കേരളത്തില്‍ ഡിസംബറില്‍ ആരംഭിച്ചത് 587 പുതിയ കമ്പനികള്‍

അടിസ്ഥാന സൗകര്യ ലഭ്യത, ധനകാര്യം, നികുതി ഘടന, തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നത്, വസ്തുവിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു സംസ്ഥാനം കമ്പനികള്‍ തുടങ്ങാന്‍ എത്രമാത്രം യോഗ്യമാണെന്ന് വിലയിരുത്തുന്നത്. ഇതെല്ലാം കണക്കാക്കുമ്പോള്‍ കേരളം എത്രമാത്രം യോഗ്യതയുള്ള സംസ്ഥാനമാണ്. എത്ര കമ്പനികള്‍ അടുത്തിടെ ഇവിടെ തുടങ്ങിയിട്ടുണ്ട്. കണക്കുകള്‍ നോക്കാം.

കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ 2022 ഡിസംബര്‍ 31 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ മൊത്തം 587 പുതിയ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ 500 ന് മുകളില്‍ പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത എഴ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. ഈ കണക്കുകള്‍ പ്രകാരം ഇക്കാലയളവില്‍ രാജ്യത്ത് മൊത്തം 16,072 പുതിയ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രാജ്യത്ത് ഇത്തരത്തില്‍ പുതിയ കമ്പനികളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവയാണ്. 18 ശതമാനത്തോടെ 2944 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് കൊണ്ട് മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 11 ശതമാനത്തോടെ 1784 പുതിയ കമ്പനികളുമായി ഉത്തര്‍പ്രദേശും 9.3 ശതമാനത്തോടെ 1501 കമ്പനികളുമായി ഡല്‍ഹിയും തൊട്ടുപിന്നിലുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളും ഇതില്‍ വേഗത കൈവരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടിലുണ്ട്.

ഇനി മൊത്തം രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം നോക്കിയാലോ. മന്ത്രാലയത്തിന്റെ 2022 ഡിസംബര്‍ 31 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 24,49,618 കമ്പനികളാണ് ഇന്ത്യയില്‍ മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 15,06,341 എണ്ണമാണ് സജീവമായിട്ടുള്ളത്. 8,95,289 കമ്പനികള്‍ അടച്ച് പൂട്ടിയിട്ടുണ്ട്. നമ്മുടെ കേരളത്തില്‍ മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികളുടെ എണ്ണം 74,008 ആണ്. അവയില്‍ 47,909 എണ്ണമാണ് ഇന്ന് സജീവമായിട്ടുള്ളത്.

മൊത്തത്തില്‍ ഈ സാമ്പത്തിക വര്‍ഷം ഏപ്രിലിനും ഡിസംബറിനുമിടയില്‍ 0.13 ദശലക്ഷത്തിലധികം കമ്പനികള്‍ സ്ഥാപിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 0.12 ദശലക്ഷം കമ്പനികളെ അപേക്ഷിച്ച് ഏകദേശം 5% കൂടുതലാണ്. ബിസിനസ് സേവനങ്ങള്‍, നിര്‍മ്മാണം, വ്യക്തിഗത- സാമൂഹിക സേവനങ്ങള്‍, ട്രേഡിംഗ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ വന്നത്.

2022 നവംബറിനെ അപേക്ഷിച്ച് 2022 ഡിസംബറില്‍ പുതിയ രജിസ്ട്രേഷനുകളുടെ എണ്ണത്തില്‍ മൊത്തത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായി. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ പുത്തന്‍ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നെതെന്ന് കാണാം. ഇത് നിരവധി നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ഒഴുകാന്‍ കാരണമാകും.

Related Articles

Next Story

Videos

Share it