
ഇന്ത്യയില്‍ വിദേശ നിക്ഷേപകര്‍ നേരിട്ടുവരുന്ന ചുവപ്പുനാടയുള്‍പ്പെടെയുള്ള തടസങ്ങളൊഴിവാക്കുന്നതിനു റിലേഷന്‍ഷിപ്പ് മാനേജര്‍മാരെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 500 മില്യണ്‍ ഡോളറില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറുള്ള എഫ്ഡിഐ നിക്ഷേപകര്‍ക്ക് ഒരു റിലേഷന്‍ഷിപ്പ് മാനേജരെ വീതം നല്‍കാനാണുദ്ദേശിക്കുന്നതെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി ഗുരുപ്രസാദ് മൊഹാപത്ര പറഞ്ഞു.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ തയ്യാറുള്ള നിരവധി വിദേശികള്‍ ഇവിടത്തെ ക്ലിയറന്‍സ് നടപടി ക്രമത്തെക്കുറിച്ച് നേരത്തെ പരാതിപ്പെട്ടിരുന്നുവെന്ന് മൊഹാപത്ര ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യയില്‍ എഫ്ഡിഐ വളര്‍ച്ച വളരെ മോശമാണ്. വ്യാവസായിക നയ, പ്രമോഷന്‍ വകുപ്പിന്റെ കണക്കനുസരിച്ച് 2015 സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനവും സാമ്പത്തിക തൊട്ടടുത്ത വര്‍ഷം 23 ശതമാനവും വളര്‍ച്ചയ്ക്ക് ശേഷം നിരക്ക് ഇരട്ട അക്കത്തില്‍ എത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വവും രൂപയുടെ ദൗര്‍ബല്യാവസ്ഥയും മൂലം എഫ്ഡിഐ വളര്‍ച്ചാ നിരക്ക് 2018 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ശതമാനം മാത്രമായി കുറഞ്ഞു. രാജ്യത്ത് എഫ്ഡിഐ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിരന്തരം നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.-അദ്ദേഹം അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine