നോട്ട് നിരോധനവും യു.പി.ഐയും ഏശിയില്ല; ഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായി

കാശ് തന്നെ രാജാവ്! ഡിജിറ്റല്‍ പണമിടപാടുകള്‍ അനുദിനം കൂടിയിട്ടും ഇന്ത്യയിലിപ്പോഴും കറന്‍സികള്‍ക്ക് തന്നെ പ്രിയം കൂടുതല്‍. 2016 നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് രാജ്യത്തോട് അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി 'നോട്ട് അസാധുവാക്കല്‍' (Demonetization) പ്രഖ്യാപിച്ചത്. പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളില്‍ 86 ശതമാനവും ഒറ്റരാത്രി കൊണ്ട് അസാധു!
500, 1000 രൂപാ നോട്ടുകളാണ് അന്ന് അര്‍ധരാത്രിക്ക് ശേഷം അസാധുവാക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. അഴിമതി, കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദ ഫണ്ടിംഗ്, കറന്‍സി നോട്ടുകളുടെ പൂഴ്ത്തിവയ്പ്പ്, സമാന്തര വിപണിപ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുകയായിരുന്നു മുഖ്യലക്ഷ്യം. ഇതോടൊപ്പം രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാരിന്റെ ഉന്നമായിരുന്നു.

കുറയുകയല്ല, ഇരട്ടിയായി

നോട്ട് അസാധുവാക്കലിന് പിന്നാലെ, ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വന്‍ സ്വീകാര്യതയുണ്ടായി. കറന്‍സി നോട്ടുകളുടെ പ്രചാരം കുറയുമെന്നും ഇത് നോട്ടുകളുടെ അച്ചടിച്ചെലവ് കുറയ്ക്കുമെന്നും സാമ്പത്തിക ലാഭമുണ്ടാകുമെന്നും റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും കണക്കുകൂട്ടി.
എന്നാല്‍, യു.പി.ഐക്ക് ദിനംപ്രതി സ്വീകാര്യത കിട്ടിയിട്ടും രാജ്യത്ത് കറന്‍സി ഉപയോഗം കുറയുകയല്ല ഇരട്ടിയായി കൂടുകയാണ് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നോട്ട് അസാധുവാക്കലിന് പിന്നാലെ അവതരിപ്പിച്ച 2,000 രൂപാനോട്ട് അടുത്തിടെ റിസര്‍വ് ബാങ്ക് പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നിട്ടും മൊത്തം കറന്‍സി പ്രചാരം രാജ്യത്ത് കൂടുകയാണുണ്ടായത്.

35.15 ലക്ഷം കോടി രൂപ

2016-17ല്‍ 13.35 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്ത് പ്രചാരത്തിലുള്ള കറന്‍സികളുടെ മൊത്തം മൂല്യം. 2024 മാര്‍ച്ചിലെ കണക്കുപ്രകാരം ഇത് ഇരട്ടിയോളമായി ഉയര്‍ന്ന് 35.15 ലക്ഷം കോടി രൂപയാണ്.
അതേസമയം, യു.പി.ഐക്കും പ്രചാരം കൂടിയിട്ടും കറന്‍സി ഉപയോഗം വര്‍ധിക്കുകയായിരുന്നു എന്നതാണ് കൗതുകം. 2020 മാര്‍ച്ചില്‍ 2.06 ലക്ഷം കോടി രൂപയായിരുന്നു യു.പി.ഐ വഴിയുള്ള പണമിടപാട് മൂല്യം. എന്‍.പി.സി.ഐയുടെ കണക്കുപ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മൂല്യം 19.78 ലക്ഷം കോടി രൂപയാണ്.
ഉത്സവകാലവും തിരഞ്ഞെടുപ്പുകളും
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സ്വീകാര്യത കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇന്ത്യയില്‍ കറന്‍സി പ്രചാരം കൂടുന്നത്? ഇതിനുള്ള ഉത്തരമായി റിസര്‍വ് ബാങ്ക് വിലയിരുത്തുന്നത് ഉത്സവകാലം, തിരഞ്ഞെടുപ്പുകള്‍ എന്നീ സാഹചര്യങ്ങളിലെ ആവശ്യകതയാണ്.
ഉത്സവകാലത്ത് പൊതുവേ കറന്‍സി നോട്ടുകളുടെ പ്രചാരം കൂടും. എ.ടി.എമ്മുകളില്‍ നിന്ന് നോട്ടുകള്‍ പിന്‍വലിക്കുന്ന പ്രവണത ഇക്കാലങ്ങളില്‍ ഉയരും. ലോക്‌സഭാ, നിയമസഭാ പോലെയുള്ള വന്‍ തിരഞ്ഞെടുപ്പുകള്‍ വരുന്നതും കറന്‍സി നോട്ടുകളുടെ ആവശ്യകത കൂട്ടും. കാര്‍ഷികമേഖലയില്‍ ഉണര്‍വുണ്ടാകുമ്പോള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടും. പൊതുവേ ഡിജിറ്റല്‍ പണമിടപാട് കുറവുള്ള ഗ്രാമങ്ങളിലും ഇതോടെ കറന്‍സിക്കായിരിക്കും പ്രിയം കൂടുതല്‍.

Related Articles

Next Story

Videos

Share it