പണപ്പെരുപ്പത്തിൽ നേരിയ ആശ്വാസം; വിലക്കയറ്റ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമത്

സാമ്പത്തിക വ്യവസ്ഥയുടെ അളവുകോലുകളായ രണ്ട് സുപ്രധാന സൂചികകളില്‍ ഇന്ന് ഇന്ത്യ രേഖപ്പെടുത്തിയത് മികവിന്റെ ഇരട്ട നേട്ടങ്ങള്‍. ഉപഭോക്തൃവില (റീറ്റെയ്ല്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation/CPI Inflation) കഴിഞ്ഞ മൂന്ന് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.10 ശതമാനത്തിലേക്ക് ജനുവരിയില്‍ കുറഞ്ഞതും വ്യാവസായിക ഉത്പാദന സൂചികയുടെ (IIP) വളര്‍ച്ച ഡിസംബറില്‍ 3.8 ശതമാനത്തിലേക്ക് മെച്ചപ്പെട്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇന്ന് പുറത്തുവന്നത്.
റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സാധരണക്കാര്‍ക്കും ബിസിനസ് ലോകത്തിനും ഒരുപോലെ ആശ്വാസമേകുന്നതാണ് പണപ്പെരുപ്പത്തിലുണ്ടായ കുറവ്. നവംബറില്‍ ഇത് 5.55 ശതമാനവും ഡിസംബറില്‍ 5.69 ശതമാനവുമായിരുന്നു,
ഗ്രാമങ്ങളിലെ പണപ്പെരുപ്പം ഡിസംബറിലെ 5.93 ശതമാനത്തില്‍ നിന്ന് 5.34 ശതമാനത്തിലേക്കും നഗരങ്ങളിലേത് 5.46 ശതമാനത്തില്‍ നിന്ന് 4.92 ശതനമാനത്തിലേക്കും കഴിഞ്ഞമാസം കുറഞ്ഞിട്ടുമുണ്ടെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഭക്ഷ്യ വിലപ്പെരുപ്പം കുറഞ്ഞു എന്നതാണ് മറ്റൊരു ആശ്വാസം. ഡിസംബറിലെ 9.53 ശതമാനത്തില്‍ നിന്ന് 8.30 ശതമാനത്തിലേക്കാണ് ഇത് ജനുവരിയില്‍ താഴ്ന്നത്. പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില കുറഞ്ഞത് വലിയ ആശ്വാസമായി. റിസര്‍വ് ബാങ്കിനെ ഏറ്റവും അലോസരപ്പെടുത്തിയിരുന്നത് ഭക്ഷ്യ വിലപ്പെരുപ്പം ആയിരുന്നു.
വ്യവസായത്തിലും ഉണര്‍വ്
സാമ്പത്തിക രംഗത്ത് ഉണര്‍വ് പ്രകടമാണെന്ന് വ്യക്തമാക്കി ഡിസംബറില്‍ വ്യാവസായിക ഉത്പാദന സൂചിക (IIP) നവംബറിലെ 2.4 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 3.8 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. അതേസമയം, കഴിഞ്ഞ ഒക്ടോബറില്‍ വളര്‍ച്ചാനിരക്ക് 11.7 ശതമാനമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ വളര്‍ച്ച മുന്‍വര്‍ഷത്തെ സമാനകാലത്തെ 5.5 ശതമാനത്തില്‍ നിന്ന് 6.1 ശതമാനത്തിലേക്ക് മെച്ചപ്പെട്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കി. മാനുഫാക്ചറിംഗ് മേഖലയുടെ പ്രകടനമാണ് ഇക്കുറി ഡിസംബറില്‍ വളര്‍ച്ച മെച്ചപ്പെടുത്താന്‍ സഹായകമായത്.
പലിശഭാരം എങ്ങോട്ട്?
റീറ്റെയ്ല്‍ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്കുകള്‍ പരിഷ്‌കരിക്കാറുള്ളത്. ഇത് ജനുവരിയില്‍ 5.10 ശതമാനത്തിലേക്ക് താഴ്ന്നത് ആശ്വാസമാണ്. റിസര്‍വ് ബാങ്കിന്റെ സഹനപരിധിയായ 2-6 ശതമാനത്തിനുള്ളിലാണ് പണപ്പെരുപ്പം തുടര്‍ച്ചയായി തുടരുന്നതും. ഭക്ഷ്യ വിലപ്പെരുപ്പം ജനുവരിയില്‍ കുറഞ്ഞതും നേട്ടമാണ്.
എന്നാല്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതിക്ക് (MPC) മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ വച്ചിട്ടുള്ളത് 4 ശതമാനത്തിലേക്ക് പണപ്പെരുപ്പം നിയന്ത്രിക്കണം എന്ന നിര്‍ദേശമാണ്. തുടര്‍ച്ചയായ 52-ാം മാസമാണ് ഈ 'ലക്ഷ്മണരേഖ'യ്ക്ക് മുകളില്‍ പണപ്പെരുപ്പം തുടരുന്നത്. അതായത്, പണപ്പെരുപ്പം കഴിഞ്ഞമാസം കുറഞ്ഞെങ്കിലും റിസര്‍വ് ബാങ്ക് അതിവേഗം പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത വിരളമാണ്. വരുംമാസങ്ങളിലെ പണപ്പെരുപ്പ കണക്കുകള്‍ കൂടി പരിശോധിച്ച ശേഷമാകും എം.പി.സി പലിശ കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
കേരളത്തില്‍ 4.04 ശതമാനം
ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയാണ് ജനുവരിയിലും കേരളത്തിലെ പണപ്പെരുപ്പം. മാത്രമല്ല, ഡല്‍ഹിക്കും (2.56%), മദ്ധ്യപ്രദേശിനും (3.93%) ശേഷം പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറവുള്ളതും കേരളത്തിലാണ്. ഡിസംബറിലെ 4.28 ശതമാനത്തില്‍ നിന്ന് 4.04 ശതമാനത്തിലേക്കാണ് കേരളത്തില്‍ കഴിഞ്ഞമാസം പണപ്പെരുപ്പം കുറഞ്ഞത്. നവംബറില്‍ ഇത് 4.80 ശതമാനമായിരുന്നു.
ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.21ല്‍ നിന്ന് 3.91 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.48 ശതമാനത്തില്‍ നിന്ന് 4.24 ശതമാനത്തിലേക്കും കഴിഞ്ഞമാസം കുറഞ്ഞിട്ടുമുണ്ട്. ഒഡീഷയിലാണ് പണപ്പെരുപ്പ നിരക്ക് ഏറ്റവും കൂടുതല്‍ (7.55%).
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it