ശുഭദിനത്തില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു രൂപയ്ക്കു പോലും സ്വര്‍ണം വാങ്ങാം!

സ്വര്‍ണം വാങ്ങാന്‍ പറ്റുന്ന ശുഭദിനമായാണ് ഇന്നത്തെ ദിവസത്തെ പലരും കാണുന്നത്. ഉയര്‍ന്ന സ്വര്‍ണ വിലയും വരുമാനത്തിലെ കുറവും മൂലം സ്വര്‍ണം വാങ്ങാനുള്ള മോഹം നിങ്ങള്‍ ഉപേക്ഷിക്കുകയൊന്നും വേണ്ട. വെറും ഒരു രൂപയ്ക്ക് പോലും ഇപ്പോള്‍ സ്വര്‍ണം വാങ്ങാം. അതിനുള്ള അവസരമാണ് ഡിജിറ്റല്‍ ഗോള്‍ഡ് നല്‍കുന്നത്.

സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണകട്ടികള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് ഇടിഎഫുകള്‍, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. എന്നാല്‍ കോവിഡും ലോക്ക്ഡൗണും വന്നതോടെ രാജ്യത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള മറ്റൊരു മാര്‍ഗത്തിന് സ്വീകാര്യതയേറിയിരിക്കുകയാണ്. ഡിജിറ്റല്‍ ഗോള്‍ഡിന്.

ലോക്ക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടുകള്‍ രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്താണ് ഡിജിറ്റല്‍ ഗോള്‍ഡ്?

കോവിഡ് കാലത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിച്ചവര്‍ പോലും ജൂവല്‍റികള്‍ സന്ദര്‍ശിക്കാന്‍ ഭയക്കുന്നുണ്ട്. ഇതാണ് ഡിജിറ്റല്‍ ഗോള്‍ഡിന് സ്വീകാര്യത വര്‍ധിപ്പിച്ച ഒരു ഘടകം. ഡിജിറ്റല്‍ ഗോള്‍ഡ് ഓണ്‍ലൈനായി വാങ്ങാം. ഇങ്ങനെ വാങ്ങുന്ന സ്വര്‍ണം നിക്ഷേപകരുടെ പേരില്‍ സ്വര്‍ണം വിറ്റവര്‍ തന്നെ സൂക്ഷിക്കും. ഇന്റര്‍നെറ്റ് / മൊബീല്‍ ബാങ്കിംഗ് സേവനമുള്ള ആര്‍ക്കും എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം.

എങ്ങനെ വാങ്ങാം?

പേടിഎം, ഗൂഗ്ള്‍ പേ, ഫോണ്‍ പേ പോലുള്ള നിരവധി മൊബീല്‍ ഇ വാലറ്റുകളിലൂടെ നമുക്ക് ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാം. ബ്രോക്കിംഗ് കമ്പനികളായ മോത്തിലാല്‍ ഓസ്വാള്‍, എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് പോലുള്ളവ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

നിലവില്‍ മൂന്ന് കമ്പനികളാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ ഗോള്‍ഡ് ലഭ്യമാക്കുന്നത്.

1. Augmont Gold Ltd.

2. MMTC-PAMP India Pvt. Ltd (പൊതുമേഖലാ കമ്പനിയായ എംഎംടിസിയും സ്വിസ് സ്ഥാപനമായഎംകെഎസ് പിഎഎംപിയുടെയും സംയുക്ത സംരംഭമാണിത്)

3. ഡിജിറ്റല്‍ ഗോള്‍ഡ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് (സേഫ് ഗോള്‍ഡ്)

ഡിജിറ്റല്‍ ഗോള്‍ഡിനായി ഒരാള്‍ പണം നല്‍കുമ്പോള്‍, ആ പണത്തിന് തുല്യമായ തൂക്കത്തിന് ഫിസിക്കല്‍ ഗോള്‍ഡ് വാങ്ങി ഈ കമ്പനികള്‍ നിക്ഷേപകന്റെ പേരില്‍ തന്നെ സുരക്ഷിതമായ ലോക്കറില്‍ വെയ്ക്കും.

ഡിജിറ്റള്‍ ഗോള്‍ഡ് വാങ്ങാന്‍ എന്തുചെയ്യണം?

ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിന് അവസരമൊരുക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിച്ച് ലളിതമായ നടപടിക്രമത്തിലൂടെ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാം. നിശ്ചിത തൂക്കത്തിനോ അല്ലെങ്കില്‍ നിങ്ങളുടെ കൈയിലുള്ള തുകയ്‌ക്കോ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. എക്കൗണ്ടില്‍ നിന്നോ കാര്‍ഡില്‍ നിന്നോ ഇ വാലറ്റില്‍ നിന്നോ പണമടക്കാനുള്ള സൗകര്യമുണ്ട്.

നിങ്ങള്‍ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിയാല്‍ അത് നിങ്ങളുടെ പേരില്‍ സുരക്ഷിതമായി കമ്പനികള്‍ സൂക്ഷിക്കും. ആവശ്യമായ സമയത്ത് വിറ്റു പണമാക്കുകയും ചെയ്യാം. മാത്രമല്ല, സ്വര്‍ണം ഫിസിക്കല്‍ രൂപത്തില്‍ വേണമെങ്കില്‍ കമ്പനികള്‍ സുരക്ഷിതമായി നിങ്ങളുടെ വീട്ടില്‍ അത് എത്തിച്ചുതരും. ഡെലിവറി ഫീസ് ഉണ്ടായിരിക്കും.

ഒരു രൂപയ്ക്കും വാങ്ങാം!

ഡിജിറ്റല്‍ ഗോള്‍ഡിന്റെ മെച്ചങ്ങള്‍ ഇതൊക്കെയാണ്.

1. ഏറ്റവും കുറഞ്ഞത് ഒരു രൂപയ്ക്ക് പോലും സ്വര്‍ണം വാങ്ങാം.

2. നിങ്ങള്‍ വാങ്ങിയ സ്വര്‍ണം നാണയമായോ, സ്വര്‍ണ ബാറായോ വീട്ടുപടിക്കല്‍ ആവശ്യമുള്ള സമയത്ത് എത്തും.

3. ശുദ്ധമായ സ്വര്‍ണം ലഭിക്കും

4. 100 ശതമാനം സുരക്ഷിതമായി സൂക്ഷിക്കാം.

കോട്ടങ്ങള്‍

ചില പ്ലാറ്റ്‌ഫോമുകള്‍ പരമാവധി നിക്ഷേപപരിധി രണ്ടുലക്ഷമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. സെബി, ആര്‍ബിഐ പോലെ ഔദ്യോഗികമായ റെഗുലേറ്റര്‍ ഇക്കാര്യത്തിലില്ല. സ്വര്‍ണം വീട്ടിലെത്തിക്കാനും ആഭരണങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ പണിക്കൂലിയായും അധിക നിരക്ക് നല്‍കേണ്ടി വരും. ചില കമ്പനികള്‍ സ്വര്‍ണം സൂക്ഷിക്കാനുള്ള പിരിധിയും വെച്ചിട്ടുണ്ട്. അത് കഴിഞ്ഞാല്‍ നമ്മള്‍ ഫിസിക്കല്‍ ഗോള്‍ഡ് ഡെലിവറി എടുക്കുകയോ വില്‍ക്കുകയോ വേണം.

Related Articles
Next Story
Videos
Share it