സെസുകളല്ല ഡെവലപ്‌മെന്റ് ഹബ്ബുകള്‍: ദേശ് ബില്‍, അറിയേണ്ട കാര്യങ്ങള്‍

ഇപ്പോള്‍ നടക്കുന്ന ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രം അവതരിപ്പിക്കുമെന്ന് കരുതുന്ന ഒന്നാണ് ഡെവലപ്‌മെന്റ് ഓഫ് എന്റെന്‍പ്രൈസ് ആന്‍ഡ് സര്‍വീസ് ഹബ്‌സ് ബില്‍ അഥവാ ദേശ് ബില്‍ (Desh Bill). 2005ലെ പ്രത്യേക സാമ്പത്തിക മേഖല ആക്ടിന് (SEZ Act ) പകരമായി ആണ് കേന്ദ്രം ദേശ് ബില്‍ അവതരിപ്പിക്കുന്നത്. പ്രത്യേക സാമ്പത്തിക മേഖലകളുടെ നിയന്ത്രണം ലോക വ്യാപാര സംഘടനയുടെ (WTO) നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാറ്റുകയാണ് ലക്ഷ്യം.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കവെ, നിലവിലുള്ള സെസ് ആക്ടിന് പകരം പുതിയ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. 2006ല്‍ ആണ് കയറ്റുമതി രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് കേന്ദ്രം പ്രത്യേക സാമ്പത്തിക മേഖലകള്‍ ആരംഭിച്ചത്. സെസ് ആക്ട് പ്രകാരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഇറക്കുമതി, കയറ്റുമതിയെക്കാള്‍ കൂടാന്‍ പാടില്ല (Positive Net Foreign Exchange) എന്നാണ് . അതുകൊണ്ട് സെസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം സബ്‌സിഡികളും നികുതി ഇളവുകളും അനുവദിച്ചിരിന്നു. എന്നാല്‍ ഈ ഇളവുകള്‍ ലോക വ്യാപാര സംഘടനയുമായി തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം ദേശ് ബില്‍ അവതരിപ്പിക്കുന്നത്.

കയറ്റുമതിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉല്‍പ്പാദനമാണ് സെസ് ആക്ട് ലക്ഷ്യമിട്ടതെങ്കില്‍ പുതിയ ദേശ് ബില്‍ തൊഴിലവസരങ്ങള്‍, ഗവേഷണം, മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയക്ക് കൂടി പ്രാധാന്യം നല്‍കുന്നതാവും എന്നാണ് വിവരം. സെസ് എന്ന പേരിന് പകരം മേഖകള്‍ ഡെവലപ്‌മെന്റ് ഹബ്ബ് എന്ന പേരിലാവും അറിയപ്പെടുക. കയറ്റുമതിക്കൊപ്പം ആഭ്യന്തര വിപണി ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപങ്ങള്‍ക്കും ഈ ഹബ്ബുകള്‍ പ്രധാന്യം നല്‍കും.

പോസിറ്റീവ് നെറ്റ് ഫോറിന്‍ എക്‌സ്‌ചേഞ്ചിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലും നേരിട്ടുള്ള നികുതി ആനുകൂല്യങ്ങളും പുതിയ ബില്ലിലൂടെ ഒഴിവാക്കപ്പെടും. സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്താന്‍ മാത്രമായിരിക്കും പോസിറ്റീവ് നെറ്റ് ഫോറിന്‍ എക്‌സ്‌ചേഞ്ചിനെ ഉപയോഗിക്കുക. ആധുനിക വ്യാവസായിക പാര്‍ക്കുകള്‍, സേവന-നിര്‍മാണ മേഖലകള്‍ക്ക് പ്രത്യേക ചട്ടക്കൂട്, ആഭ്യന്തര വിപണിയുമായുള്ള സംയോജനം, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍, ഏകജാലക സംവിധാനം തുടങ്ങിയവ ഡെവലപ്‌മെന്റ് ഹബ്ബുകളുടെ സവിശേഷതകള്‍ ആയിരിക്കും.

Related Articles

Next Story

Videos

Share it