ഡിജിറ്റല്‍ ഗോള്‍ഡില്‍ കെണിയുണ്ട്! പല വില, മേല്‍നോട്ടത്തിന് ആരുമില്ല, പലവിധ നഷ്ടം... നിക്ഷേപകര്‍ ജാഗ്രതൈ!

ഇ.ടി.എഫ്, ബോണ്ട്, മ്യൂച്വല്‍ ഫണ്ട് എന്നിവ പോലെയല്ല ഡിജിറ്റല്‍ ഗോള്‍ഡ്. എന്തുകൊണ്ട്?
Gold
Image by Canva
Published on

ഡിജിറ്റല്‍ ഗോള്‍ഡാണെങ്കില്‍ കട്ടിസ്വര്‍ണമോ ആഭരണമോ സൂക്ഷിക്കുന്നതിന്റെ പൊല്ലാപ്പില്ല. ഡീമാറ്റ് അക്കൗണ്ട് വേണ്ട. ജുവലറിയില്‍ പോകേണ്ട. എത്ര കുറഞ്ഞ അളവിലും വാങ്ങാം; വില്‍ക്കാം. അങ്ങനെയെല്ലാം, സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് ഡിജിറ്റല്‍ ഗോള്‍ഡ് ജനപ്രിയമായത്. എന്നാല്‍ കട്ടി സ്വര്‍ണം, സ്വര്‍ണ ഇ.ടി.എഫ്. സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് എന്നിവ പോലെ സുരക്ഷിതവും സുതാര്യവുമല്ല ഡിജിറ്റല്‍ ഗോള്‍ഡ്. അപകടം പതിയിരിപ്പുണ്ട്. എന്തുകൊണ്ട്?

ആരുണ്ട് നിയന്ത്രിക്കാന്‍?

റിസര്‍വ് ബാങ്കിന്റെയോ ഓഹരി വിപണി നിയന്ത്രകരായ സെബിയുടെയോ നിരീക്ഷണത്തിന് കീഴില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വരുന്നില്ല. അതു തന്നെ ഈ നിക്ഷേപം അത്ര സുരക്ഷിതമല്ല എന്നതിന് തെളിവ്. ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടിന് ചെലവ് കൂടുതലുമാണ്. ഒരു ലക്ഷം രൂപക്ക് വാങ്ങിയാല്‍ മൂന്നു ശതമാനം (3,000) അപ്പോള്‍ തന്നെ ജി.എസ്.ടിയായി പോകും. ആദായത്തെ അത് ബാധിക്കുന്നു.

പല പ്ലാറ്റ്‌ഫോം, പല വില

ഡിജിറ്റല്‍ ഗോള്‍ഡ് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഓരോ പ്ലാറ്റ്‌ഫോമിലും ഓരോ വിലയാണ്. ഓരോന്നും അവരുടെ ചെലവും മറ്റും നോക്കി വില നിശ്ചയിക്കുന്നു. നിക്ഷേപകനാകട്ടെ, വാങ്ങുന്ന അതേ പ്ലാറ്റ്‌ഫോമില്‍ തന്നെ വില്‍ക്കണം. ആയിരക്കണക്കായ ഇടപാടുകാരുള്ള ഒരു എക്‌സ്‌ചേഞ്ചില്‍ വിലയുടെ സുതാര്യതയോടെ വ്യാപാരം നടത്തുന്നതില്‍ നിന്ന് വ്യത്യസ്തം. വലിയൊരു പ്രശ്‌നം വേറെയുണ്ട്. ഡിജിറ്റല്‍ രൂപത്തില്‍ വാങ്ങുന്ന സ്വര്‍ണം അതേ തൂക്കത്തില്‍ അതു വാങ്ങുന്ന പ്ലാറ്റ്‌ഫോം സൂക്ഷിച്ചിട്ടുണ്ട് എന്നതിന് എന്താണ് ഉറപ്പ്? നിരീക്ഷണ സംവിധാനമില്ലാത്തതു കൊണ്ട് വിശ്വാസ്യതയുടെ പ്രശ്‌നമുണ്ട്. ക്രമക്കേടിന്റെ സാധ്യത വളരെ കൂടുതല്‍. ഇ.ടി.എഫും ബോണ്ടും അങ്ങനെയല്ല.

ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

ശ്രദ്ധിച്ചിട്ടുണ്ടോ? സ്വര്‍ണത്തിന്റെ വിപണി വിലയും ഡിജിറ്റല്‍ ഗോള്‍ഡ് വില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളിലെ വിലയും ഒരുപോലെയല്ല. ഈ പ്ലാറ്റ്‌ഫോമുകളില്‍ തന്നെ കൊടുക്കുന്ന വിലയും വാങ്ങുന്ന വിലയും ഒരുപോലെയല്ല. ഒരേസമയത്താണെങ്കിലും വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണ് വില്‍ക്കുന്ന വില. അതായത് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്നു. കാര്യക്ഷമമായി ഇടപാടു നടക്കുന്ന ഒരു വിപണിയില്‍ അങ്ങനെ സംഭവിക്കില്ല. ശരിക്കും ഇതൊരു വിപണിയല്ല. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഇടയില്‍ ഒരു മറ സൃഷ്ടിക്കുകയാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ ചെയ്യുന്നത്. അതുവഴി നിക്ഷേപകരുടെയും വില്‍പനക്കാരുടെയും ആദായം ചോര്‍ത്തുന്നു. സ്വര്‍ണത്തിന്റെ വില വിപണിയില്‍ കൂടുതലാണെങ്കിലും ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിച്ചവര്‍ക്ക് നഷ്ടം നേരിടേണ്ടി വരുന്നു.

നിക്ഷേപകനെ പൂട്ടിയിടുന്ന വിധം

ലിക്വിഡിറ്റി അഥവാ പണലഭ്യതയിലുമുണ്ട് പ്രശ്‌നം. വാങ്ങിയ പ്ലാറ്റ്‌ഫോമില്‍ തന്നെ വേണം വില്‍ക്കാന്‍ -നിക്ഷേപകനെ പൂട്ടിയിട്ട മാതിരി. വാങ്ങുന്നിടത്തു തന്നെ വില്‍ക്കുന്നത് ഒരു വിധത്തില്‍ സൗകര്യമാണ്. പക്ഷേ, ധനപരമായി അപകടമുണ്ട്. നിങ്ങള്‍ വാങ്ങിയ സ്വര്‍ണം യഥാര്‍ഥത്തില്‍ ഉണ്ടെന്നും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നുമുള്ള ഉറപ്പ് വാങ്ങിയ പ്ലാറ്റ്‌ഫോമില്‍ നിന്ന് മാത്രമാണ് കിട്ടുന്നത്. അവരെ പൂര്‍ണമായും ആശ്രയിച്ചു നില്‍ക്കേണ്ടി വരുന്നു.

ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടുകാര്‍ എവിടെ നിന്നാണ് സ്വര്‍ണം വാങ്ങുന്നത്? ഇന്ത്യന്‍ ബുള്ള്യന്‍ ആന്റ് ജുവലേഴ്‌സ് അസോസിയേഷന്‍, എം.എം.ടി.സി, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. സംസ്‌കരിക്കുന്ന റിഫൈനറികളില്‍ നിന്നല്ല. അവരെ ആശ്രയിച്ചല്ല ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്. വില നിര്‍ണയത്തിലും അതു പ്രതിഫലിക്കുന്നു.

നിരീക്ഷണം വേണം, അത് പ്രധാനം

അതുകൊണ്ട്, എന്തു ചെയ്യണമെന്നല്ലേ? ഡിജിറ്റലായി സ്വര്‍ണത്തില്‍ നിക്ഷേപിക്കണമെങ്കില്‍ മേല്‍നോട്ട സംവിധാനം ഏകീകൃതമായ വിലയുമുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ പണം മുടക്കുക. ഇ.ടി.എഫ്, ബോണ്ട്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ ഉദാഹരണം. അവയുടെ കാര്യത്തില്‍ പരാതിപ്പെടാനും പരിഹരിക്കാനുമുള്ള വേദികളുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ഗോള്‍ഡിന്റെ കാര്യത്തില്‍ അതില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com