

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി (UDF) അധികാരത്തിലെത്താന്‍ സാധ്യതയെന്ന് മാസങ്ങള്‍ക്കു മുമ്പേ അമേരിക്കയില്‍ നിന്ന് പ്രവചനം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ അധിഷ്ഠിത പ്രവചന പ്ലാറ്റ്‌ഫോമായ പോളിമാര്‍ക്കറ്റ് (Polymarket) നിലവില്‍ യുഡിഎഫിന് 70% വിജയസാധ്യതയാണ് കണക്കാക്കുന്നത്. മൂന്നാമൂഴത്തിന് ശ്രമിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണി(LDF) വീണ്ടും ഭരണം പിടിക്കാനുള്ള സാധ്യത 28% മാത്രം.
പോളിമാര്‍ക്കറ്റ്, ഒരു തരത്തില്‍ ഇതൊരു വാതുവെയ്പിന്റെ ഇടമാണ്. ഓഹരി വിപണി പോലെയാണ് പ്രവര്‍ത്തനം. ഉപയോക്താക്കള്‍ ഒരു നിര്‍ദ്ദിഷ്ട ഫലത്തിനായി 'യെസ്' അല്ലെങ്കില്‍ 'നോ' ഓഹരികള്‍ വാങ്ങുന്നു. കേരളത്തില്‍ എല്‍.ഡി.എഫ് വരുമെന്നാണ് അഭിപ്രായമെങ്കില്‍ 'യെസ്' എന്നതിനു പണം മുടക്കാം. 70 സെന്റാണ് ഒരു ഓഹരിയുടെ വില. ഒരു നിശ്ചിത കാലയളവിലേക്കാണ് ഈ പ്രവചന പരിപാടി. സ്വന്തം പ്രവചനം പിന്നീട് ശരിയായാല്‍ 70 സെന്റ് മുടക്കിയ ആള്‍ക്ക് ഒരു ഡോളര്‍ കിട്ടും. തെറ്റിയാല്‍ മുടക്കിയ തുക പോയി.
പോളിമാര്‍ക്കറ്റിലെ പങ്കാളികളെ വ്യാപാരികള്‍ എന്ന് വിളിക്കുന്നു, കാരണം അന്തിമ ഫലത്തിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും അവരുടെ സ്ഥാനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയും. ഓഹരി വിപണികളിലേതുപോലെ ലാഭം അടയ്ക്കാനും നഷ്ടം കുറയ്ക്കാനും അവരുടെ മുടക്കുമുതല്‍ ക്രമീകരിക്കാനും ഇത് അവരെ അനുവദിക്കുന്നു.
2024ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പോളിമാര്‍ക്കറ്റ് യു.എസില്‍ വ്യാപക ശ്രദ്ധ നേടിയിരുന്നു. ഇത്തരത്തില്‍ രാഷ്ട്രീയ പ്രവചനങ്ങള്‍ മാത്രമല്ല ഈ പ്ലാറ്റ്ഫോം നടത്തുന്നത്. വിദേശ രാഷ്ട്രത്തലവനെ കാണുമ്പോള്‍ ഡൊണള്‍ഡ് ട്രംപിന്റെ ഷേക്ക് ഹാന്‍ഡ് എത്ര സമയം നീളാം, പൊതുപരിപാടിയില്‍ ട്രംപ് ഏതു ടൈ കെട്ടും തുടങ്ങി വിചിത്രവും അസംബന്ധവുമായ ചോദ്യങ്ങളും പ്രവചനങ്ങളും ഇവര്‍ നടത്തുന്നു. ചൂതാട്ട സ്വഭാവത്തില്‍ ആളുകള്‍ സ്വന്തം അഭിപ്രായത്തിന് മേല്‍ക്കൈ കിട്ടാന്‍ പണമിറക്കി കളിക്കുന്നു. ''പോളി മാര്‍ക്കറ്റ് ഒരു പ്രവചന വിപണിയാണ്. ഭാവിയില്‍ സത്യമാകാന്‍ മോഹിക്കുന്ന ഫലത്തിന്റെ ഓഹരികളില്‍ ആളുകള്‍ അവിടെ പണം മുടക്കുന്നു. രാഷ്ട്രീയം, സ്പോര്‍ട്സ് എന്നിങ്ങനെ പല വിഷയങ്ങളില്‍ ക്രിപ്റ്റോ വെച്ച കളിക്കുന്നു''-ക്രിപ്റ്റോ സ്റ്റാര്‍ട്ടപായ ബിറ്റ്മോറിന്റെ സ്ഥാപകന്‍ ജോസ് പോള്‍ വിശദീകരിച്ചു.
പരമ്പരാഗത അഭിപ്രായ സര്‍വേകളില്‍ നിന്ന് വ്യത്യസ്തമായി, പ്രവചന വിപണികള്‍ പണം നിക്ഷേപിച്ച് നടത്തുന്ന വിലയിരുത്തലുകളായതിനാല്‍ ചിലപ്പോള്‍ വോട്ടര്‍മാരുടെ യഥാര്‍ഥ പ്രതീക്ഷകള്‍ കൂടുതല്‍ തുറന്നുകാട്ടാന്‍ കഴിയുമെന്നാണ് ഈ പ്ലാറ്റ്‌ഫോമുകളെ പിന്തുണയ്ക്കുന്നവരുടെ വാദം. എന്നാല്‍ ഇന്ത്യ പോലുള്ള സങ്കീര്‍ണ്ണമായ ബഹുസ്വര രാഷ്ട്രീയ സാഹചര്യങ്ങളില്‍ അഭിപ്രായ സര്‍വേകളും പ്രവചനങ്ങളും പലപ്പോഴും ശരിയായെന്നു വരില്ല.
യഥാര്‍ഥ പണത്തിന്റെ സാന്നിധ്യം പരമ്പരാഗത അഭിപ്രായ വോട്ടെടുപ്പുകളേക്കാള്‍ കൂടുതല്‍ സത്യസന്ധമായ വിലയിരുത്തലുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രവചന വിപണികളെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു, കാരണം വ്യാപാരികള്‍ക്ക് കേവലം ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നതിനേക്കാള്‍ ശരിയായിരിക്കാന്‍ സാമ്പത്തിക പ്രോത്സാഹനമുണ്ട്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പോളിമാര്‍ക്കറ്റ് വന്‍ പങ്കാളിത്തം ആകര്‍ഷിച്ചു. മൊത്തം വ്യാപാര അളവ് 3.6 ബില്യണ്‍ ഡോളര്‍ കടന്നു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് വിപണിയുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. കുറഞ്ഞ ട്രേഡിംഗ് വോളിയം മാത്രം. 2025 ഡിസംബര്‍ 23-നാണ് കേരള തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രവചന വിപണിയില്‍ വ്യാപാരം ആരംഭിച്ചത്. ഇതുവരെ ഏകദേശം 4,770 ഡോളര്‍ (ഏകദേശം 4.3 ലക്ഷം രൂപ) മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. വലിയ രാഷ്ട്രീയ പ്രവചന വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയ തുകയാണെങ്കിലും, വിപണി പങ്കാളികളുടെ രാഷ്ട്രീയ പ്രതീക്ഷകളെക്കുറിച്ചുള്ള ഒരു പ്രാഥമിക സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.
നിലവിലെ കണക്കുകള്‍ യുഡിഎഫിന് അനുകൂലമായ ഒരു ആദ്യ സൂചന നല്‍കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് തീയതി അടുത്തുവരുന്നതിനനുസരിച്ച് രാഷ്ട്രീയ സമവാക്യങ്ങള്‍ വേഗത്തില്‍ മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ പോളിമാര്‍ക്കറ്റ് കണക്കുകള്‍ മാറുന്ന രാഷ്ട്രീയ പ്രവണതകളുടെ ആദ്യഘട്ട മനോഭാവം മാത്രം. എന്നാല്‍, കേരള തിരഞ്ഞെടുപ്പ് വിപണിയിലെ ഇടപാട് വോളിയം വളരെ കുറവായതിനാല്‍, ചെറിയ ഇടപാടുകള്‍ പോലും സാധ്യതാ കണക്കുകളില്‍ വലിയ മാറ്റമുണ്ടാക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine