അവഗണിക്കരുതേ ഈ സുചനകള്‍, ആത്മഹത്യാ സാധ്യത നേരത്തെ അറിയുക

ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവരില്‍ ഭൂരിപക്ഷവും നേരത്തെ തന്നെ അതിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും പ്രൊഫഷണല്‍ സഹായം തേടുകയും വേണമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ട ചില സൂചനകള്‍

$ പെട്ടെന്നുള്ള ഉള്‍വലിയല്‍

വളരെ ഊര്‍ജ്ജസ്വലരായവര്‍ പെട്ടെന്ന് സുഹൃത്തുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്ന് ഒറ്റയ്ക്ക് ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നത് ഡിപ്രഷന്റെ സൂചനയാകാം. ഡിപ്രഷന്‍ ആത്മഹത്യയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതകളേറെയാണ്.

$ വികാരപ്രകടനങ്ങള്‍

അമിതമായ ദുഖം, വികാരങ്ങള്‍ മാറിമറയുന്ന അവസ്ഥ, പെട്ടെന്നുള്ള പൊട്ടിത്തെറികള്‍... ഇതൊക്കെ ഇടക്കിടെ ഉണ്ടാകുന്നുവെങ്കില്‍ ആ വ്യക്തിക്ക് അല്‍പ്പം സ്വാന്തനമാകാം.

$ ആത്മഹത്യയെക്കുറിച്ചുള്ള സംസാരം

ആത്മഹത്യയെക്കുറിച്ചുള്ള സംസാരം, ആത്മഹത്യാരീതികളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തെരയുക, വിഷാദച്ചുവയുള്ള പാട്ടുകള്‍ സ്ഥിരമായി കേള്‍ക്കുക... എന്നിവയൊക്കെ ശ്രദ്ധിക്കണം. ആത്മഹത്യയെക്കുറിച്ചുള്ള എന്തെങ്കിലും തമാശകള്‍ പോലും അതിലേക്കുള്ള സൂചനയാകാം.

$ കുട്ടികളുടെ മനസ് കാണുക

വളരെ നിസാരമെന്ന് മുതിര്‍ന്നവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍പ്പോലും കുട്ടികളെ മനസിനെ തകര്‍ക്കുന്നവയായിരിക്കും. ക്ലാസ് ലീഡറാകാന്‍ കഴിയാത്തതിന് ബാലന്‍ ആത്മഹത്യ ചെയ്ത സംഭവം നമുക്ക് മറക്കാറായിട്ടില്ലല്ലോ. കുട്ടികളുടെ ചെറിയ ചെറിയ വിഷമങ്ങള്‍ക്കുപോലും കാതോര്‍ക്കുക.

$ പെട്ടെന്നുള്ള ശാന്തത

എന്തെങ്കിലും പ്രശ്‌നത്തില്‍പ്പെട്ട് കുറച്ചുനാളുകളായി ദുഖത്തിലായിരുന്ന ഒരാള്‍ പെട്ടെന്നൊരു ദിവസം സന്തോഷവാനും ശാന്തനുമായി കാണപ്പെടുന്നതും അപായസൂചനയാകാം. കാരണം വളരെ നാളത്തെ ഡിപ്രഷനുശേഷം ജീവിതം സ്വയമൊടുക്കാന്‍ തീരുമാനിച്ചവര്‍ ഇത്തരത്തില്‍ സന്തോഷവാന്മാരായി കാണപ്പെടാറുണ്ട്.

$ സ്വയം നശീകരണ പ്രവണത

ആരോഗ്യം നോക്കാതെയുള്ള മദ്യപാനം, അശ്രദ്ധമായ ഡ്രൈവിംഗ്, ഭാവിയെക്കുറിച്ച് ചിന്തിക്കാതെ വലിയ റിസ്‌കുകളെടുക്കുക... തുടങ്ങിവയൊക്കെ ആത്മഹത്യാസുചനയാകാം.

$ ജീവിതത്തില്‍ ഈയിടെയുണ്ടായ ആഘാതം

പ്രിയപ്പെട്ടവരുടെ മരണം, പെട്ടെന്നുണ്ടായ സാമ്പത്തികബാധ്യത, വിവാഹമോചനം, മാരകരോഗമുണ്ടെന്ന് തിരിച്ചറിയുന്നു.... തുടങ്ങിയ ദുരന്തങ്ങള്‍ ജീവിതത്തിലുണ്ടായവരെ ശ്രദ്ധിക്കുക. എപ്പോഴും കൂടെയുണ്ടാകുമെന്ന് അവര്‍ക്ക് ഉറപ്പുകൊടുക്കുക.

$ ചില ഒരുക്കങ്ങള്‍ നടത്തുന്നു

ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നവര്‍ അതിന്റെ ഭാഗമായി ചില ഒരുക്കങ്ങള്‍ നടത്താറുണ്ട്. ബിസിനസ് കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നു, ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നു, പ്രിയപ്പെട്ടവരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള നടപടികളെടുക്കുന്നു, വില്‍പ്പത്രം എഴുതുന്നു, വളരെ നാളുകളായി പിണക്കത്തിലായിരുന്നവരോട് അങ്ങോട്ടുപോയി സംസാരിക്കുന്നു, പതിവില്ലാത്ത വിധത്തില്‍ സ്വന്തം മുറി വൃത്തിയാക്കുന്നു... ഇവ ശ്രദ്ധിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it