ 80 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
* അറ്റ ധനകാര്യ സമ്പാദ്യം (Net Financial Saving)) ജിഡിപിയുടെ 5.3 ശതമാനമായി കുറഞ്ഞു. അഞ്ച് ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
* ചെറുകിട വായ്പാ വിഭാഗത്തില്‍ പോലും തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണം കൂടുന്നു. 2023 ഡിസംബര്‍ മുതല്‍ 2024 പകുതി വരെ 10,000 രൂപയില്‍ താഴെയുള്ള തുകയില്‍ തിരിച്ചടവ് മുടക്കിയവരുടെ എണ്ണം 44 ശതമാനമാണെന്നത് കുടുംബങ്ങളുടെ അപകടകരമായ സാമ്പത്തിക സ്ഥിതി തുറന്നുകാട്ടുന്നു.
ഇതേസമയം സാമ്പത്തിക ആശങ്കകള്‍ മൂലം ഇടത്തരക്കാര്‍ അത്യാവശ്യ ചെലവുകളായ ചികിത്സ, വിദ്യാഭ്യാസം, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ വെട്ടിക്കുറയ്ക്കുകയാണ്. 33 ശതമാനം വായ്പകളും പലചരക്ക് സാധനങ്ങള്‍, ചികിത്സാ ചെലവുകള്‍, സ്‌കൂള്‍ ഫീസ് തുടങ്ങി അത്യാവശ്യ ചെലവുകള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലത്തില്‍ ഇന്ന് ഒരു ശരാശരി വ്യക്തിക്ക് ഒന്നും സമ്പാദിക്കാനാവുന്നില്ല. മറിച്ച് കടം വാങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുകയാണ്. അവരില്‍ ഭൂരിഭാഗവും ചെലവ് ചുരുക്കുകയാണ്.
ജനസംഖ്യയുടെ 31 ശതമാനം വരുന്ന ഇടത്തരക്കാരെ ആര് രക്ഷിക്കും? അവര്‍ക്ക് വേണ്ടി ആരാണ് സംസാരിക്കുക? മിക്ക ഇളവുകളും എടുത്തുകളഞ്ഞതിനാല്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആദായ നികുതി ഇളവുകള്‍ അവര്‍ക്ക് വലിയ പ്രയോജനം ഉണ്ടാക്കിയില്ല എന്നാണ് പൊതുവെ കരുതുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തില്‍ ശ്രദ്ധ മുഴുവന്‍ ദരിദ്രരിലും അതിസമ്പന്നരിലുമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിക്കുന്ന വിഭാഗം അവഗണിക്കപ്പെടുകയാണ്.
''സ്ഥിരം ജോലി, താങ്ങാവുന്ന ചികിത്സാ ചെലവുകള്‍, നിയന്ത്രിത വായ്പാ ലഭ്യത, മാനസികപിന്‍ബലം തുടങ്ങിയവ നല്‍കുന്ന തന്ത്രപരമായ നയ പരിഷ്‌കാരങ്ങളാണ് മധ്യവര്‍ഗത്തിന് ആവശ്യം,'' ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് പ്രൊഫസര്‍ ദീപാംശു മോഹന്‍ വാദിക്കുന്നു. ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
(ധനം മാഗസിന്‍ ജൂണ്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine