ജര്‍മനിയിലെ മാന്ദ്യം, ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് ഭീഷണി
ജര്‍മനിയിലെ സാമ്പത്തിക മാന്ദ്യം രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയാകും. ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജര്‍മനി പ്രതിസന്ധിയിലാകുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള മൊത്തം കയറ്റുമതിയേയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത കുറച്ചു വര്‍ഷങ്ങളായാണ് ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേക്കുള്ള കയറ്റുമതിയില്‍ ഗണ്യമായ വര്‍ധന കണ്ടുതുടങ്ങുന്നത്. 2018-19 നു ശേഷം ജര്‍മനിയിലേക്കുള്ള കയറ്റുമതിയില്‍ 14 ശതമാനം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. രാസവസ്തുക്കള്‍, യന്ത്രസാമഗ്രികള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയയാണ് പ്രധാനമായും ജര്‍മനിയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്.
പത്തുവര്‍ഷത്തില്‍ കയറ്റുമതി 39 ശതമാനം ഉയര്‍ന്നു
കഴിഞ്ഞ പത്തു വര്‍ഷമായി ജര്‍മനിയിലേക്കുള്ള കയറ്റുമതി അതിവേഗം ഉയരുന്നുണ്ട്. 2012-13 വര്‍ഷത്തില്‍ 720 കോടി ഡോളറായിരുന്ന കയറ്റുമതി 2022-23 ല്‍ 39.9 ശതമാനം ഉയര്‍ന്ന് 1,010 കോടി ഡോളറായി. അതേ സമയം, ജര്‍മനിയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞു. 2012-13 ല്‍ 710 കോടി ഡോളറായിരുന്ന ഇറക്കുമതി 2022-23 ല്‍ 580 കോടി ഡോളറായി ചുരുങ്ങി.
ടെലികോം ഉപകരണങ്ങളുടെ കയറ്റുമതിയാണ് ഇക്കാലത്ത് കൂടുതല്‍ വര്‍ധന രേഖപ്പെടുത്തുന്നത്. 2018-19 ന് ശേഷം 16 മടങ്ങ് വര്‍ധിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ മൂന്നു കോടിഡോളറില്‍ നിന്ന് 50 കോടി ഡോളറായി. വ്യാവസായിക മെഷീനറികള്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലും ഇക്കാലയളവില്‍ വര്‍ധനയുണ്ട്.
ഇലക്ട്രോണിക് മെഷീനറി, റെഡിമെയ്ഡ് കോട്ടണ്‍ വസ്ത്രങ്ങള്‍, ഇരുമ്പ്-സ്റ്റീല്‍ ഉത്പന്നങ്ങള്‍ എന്നിവയും ജര്‍മനിയിലേക്കുള്ള കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ വ്യാപാര മിച്ചമുണ്ടാക്കിയത് കോട്ടണ്‍വസ്ത്രങ്ങളുടെ കയറ്റുമതിയാണ്. ടെലികോം ഉപകരണങ്ങളാണ് രണ്ടാം സ്ഥാനത്ത്.
വിദേശ നിക്ഷേപത്തില്‍ ഒമ്പതാം സ്ഥാനം
2000 മുതല്‍ 2022 വരെയുള്ള കാലയളവു നോക്കിയാല്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കില്‍(എഫ്.ഡി.ഐ) ഒമ്പതാം സ്ഥാനത്താണ് ജര്‍മനി. ഗതാഗതം, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, മെറ്റലര്‍ജിക്കല്‍ ഇൻഡസട്രികള്‍, സേവന മേഖല(ഇന്‍ഷുറന്‍സ് പോലുള്ള), രാസവസ്തുക്കള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാപാരം, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലെല്ലാം ജര്‍മനി നിക്ഷേപം നടത്തിയിട്ടുണ്ട്.
നിലവിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളെയും സാരമായി ബാധിക്കും. ജര്‍മന്‍ കമ്പനികള്‍ ഈ അവസരത്തില്‍ മറ്റ് ചെലവു കുറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളിലേക്ക് ശ്രദ്ധതിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ജര്‍മനിക്ക് സംഭവിച്ചത്
2022 കലണ്ടര്‍ വര്‍ഷത്തെ അവസാനപാദമായ ഒക്ടോബര്‍-ഡിസംബറില്‍ നെഗറ്റീവ് 0.5 ശതമാനമായിരുന്നു ജര്‍മ്മനിയുടെ ജി.ഡി.പി വളര്‍ച്ച. 2023 ലെ ആദ്യ പാദമായ ജനുവരി-മാര്‍ച്ചില്‍ ജി.ഡി.പി വളര്‍ച്ച നെഗറ്റീവ് 0.3 ശതമാനമായതോടെയാണ് ജര്‍മനി ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലായത്. റഷ്യന്‍ ഉക്രെയ്ന്‍ യുദ്ധം, ഊര്‍ജപ്രതിസന്ധി, പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളാണ് ജര്‍മനിയെ പ്രതിസന്ധിയിലാക്കിയത്.
വിലക്കയറ്റം ജനങ്ങളെ തീവ്രമായി ബാധിക്കുന്നുണ്ടെന്നും നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ധിക്കുന്നുവെന്നും ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേ സമയം, യൂറോപ്പിന്റെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.