ഫീസിളവും ശ്രീലങ്കയും തുണച്ചില്ല; കൊച്ചി തുറമുഖത്തെ കണ്ടെയ്‌നര്‍ നീക്കത്തില്‍ ഇടിവ്

കൂടുതല്‍ ചരക്കുകപ്പലുകളെ ആകര്‍ഷിക്കാന്‍ കൊച്ചി തുറമുഖ ട്രസ്റ്റ് 50 മുതല്‍ 95 ശതമാനം വരെ ഇളവ് നല്‍കിയിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കണ്ടെയ്‌നര്‍ നീക്കം ഇടിഞ്ഞു. ശ്രീലങ്കയിലെ ആഭ്യന്തര പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കൊളംബോ തുറമുഖത്ത് നിന്ന് കപ്പലുകളെ ആകര്‍ഷിക്കാമെന്ന മോഹവും ഫലംകണ്ടില്ല.

കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ (ഐ.സി.ടി.ടി) വഴിയുള്ള കണ്ടെയ്‌നര്‍ നീക്കം കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) 6.95 ലക്ഷം ടി.ഇ.യു (ട്വന്റിഫൂട്ട് ഇക്വിലന്റ് യൂണിറ്റ്) ആയാണ് ഇടിഞ്ഞത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് ടെര്‍മിനല്‍ വഴിയുള്ള കണ്ടെയ്‌നര്‍ നീക്കം ഇടിയുന്നത്. 2021-22ല്‍ ചരക്കുനീക്കം തൊട്ടുമുമ്പത്തെ വര്‍ഷത്തെ 6.20 ലക്ഷം ടി.ഇ.യുവില്‍ നിന്ന് 6.65 ശതമാനം വര്‍ദ്ധിച്ച് 7.35 ലക്ഷം ടി.ഇ.യുവില്‍ എത്തിയിരുന്നു. ഇത് റെക്കോഡായിരുന്നു. (ഒരു ടി.ഇ.യു എന്നത് 6.10 മീറ്റര്‍ നീളവും 2.44 മീറ്റര്‍ വീതിയും 2.59 മീറ്റര്‍ ഉയരവുമുള്ള ഒരു കണ്ടെയ്‌നറാണ്).
ഇടപാടുകാര്‍ റോഡിലേക്കും ട്രെയിനിലേക്കും
കൊവിഡ് കാലത്ത് ഏഴിരട്ടിവരെ ഉയര്‍ന്ന കണ്ടെയ്‌നര്‍ ഫീസ് ഷിപ്പിംഗ് കമ്പനികള്‍ കുറയ്ക്കാതിരുന്നതും കഴിഞ്ഞവര്‍ഷം ഇടപാടുകാരെ തുറമുഖത്ത് നിന്ന് അകറ്റി. കൊച്ചി തുറമുഖത്തെ ചരക്കുനീക്കത്തില്‍ 50 ശതമാനം തീരദേശ കേന്ദ്രീകൃതമാണ് (കോസ്റ്റല്‍ ഷിപ്പിംഗ്/ഇന്ത്യയിലെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ളത്).
കപ്പല്‍ വഴിയുള്ള ചരക്കുനീക്ക ഫീസ് ഉയര്‍ന്നതോടെ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അതിനേക്കാള്‍ താരതമ്യേന ചെലവ് കുറഞ്ഞ റെയില്‍, റോഡ് മാര്‍ഗത്തിലേക്ക് മാറിയത് കൊച്ചി തുറമുഖത്തിന് തിരിച്ചടിയായി.
ശ്രീലങ്കയിലെ ആഭ്യന്തര പ്രതിസന്ധിയെ തുടര്‍ന്ന് കൊളംബോ തുറമുഖത്ത് നിന്ന് നിരവധി കപ്പലുകളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ശ്രീലങ്കയിലെ പ്രതിസന്ധി അയഞ്ഞതോടെ അവിടെ നിന്ന് കൊച്ചിയിലേക്കുള്ള കപ്പലുകളുടെ എണ്ണവും കുറഞ്ഞു. ഇതും കഴിഞ്ഞ സാമ്പത്തികവര്‍ഷം കണ്ടെയ്‌നര്‍ നീക്കം ഇടിയാന്‍ വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍.
നടപ്പുവര്‍ഷം തിരിച്ചുകയറുമെന്ന് പ്രതീക്ഷ
നടപ്പുവര്‍ഷം (2023-24) കണ്ടെയ്‌നര്‍ നീക്കം നേട്ടത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പ്രതീക്ഷ. മെയിന്‍ലൈന്‍ കപ്പല്‍ സര്‍വീസുകള്‍ക്ക് (വിദേശത്തെ പ്രമുഖ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നവ) 95 ശതമാനം വരെ ഇളവ് തുറമുഖ ട്രസ്റ്റ് തുറമുഖ ഫീസിനത്തില്‍ നല്‍കുന്നുണ്ട്. തീരദേശ സര്‍വീസുകള്‍ക്ക് 50 ശതമാനത്തോളവും. പുതിയ നിരവധി കപ്പല്‍ സര്‍വീസുകളും ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇവര്‍ക്കും ഫീസിളവ് ഉറപ്പാക്കുമെന്നും തുറമുഖ ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. ഇത് നടപ്പുവര്‍ഷം ചരക്കുനീക്കം ഉയരാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

Related Articles

Next Story

Videos

Share it