

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയപ്പോള്‍ പാക്കിസ്ഥാന് വേണ്ടിയാണ് തുര്‍ക്കി വാദിച്ചത്. ഇതിനെ തുടര്‍ന്ന് വ്യാപക രോഷമാണ് രാജ്യത്ത് തുര്‍ക്കിക്കെതിരെ രൂപപ്പെട്ടത്. പ്രമുഖ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തുര്‍ക്കിയിലേക്കുളള യാത്ര ഇന്ത്യൻ വിനോദസഞ്ചാരികൾ കൂട്ടത്തോടെ ഒഴിവാക്കി. തുർക്കിയിലേക്കുള്ള യാത്ര ഇന്ത്യക്കാർ ബഹിഷ്‌കരിക്കണമെന്ന വ്യാപക കാമ്പയിനാണ് ഓൺലൈനില്‍ നടന്നത്.
ചില ഓൺലൈൻ ട്രാവൽ ഏജൻസികൾ തുര്‍ക്കിയിലേക്കുള്ള ബുക്കിംഗുകൾ നിർത്തിവച്ചു. ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള മാസമായ ജൂണിൽ തുര്‍ക്കിയിലേക്കുളള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. 2025 ജൂണിൽ 24,250 ഇന്ത്യൻ വിനോദസഞ്ചാരികളാണ് രാജ്യം സന്ദർശിച്ചതെന്ന് തുർക്കി സാംസ്കാരിക, ടൂറിസം മന്ത്രാലയം വ്യക്തമാക്കുന്നു. 2024 ജൂണിനെ അപേക്ഷിച്ച് 36 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
2025 ജനുവരി മുതൽ ജൂൺ വരെ 1,39,215 ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്. 2024 ൽ ഇതേ കാലയളവിൽ ഇത് 1,64,373 ആയിരുന്നു. മെയ് മാസത്തിൽ, ഓപ്പറേഷൻ സിന്ദൂരിന് തൊട്ടുപിന്നാലെയാണ് ഈ ഇടിവ് ആരംഭിച്ചത്. ആ മാസം, 31,659 ഇന്ത്യക്കാർ മാത്രമാണ് തുർക്കി സന്ദർശിച്ചത്. 2024 മെയ് മാസത്തിൽ ഇത് 41,544 ആയിരുന്നു. ജൂണിലെ കണക്കുകൾ മെയ് മാസത്തേക്കാൾ കൂടുതൽ താഴ്ന്നു.
2024 ൽ ആകെ 3,30,985 ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്. 2023 നെ അപേക്ഷിച്ച് 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഈ പ്രവണതയ്ക്കാണ് തുര്‍ക്കിയുടെ പാക് പിന്തുണയ്ക്ക് ശേഷം ഇടിവ് സംഭവിച്ചത്. തുര്‍ക്കിക്കെതിരായ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ ചെലബിയുടെ ലൈസൻസ് അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇസ്താംബൂളിലേക്കുള്ള ഗതാഗതം കുറയുന്നതിന്റെ ഭാഗമായി ഇൻഡിഗോ എയര്‍ലൈന്‍സ് പാട്ടത്തിനെടുത്ത വിമാനങ്ങൾ വിന്യസിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. പകരം യൂറോപ്യൻ റൂട്ടുകളിൽ വിന്യസിക്കുന്നതിനാണ് എയർലൈൻ മുൻഗണന നൽകുന്നത്.
Turkish support for Pakistan leads to 36% drop in Indian tourist arrivals in June 2025.
Read DhanamOnline in English
Subscribe to Dhanam Magazine