മന്ത്രി പി. രാജീവും സംഘവും ദാവോസിലേക്ക്, ലോക സാമ്പത്തിക ഫോറം കേരളത്തിന് പ്രധാനമാണോ?

ജനുവരി 19 മുതല്‍ 23 വരെയാണ് സാമ്പത്തിക ഫോറം സമ്മേളനം. കേരളം ഉത്തരവാദിത്വ നിക്ഷേപ ഇടമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ മന്ത്രി പി. രാജീവ് നയിക്കുന്ന ആറംഗ സംഘമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്
മന്ത്രി പി. രാജീവും സംഘവും ദാവോസിലേക്ക്, ലോക സാമ്പത്തിക ഫോറം കേരളത്തിന് പ്രധാനമാണോ?
world economic forum website
Published on

ലോക സാമ്പത്തിക ഫോറം (World Economic Forum) സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ സംഘടിപ്പിക്കുന്ന സമ്മേളനം പലപ്പോഴും ആഡംബര ചര്‍ച്ചകളുടെയും നെറ്റ്‌വര്‍ക്കിംഗിന്റെയും വേദിയെന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ വര്‍ഷം ദാവോസ് ഇന്ത്യയ്ക്ക് നല്‍കുന്ന പ്രാധാന്യം മുന്‍വര്‍ഷങ്ങളേക്കാള്‍ വ്യത്യസ്തമാണ്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ 'ഇന്ത്യാ സ്റ്റോറി' അവതരിപ്പിക്കുന്ന വേദി മാത്രമല്ല, ഒരു ഉത്തരവാദിത്ത നിക്ഷേപ മോഡലായി തങ്ങളെ അവതരിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവസരം കൂടിയാണ്.

പല പ്രധാന രാജ്യങ്ങളും വളര്‍ച്ചാമാന്ദ്യം, ഉയര്‍ന്ന പലിശനിരക്കുകള്‍, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുകയാണ്. ആഗോള നിക്ഷേപകര്‍ ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയോടെയാണ് മൂലധനം വിനിയോഗിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഒരു വലിയ വിപണി എന്നതിലുപരി, സ്ഥിരതയും നയതുടര്‍ച്ചയും ഉള്ള സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു.

സംസ്ഥാനങ്ങളുടെ നിക്ഷേപ വിശ്വാസ്യതയും പ്രധാനം

ദാവോസിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ് ആഗോള സപ്ലൈ ചെയിനുകളുടെ പുനഃക്രമീകരണം. കുറഞ്ഞ ചെലവ് മാത്രമല്ല ഇനി നിര്‍ണായകം. നിയമസ്ഥിരത, സുരക്ഷ, നയ വ്യക്തത എന്നിവയും കമ്പനികള്‍ നോക്കുന്നു. നിര്‍മാണം, ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍, പ്രതിരോധ ഉല്‍പാദനം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ ശ്രമങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയെ 'ബാക്കപ്പ് ഓപ്ഷന്‍' ആയി അല്ല, വലിയ സാധ്യതകളുള്ള ആഗോള നിര്‍മാണ കേന്ദ്രമായി അവതരിപ്പിക്കാനുള്ള അവസരമാണിത്.

മുന്‍പ് ഡാവോസ് പ്രധാനമായും രാജ്യങ്ങളുടെ ബ്രാന്‍ഡിംഗ് വേദിയായിരുന്നു. ഇപ്പോള്‍ നിക്ഷേപകര്‍ രാജ്യത്തിനുള്ളിലെ സംസ്ഥാനതല ഭരണനിലവാരം കൂടി വിലയിരുത്തുന്നു. ഒരു സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, നയ സ്ഥിരത, തൊഴില്‍ നൈപുണ്യം, പരിസ്ഥിതി മാനദണ്ഡങ്ങള്‍, അനുമതി സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് ഡാവോസില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് തങ്ങളുടെ വിശ്വാസ്യത തെളിയിക്കുന്ന വേദിയാണ്.

ഈ വര്‍ഷം ദാവോസില്‍ ശക്തമായി ഉയര്‍ന്നുവരുന്ന ആശയം ഉത്തരവാദിത്ത നിക്ഷേപ (responsible investment)മാണ്. പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം, ഭരണപരമായ സുതാര്യത എന്നിവ പാലിക്കാതെ ഇനി വലിയ മൂലധനം വരില്ല. നികുതി ഇളവുകളും ഭൂമി വാഗ്ദാനങ്ങളും മാത്രം മതിയാകാത്ത ഘട്ടമാണിത്. പുനരുപയോഗ ഊര്‍ജം, തൊഴില്‍ പരിശീലനം, നഗര സുസ്ഥിരത, ജല സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ സംസ്ഥാനങ്ങളുടെ നിക്ഷേപ കഥയില്‍ പ്രധാനം.

കേരളത്തില്‍ നിന്ന് ആറംഗ സംഘം

ജനുവരി 19 മുതല്‍ 23 വരെയാണ് സാമ്പത്തിക ഫോറം സമ്മേളനം. കേരളം ഉത്തരവാദിത്വ നിക്ഷേപ ഇടമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ മന്ത്രി പി. രാജീവ് നയിക്കുന്ന ആറംഗ സംഘമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്വം എന്നിവയെ സമന്വയിപ്പിച്ച ഹൈടെക് വ്യവസായ വളര്‍ച്ചയാണ് കേരളം ദാവോസില്‍ മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യ പവിലിയനില്‍ കേരളത്തിന് പ്രത്യേക ഇടം അനുവദിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി എ. ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ആഗോള നിക്ഷേപകരുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനും പുതിയ പങ്കാളിത്തങ്ങള്‍ രൂപപ്പെടുത്തുന്നതിനും കേരള സംഘം ശ്രമിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com