

ഇന്ത്യ യുഎസുമായി വ്യാപാരക്കരാറുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് അമേരിക്കൻ പ്രസിഡന്റിന്റെ സന്തുഷ്ടനാക്കാൻ വേണ്ടിയാണെന്ന പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്.
ഇന്ത്യ 'ചുങ്കങ്ങളുടെ രാജാവാ'ണെന്നും ഹാർലി ഡേവിഡ്‌സൺ ബൈക്ക് അടക്കമുള്ളവക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവയാണ് ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു.
മെക്സിക്കോയും കാനഡയുമായി ചേർന്നുള്ള പുതിയ വാണിജ്യ കരാർ സംബന്ധിച്ച വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപ് ഇന്ത്യക്കെതിരെ പരാമർശങ്ങൾ ഉന്നയിച്ചത്.
ഇക്കാര്യം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടുണ്ടെന്നും തീരുവകൾ കുറക്കുന്ന കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതുവരെയുള്ള യുഎസ് ഭരണകൂടങ്ങൾ ഇക്കാര്യത്തെപ്പറ്റി ഇന്ത്യയുമായി ചർച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഹാർലി ഡേവിഡ്‌സൺ ബൈക്കിന് ഇന്ത്യ 100 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇത്രയും തീരുവ ചുമത്തിയാൽ ആരെങ്കിലും ഉൽപന്നം വാങ്ങുമോ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഉന്നയിച്ച ചോദ്യം.
ഇന്ത്യ ഈ നിലപാട് തുടർന്നാൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ യുഎസ് ഗണ്യമായി ഉയർത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം തുടരുന്നതിനിടക്കാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine