ജോലി ചെയ്യാനും പണമുണ്ടാക്കാനും ലണ്ടന്‍ തന്നെ ബെസ്റ്റ്; പിന്നെ ദുബൈയും

ഇന്ത്യന്‍ നഗരങ്ങള്‍ പട്ടികയിലില്ല; അബുദബിക്ക് 25-ാം സ്ഥാനം, റിയാദും ദോഹയും പട്ടികയില്‍
London, Dubai
Image : Canva
Published on

ലോകത്ത് 2024ല്‍ ജീവിക്കാനും ജോലി ചെയ്യാനും സമ്പല്‍സമൃദ്ധി നേടാനും ഏറ്റവും അനുയോജ്യമായ 100 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടന്‍. പ്രവാസി മലയാളികളുടെ പറുദീസയായ യു.എ.ഇയിലെ ദുബൈയാണ് രണ്ടാമത്. ഗവേഷണ സ്ഥാപനമായ റെസൊണന്‍സാണ് 'വേള്‍ഡ്‌സ് ബെസ്റ്റ് സിറ്റീസ്' റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങളൊന്നും ഇടംപിടിച്ചിട്ടില്ല. ആദ്യ പത്തില്‍ ഏഷ്യയില്‍ നിന്ന് ടോക്കിയോ (ജപ്പാന്‍) നാലാംസ്ഥാനത്തും സിംഗപ്പൂര്‍ സിറ്റി (സിംഗപ്പൂര്‍) അഞ്ചാം സ്ഥാനത്തും സിയോള്‍ (ദക്ഷിണ കൊറിയ) പത്താംസ്ഥാനത്തുമുണ്ട്.

പാരീസ് രണ്ടാമത്

പട്ടികയില്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസാണ് രണ്ടാമത്. അമേരിക്കന്‍ നഗരങ്ങളായ ന്യൂയോര്‍ക്ക് മൂന്നാമതും സാന്‍ ഫ്രാന്‍സിസ്‌കോ ഏഴാമതുമാണ്. സ്‌പെയിനിലെ ബാഴ്‌സലോണ എട്ടാംസ്ഥാനം നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം ഒമ്പതാംസ്ഥാനം സ്വന്തമാക്കി.

ജീവിതസൗകര്യം, സാമ്പത്തിക അഭിവൃദ്ധി എന്നിവയ്ക്ക് പുറമേ നടക്കാനും വിനോദത്തിനും മാനസികോല്ലാസത്തിനുമുള്ള സൗകര്യങ്ങള്‍, നൈറ്റ്‌ലൈഫ്, ഷോപ്പിംഗ്, റെസ്റ്റോറന്റ്, എയര്‍പോര്‍ട്ട് കണക്റ്റിവിറ്റി, വിദ്യാഭ്യാസം, മാനവവിഭവശേഷി, ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ സാന്നിദ്ധ്യം, സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് റെസൊണന്‍സ് പട്ടിക തയ്യാറാക്കിയത്.

റിയാദും ദോഹയും

പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഒറ്റ നഗരം പോലുമില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട നിരവധി നഗരങ്ങളുണ്ട്. യു.എ.ഇയിലെ അബുദബി 25-ാം സ്ഥാനത്തും സൗദി അറേബ്യയിലെ റിയാദ് 28-ാംസ്ഥാനത്തുമാണ്.

36-ാം സ്ഥാനത്താണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹ. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക് 39-ാം സ്ഥാനത്താണ്. കാനഡയിലെ വാന്‍കൂവര്‍ 50-ാം സ്ഥാനം നേടി. 58-ാം സ്ഥാനത്താണ് കുവൈറ്റ് സിറ്റി. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് 18-ാം സ്ഥാനത്തുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com