സാമ്പത്തിക വളര്‍ച്ച 2024: ഇന്ത്യ അത്ര തിളങ്ങില്ലെന്ന് മൂഡീസ്; പൊളിയുന്നത് കേന്ദ്രത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും പ്രവചനങ്ങളോ

കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും പ്രധാന റേറ്റിംഗ് ഏജന്‍സികളും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇക്കൊല്ലം 7 ശതമാനത്തില്‍ കുറയില്ലെന്ന് പ്രവചിക്കുമ്പോള്‍, ഇന്ത്യക്ക് അത്ര തിളക്കമുണ്ടാവില്ലെന്ന വിലയിരുത്തലുമായി പ്രമുഖ റേറ്റിംഗ് സ്ഥാപനമായ മൂഡീസ്. 2023ല്‍ ഇന്ത്യ 7.7 ശതമാനം വളര്‍ച്ച നേടിയിരുന്നു. എന്നാല്‍, 2024ല്‍ വളര്‍ച്ചാനിരക്ക് 6.1 ശതമാനമായിരിക്കുമെന്നാണ് മൂഡീസ് പറയുന്നത്.

ജി20 സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് മുമ്പ് മൂഡീസ് അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് മൂഡീസ് 2024ലെ വളര്‍ച്ചാപ്രതീക്ഷ മാര്‍ച്ചില്‍ 6.8 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇതിൽ നിന്നാണ് ഇപ്പോള്‍ വളർച്ചാ നിരക്ക് കുറച്ചിരിക്കുന്നത്.

മെച്ചപ്പെട്ട വളര്‍ച്ചയെന്ന് മറ്റുള്ളവര്‍

ഇന്ത്യ അതിവേഗ വളര്‍ച്ചയിലാണെന്നാണ് കേന്ദ്രത്തിന്റെ വാദം. റിസര്‍വ് ബാങ്കിന്റെ പ്രവചനം അനുസരിച്ച് 2024ല്‍ 7 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും (ADB) ഇന്ത്യക്ക് പ്രവചിച്ചത് നല്ല ഭാവി തന്നെ. ഇന്ത്യയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാപ്രതീക്ഷ എ.ഡി.ബിയും ഉയര്‍ത്തിയിരുന്നു. ആദ്യം വിലയിരുത്തിയ 6.7 ശതമാനത്തില്‍ നിന്ന് 7 ശതമാനത്തിലേക്ക്.

റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ 6.8 ശതമാനവും അന്താരാഷ്ട്ര നാണ്യ നിധി 6.8 ശതമാനവുമാണ് ഇക്കലായളവിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ഇക്കൊല്ലത്തെ വളര്‍ച്ചാ നിരക്ക് 7 ശതമാനത്തില്‍ കുറയില്ലെന്ന് പലരും പ്രവചിക്കുന്നതിനിടെയാണ് 6.1 ശതമാനത്തിലേക്ക് മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴ്ത്തിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റലൈസേഷന്‍, സാമ്പത്തിക വ്യവസ്ഥയുടെ നവീകരണം എന്നിവയിലൂടെ കൊവിഡിന്റെ ആഘാതത്തെ മറികടന്ന് വളര്‍ച്ച നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ 2024ല്‍ അത്രയും ശക്തമായൊരു വളര്‍ച്ചയോ കടത്തില്‍ കാര്യമായ കുറവോ പ്രതീക്ഷിക്കുന്നില്ലെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു.

Related Articles
Next Story
Videos
Share it