വിഷു കണി ഒരുക്കാന്‍ പ്ലാസ്റ്റിക്ക് കണിക്കൊന്ന, വിലയും തുച്ഛം

വിഷു അടുക്കുമ്പോള്‍ കണി ഒരുക്കാനുള്ള സാധനങ്ങള്‍ തേടി നെട്ടോട്ടമാണ്. കണിക്കൊന്ന ശേഖരിക്കാനാണ് ഏറ്റവും പ്രയാസം. ഗ്രാമ പ്രദേശങ്ങളില്‍ പോലും പഴയത് പോലെ കൊന്ന മരങ്ങളില്ല. വിഷുവിന് രണ്ട് ദിവസം മുന്‍പ് തന്നെ ഉള്ളതെല്ലാം ആരെങ്കിലും കൂട്ടമായി പറിച്ചു കൊണ്ട് പോകും. തലേ ദിവസം വലിയ വിലയാണ് റോഡരികിലെ കച്ചവടക്കാര്‍ ചോദിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ കണികൊന്ന പൂവ് ലഭിക്കാത്തവര്‍ക്ക് പ്ലാസ്റ്റിക്ക് കണിക്കൊന്ന കൊണ്ട് തൃപ്തി പെടാം. തിരുവനന്തപുരം, എറണാകുളം തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലാണ് കൂടുതല്‍ പ്ലാസ്റ്റിക്ക് കണിക്കൊന്ന പൂക്കള്‍ വിറ്റഴിയുന്നത്. മൂന്ന് തട്ടുകളിലായി പൂക്കളും 8 -10 ഇലകളും ഉള്ള ഒരു പിടി കണികൊന്ന 30 രൂപ മുതല്‍ ലഭിക്കും. ആറ് തട്ടുകള്‍ ഉള്ള വലിയ പിടി കണികൊന്നക്ക് 120 രൂപവരെ നല്‍കേണ്ടി വരും.

ഒപ്പം ആശങ്കയും!

മൂന്ന് നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിപണിയില്‍ പ്ലാസ്റ്റിക് പൂക്കള്‍ ലഭിച്ചിരുന്നെങ്കിലും സ്വീകാര്യത കുറവായിരുന്നു. ആചാര ലംഘനമാണെന്ന് പറഞ്ഞ് പലരും വാങ്ങിയിരുന്നില്ല. കൊച്ചിയിലെ ചില കച്ചവടക്കാര്‍ ആദ്യമായിട്ടാണ് ഈ വര്‍ഷം പ്ലാസ്റ്റിക്ക് പൂക്കള്‍ വില്‍ക്കുന്നതെന്ന് പറഞ്ഞു.

വാടില്ല, കൊഴിഞ്ഞു വീഴില്ല, വീണ്ടും ഉപയോഗിക്കാം എന്നി ഗുണങ്ങള്‍ പ്ലാസ്റ്റിക്ക് കണികൊന്നക്ക് ഉണ്ടെങ്കിലും ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞാല്‍ പ്ലാസ്റ്റിക്ക് മാലിന്യ പ്രശ്നം നേരിടുമെന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

Related Articles

Next Story

Videos

Share it