ഇന്ത്യയ്ക്കുളള വ്യാപാര മുന്‍ഗണന ജൂൺ 5 മുതൽ യുഎസ് നിർത്തലാക്കും
വ്യാപാര രംഗത്ത് ഇന്ത്യക്ക് യുഎസ് നൽകിവരുന്ന മുന്‍ഗണന പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദേശം ഇന്ത്യ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് നൽകുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രീഫറൻസസ് (GSP) ആണ് പിൻവലിക്കുക. ജിഎസ്‌പിയ്ക്ക് കീഴിൽ 5.6 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപന്നങ്ങളാണ് ഡ്യൂട്ടി-ഫ്രീ ആയി ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയിൽ നിലനിൽക്കുന്ന ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് പലതവണയായി ട്രംപ് ആവശ്യപ്പെട്ടിരുന്നു. ജിഎസ്‌പി പിൻവലിക്കുന്നത് സംബന്ധിച്ച യുഎസ് നയം ട്രംപ് മാർച്ചിൽ വ്യക്തമാക്കിയിരുന്നതാണ്.
വികസ്വര രാജ്യങ്ങൾക്കുള്ളതാണ് യുഎസിന്റെ മുന്‍ഗണനാപ്പട്ടിക. ഈ പട്ടികയിലുള്ള രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ അവരുടെ വിപണി അമേരിക്കൻ കമ്പനികൾക്കു തുറന്നു കൊടുക്കണം എന്നതാണ് വ്യവസ്ഥ.
ഇതിന്റെ ഫലം ഏറ്റവുമധികം നേടുന്ന രാജ്യമായിട്ടും ഇന്ത്യ യുഎസ് ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്നു എന്നതാണ് യുഎസ് ചൂണ്ടിക്കാട്ടുന്നത്.