
കേരളത്തിലെ ഹെല്‍ത്ത്‌കെയര്‍ രംഗത്തെ അവസരങ്ങളുടെയും സാധ്യതകളുടെയും വാതില്‍ തുറന്നിട്ട് ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റിന് കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. കേരളത്തിലെ ഹെല്‍ത്ത്‌കെയര്‍ മേഖലയ്ക്ക് വലിയ അവസരങ്ങളാണ് മുന്നിലുള്ളതെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരളയ്ക്കുശേഷം കേരളത്തിലേക്ക് ആഗോള നിക്ഷേപകരുടെ വലിയ ശ്രദ്ധയാണ് പതിയുന്നത്. മെഡിക്കല്‍ രംഗത്ത് കേരളത്തിന് ഭാവിയില്‍ കൂടുതല്‍ അവസരങ്ങളും പ്രാധാന്യവും കൈവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന ചടങ്ങില്‍ ഐ.എം.എ കൊച്ചിന്‍ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ആക്മെ കണ്‍സള്‍ട്ടിംഗ് എം.ഡി. ബി.ജി മേനോന്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരിധര്‍ ഗ്യാനി, മൈത്ര ഹോസ്പിറ്റല്‍ ജിജോ വി. ചെറിയാന്‍, ധനംബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
രാവിലെ പത്തിന് ആരംഭിച്ച സമ്മിറ്റില്‍ കേരളത്തിനകത്തും പുറത്തു നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഫറന്‍സ്, എക്സ്പോ, അവാര്‍ഡ് നൈറ്റ് എന്നിവ സമന്വയിക്കുന്ന സമ്മിറ്റ്, ഹെല്‍ത്ത്‌കെയര്‍ രംഗത്തെയും അനുബന്ധ മേഖലകളിലെയും മെഡിക്കല്‍ എക്യുപ്മെന്റ് മാനുഫാക്ചറിംഗ് തുടങ്ങി മറ്റനേകം രംഗങ്ങളിലെയും പ്രമുഖരെ നേരില്‍ കാണാനും അടുത്തിടപഴകാനും പുതിയ ബിസിനസ് സാധ്യതകള്‍ തുറന്നെടുക്കാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ഐഎംഎ കൊച്ചിനുമായുള്ള പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സമ്മിറ്റിന്റെ പ്രസന്റിംഗ് സ്പോണ്‍സര്‍ മെയ്ത്ര ഹോസ്പിറ്റലാണ്. ഫെഡറല്‍ ബാങ്കാണ് പ്ലാറ്റിനം പാര്‍ട്ണര്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹെല്‍ത്ത്കെയര്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുമ്പോള്‍ ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്കായി പ്രത്യേക സമാന്തര സെഷനും ഒരുക്കിയിട്ടുണ്ട്. ബയോഫാര്‍മ, ക്ലിനിക്കല്‍ ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് സമ്പൂര്‍ണ എഐ അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്ന രാജ്യാന്തര കമ്പനി തിങ്ക്ബയോ ഡോട്ട് എഐയുടെ മനോജ് കൃഷ്ണന്‍, ഡോ. രാജു റീ എന്നിവരാണ് ഈ സമാന്തര സെഷന്‍ നയിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine