ഡോ. ഷിംന അസീസ് പറയുന്നു, കോവിഡ് വാക്‌സിനേഷനില്‍ അന്ധവിശ്വാസവും ആവലാതിയും വേണ്ട

'കോവിഡ് വാക്‌സിനെടുത്താല്‍ കുട്ടികളുണ്ടാവില്ല.. ആര്‍ത്തവ സമയത്ത് പ്രതിരോധ ശേഷി കുറവായതിനാല്‍ സ്ത്രീകള്‍ ആ സമയങ്ങളില്‍ കോവിഡ് സ്വീകരിക്കരുത്'... നമ്മുടെ രാജ്യത്തും സംസ്ഥാനത്തും കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതിനിടെ പലരും സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും പ്രചരിപ്പിക്കുന്ന കാര്യങ്ങളാണിത്. ഒരു ഭാഗത്ത് വാക്‌സിനേഷന്‍ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇതില്‍ സംശയമുന്നയിച്ച് മാറി നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അന്ധവിശ്വാസങ്ങളും ആവലാതികളും വേണ്ടെന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ധയും ഡോക്ടറുമായ ഷിംന അസീസ് പറയുന്നത്.

അന്ധവിശ്വാസങ്ങളും ആശങ്കയും വേണ്ട
നിലവില്‍ നമുക്ക് മുന്നില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാര്‍ഗമാണ് കോവിഡ് വാക്‌സിന്‍. അതുകൊണ്ട് തന്നെ ഇനിയും കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ സംശയിച്ചുനില്‍ക്കരുത്. ആദ്യഘട്ടത്തില്‍ പലരും ഇങ്ങനെ സംശയിച്ചു നിന്നതിന്റെ ഫലമായാണ് ഇപ്പോള്‍ എല്ലാവരും വാക്‌സിന്‍ കിട്ടാന്‍ തിരക്ക് കൂട്ടി വാക്‌സിന്‍ ക്ഷാമം പോലും രൂക്ഷമാകാന്‍ കാരണം. ഇപ്പോൾ രോഗം വ്യാപകമായതോടെ പലയിടങ്ങളിലും ആളുകളൊക്കെ വാക്‌സിന്‍ ലഭ്യമാകാന്‍ വേണ്ടി തള്ളിക്കയറുകയാണ്. നിലവില്‍ ആകെയുള്ളൊരു രക്ഷാമാര്‍ഗം തന്നെ വാക്‌സിനുകളാണ്. അതുകൊണ്ട് തന്നെ കിട്ടുന്ന മുറയ്ക്ക് തന്നെ എടുക്കുക.
വലിയൊരു ഔട്ട്‌ബ്രേക്കിന് കാത്തുനില്‍ക്കരുതേ
ഉത്തരേന്ത്യയിലുണ്ടായത് പോലെ വാക്‌സിനെടുക്കാന്‍ വലിയൊരു ഔട്ട്‌ബ്രേക്കിന് ആരും കാത്തുനില്‍ക്കരുത്. നിലവില്‍ കേരളത്തിൽ ഓക്സിജൻ ക്ഷാമമില്ല. പക്ഷേ, വലിയൊരു ഔട്ട്‌ബ്രേക്കുണ്ടായാല്‍ കേരളത്തിനും പരിമിതികളുണ്ട്. ആരോഗ്യമേഖലയ്ക്ക് പോലും പിടിച്ച് നില്‍ക്കാനാവില്ല.
നേരെ മറിച്ച് വാക്‌സിനെടുക്കുകയാണെങ്കില്‍ കോവിഡ് വന്നാല്‍ പോലും അത് സാരമായി ബാധിക്കാനുള്ള സാധ്യതയില്ല. ജീവന്‍ രക്ഷപ്പെടും. രോഗം ഗുരുതരമാകുന്ന സാഹചര്യമുണ്ടാവില്ല. അതുകൊണ്ട് തന്നെ സ്വന്തം ആരോഗ്യവും കൂടെ, സ്വന്തം കുടുംബത്തിന്റെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം എന്നിവ തിരിച്ചറിഞ്ഞ് വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.
സംശയം വേണ്ട, പാര്‍ശ്വഫലങ്ങളില്ല
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ പാര്‍ശ്വഫലങ്ങളുണ്ടാകുമോ എന്ന ആശങ്ക വേണ്ടെന്നാണ് ഡോ. ഷിംന അസീസ് പറയുന്നത്. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഇതുവരെ സാരമായ പാര്‍ശ്വഫലങ്ങളുണ്ടായതായി കാണുന്നില്ല. കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് ശേഷം അഡ്വേഴ്‌സ് ഇവന്റ് ഫോളോവിംഗ് ഇമ്മ്യൂണൈസേഷന്‍ കാരണം മരണപ്പെട്ടവരുടെ എണ്ണം അത്രമേല്‍ ചുരുക്കമാണ്. അവര്‍ക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. നമ്മുടെ പലര്‍ക്കും ഇത്തരത്തില്‍ നാം അറിയാത്ത രോഗങ്ങളുണ്ടായിരിക്കും (ഹിഡന്‍ കോമോര്‍ബിഡിറ്റീസ്). ഇങ്ങനെയുള്ളവര്‍ക്ക് കോവിഡ് വന്നാല്‍ പോലും മരണം സംഭവിക്കും. പ്രത്യക്ഷത്തില്‍ രോഗങ്ങളൊന്നുമില്ലാത്ത ചെറു പ്രായക്കാര്‍ പോലും കോവിഡ് ബാധിച്ച് മരണപ്പെടാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്. വാക്‌സിനെടുത്താല്‍ ചുരുങ്ങിയത് കോവിഡ് ബാധിച്ച് മരിക്കാത്ത സാധ്യതയെങ്കിലുമുണ്ടാകുമെന്ന് ഡോ. ഷിംന അസീസ് പറയുന്നു.
അതുപോലെ ഏത് വാക്‌സിന്‍ എടുക്കുമ്പോഴും പലരും പറയുന്ന കാര്യമാണ്, കുട്ടികളുണ്ടാവില്ല എന്നത്. ഇത് തീര്‍ത്തും അടിസ്ഥാനവിരുദ്ധമാണെന്നും ഡോ. ഷിംന അസീസ് പറയുന്നു.
രണ്ട് ഡോസ് സ്വീകരിച്ചാലും കോവിഡ് വരുമോ ?
കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചാലും 30 ശതമാനം പേര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കോവിഡ് വാക്‌സിനെടുത്ത പ്രതിരോധമുള്ള ഒരു വ്യക്തിയാണെങ്കില്‍ അവര്‍ക്ക് കോവിഡ് വന്നാല്‍ അതിന്റെ രോഗതീവ്രത കുറവായിരിക്കും.
മ്യൂട്ടേഷന്‍ വന്ന വൈറസുകളെ പ്രതിരോധിക്കുമോ?
നിലവിലുള്ള ഇന്ത്യന്‍ കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വാക്‌സിനുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, മെഡിക്കല്‍ സയന്‍സ് രംഗം ഈ കാര്യത്തില്‍ തുടര്‍ച്ചയായി മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തിവരുന്നുണ്ട്.
മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാമോ?
നിലവില്‍ ഗര്‍ഭിണികളിലോ മുലയൂട്ടുന്നവരിലോ വാക്‌സിന്‍ ട്രയലുകള്‍ കാര്യമായി നടന്നിട്ടില്ല എന്നത് കൊണ്ട് ഇന്ത്യയില്‍ ലഭ്യമായ രണ്ട് വാക്‌സിനുകളും ഇവര്‍ക്ക് നല്‍കാനാവില്ല. രോഗം വരാനുള്ള സാധ്യത അത്രയേറെ കൂടുതലുള്ളവര്‍ക്ക്( ഉദാഹരണത്തിന്, ആരോഗ്യപ്രവര്‍ത്തകയായ അമ്മ) ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം വാക്‌സിനേഷന്‍ പരിഗണിക്കാം. വിദേശത്ത് ലഭ്യമായ ചില വാക്‌സിനുകള്‍ മുലയൂട്ടുന്നവര്‍ക്കും ലഭ്യമാക്കുന്നുണ്ട്. നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം വേണ്ടത് ചെയ്യുക.
വാക്‌സിനേഷന്‍ ലഭിച്ച് മൂന്ന് മാസത്തേക്ക് ഗര്‍ഭധാരണം നീട്ടി വെക്കണമെന്ന് പറയുന്നതും ഇത്തരത്തില്‍ ഒരു മുന്‍കരുതലാണ്.
കൂടാതെ ആര്‍ത്തവ സമയത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്‌സിനേഷന്‍ എടുക്കരുതെന്ന പ്രചാരണവുമുണ്ട്. ഇത് തീര്‍ത്തും വാസ്തവവിരുദ്ധമാണ്.
അലര്‍ജി ഉള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ പറ്റുമോ?
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഏതെങ്കിലും തരം വാക്‌സിനുകള്‍, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയോട് സാരമായ അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ പാടില്ല എന്നാണ്. അതില്‍ തന്നെ, അപൂര്‍വ്വമാണെങ്കില്‍ പോലും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ രണ്ടാമത് ഡോസ് എടുക്കരുത്.
അലര്‍ജി എന്നത് ചില വസ്തുക്കളോട് ശരീരം അമിതമായി പ്രതികരിച്ച് തൊലിപ്പുറത്ത് വരുന്ന നേരിയ ചൊറിച്ചില്‍ മുതല്‍ ശ്വസനനാളം മുഴുവനായി അടഞ്ഞ് അപകടകരമാം വിധം ബിപി കുറഞ്ഞ് ബോധം നഷ്ടപ്പെട്ട് മരണം വരെ സംഭവിക്കാവുന്ന ആനഫൈലാക്‌സിസ് വരെ എന്തുമാവാം.
നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും അവഗണിക്കാവുന്ന ചെറിയ തോതിലുള്ള അലര്‍ജികളേക്കാള്‍ പ്രധാനം കൊറോണ വന്നു മരിക്കാതിരിക്കുക എന്നത് തന്നെയാണ്. റിസ്‌ക് ബെനിഫിറ്റ് (RISK V/S BENEFIT R-ATIO) നോക്കുകയാണെങ്കില്‍ ഇവിടത്തെ റിസ്‌ക് കോവിഡ് രോഗം ബാധിച്ചു അതിന്റെ സഹനമോ മരണമോ വരുന്നതും എതിര്‍വശത്ത് ഉള്ളത് അലര്‍ജിയുമാണ്.
ഇങ്ങനെയൊരു അവസരത്തില്‍ അലര്‍ജി ഉള്ള വ്യക്തിക്ക് വാക്‌സിന്‍ എടുക്കണമെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം തേടുന്നതാകും നല്ലത്. അദ്ദേഹം ഉറപ്പ് തന്നാല്‍ നിങ്ങള്‍ക്ക് ധൈര്യമായി വാക്‌സിനെടുക്കാം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം എന്നത് കൊണ്ട് ഫോണ്‍ വഴിയോ മറ്റോ ചോദിക്കുന്നതാകും സുരക്ഷിതം എന്നത് കൂടി ഓര്‍മ്മിപ്പിക്കുന്നു.
ഇനി ഈ കടമ്പയെല്ലാം കടന്നു പോയി വാക്‌സിന്‍ എടുത്തു, അപ്പോള്‍ എന്തെങ്കിലും അപ്രതീക്ഷിത ബുദ്ധിമുട്ട് വന്നാലോ?അങ്ങനെയൊരു സാധ്യത തീരെ കുറവാണ്. ഇനി അഥവാ അത്തരത്തില്‍ ഒരു പ്രശ്‌നം വന്നാല്‍ ഉടന്‍ ഉപയോഗിക്കേണ്ട ജീവരക്ഷക്ക് വേണ്ടിയുള്ള അഡ്രിനാലിന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന മരുന്നുകളും എമര്‍ജന്‍സി സിറ്റ്വേഷന്‍ മാനേജ് ചെയ്യാന്‍ തക്ക പരിശീലനം ലഭിച്ച സ്റ്റാഫും ഓരോ വാക്‌സിനേഷന്‍ സെന്ററിലും ഉണ്ട്. ഇതുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും ഇവിടെ ഉണ്ട്.
പ്രതിരോധം തന്നെയാണ് പ്രതിവിധി
കോവിഡ് വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇത് വൈറസിന്റെ ജീവിതചക്രത്തിന്റെ ഒരു ഭാഗമാണ്. അതേക്കുറിച്ച് ആധി പിടിക്കുന്നതിന് പകരം ഇതിനെതിരേ പ്രതിരോധം നേടുന്നതാണ് പ്രതിവിധി. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, നിര്‍ദേശിച്ചത് പോലെ വാക്‌സിനുകള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.




Related Articles
Next Story
Videos
Share it