ആര്‍ബിഐ ആക്ട് ഭേദഗതിക്ക് പിന്നാലെ ഡിജിറ്റല്‍ കറന്‍സി എത്തും ; ശക്തികാന്ത ദാസ്

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അടുത്ത സാമ്പത്തിക വര്‍ഷം തന്നെ എത്തുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എന്നാല്‍ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിന് കൃത്യമായ ഒരു സമയം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആര്‍ബിഐ ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ട്. കേന്ദ്രം ആക്ട് ഭേദഗഗി ചെയ്യുന്നതിന് പിന്നാലെ പരീക്ഷണാര്‍ത്ഥം സിബിഡിസി അവതരിപ്പിക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

സൈബര്‍ സെക്യൂരിറ്റി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ്. സിബിഡിസി ഒരു പുതിയ ഉല്‍പ്പന്നമാണ്. അഗോളതലത്തില്‍ തന്നെ കേന്ദ്ര ബാങ്കുകള്‍ വളരെ ശ്രദ്ധയോടെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതെന്നും റിസര്‍വ് ബാങ്ക ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി സിബിഡിസി അവതരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി.രബി ശങ്കര്‍ അറിയിച്ചു.
റിട്ടെയില്‍, ഹോള്‍സെയില്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ് റിസര്‍വ് ബാങ്ക് സിബിഡിസി അവതരിപ്പിക്കുക. റിട്ടെയില്‍ സിബിഡിസിയാണ് സാധാരണ കറന്‍സി പോലെ ഉപയോഗിക്കാന്‍ സാധിക്കുന്നവ. ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളാണ് ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുക. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന സിബിഡിസിയുടെ മറ്റെല്ലാ സവിശേഷതകളും ഇന്ത്യന്‍ രൂപയ്ക്ക് സമാനമായിരിക്കുമെന്നും രബി ശങ്കര്‍ വ്യക്തമാക്കി.
സിബിസിഡി അവതരിപ്പിക്കുന്നതിലൂടെ സാമ്പത്തിക ക്രമക്കേട് തടയാനും കൈമാറ്റച്ചെലവ് കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
നിലവിലുള്ള പ്രീപെയ്ഡ് ഡിജിറ്റല്‍ വൗച്ചറായ ഇ-റുപീയുടെ പരിധിയും റിസര്‍വ് ബാങ്ക് ഇന്നലെ നടന്ന വായ്പാനയ പ്രഖ്യാപനത്തില്‍ ഉയര്‍ത്തി. 10,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ആണ് ഇ-റുപി വൗച്ചറിന്റെ പരിധി ഉയര്‍ത്തിയത്. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് ഇ-റുപി വൗച്ചര്‍ അവതരിപ്പിച്ചത്.



Related Articles

Next Story

Videos

Share it