

ഭക്ഷണം വാങ്ങാന്‍ പോലും ക്രൗഡ് ഫണ്ടിംഗ് ആപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് അമേരിക്കയിലെ സാധാരണക്കാര്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസമാകുമല്ലെ? എന്നാല്‍ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിക്കുകയാണ് ഗോഫണ്ട്മി എന്ന ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ടിം കാഡോഗന്‍.
ഭൂരിപക്ഷം അമേരിക്കക്കാരും ഇപ്പോള്‍ ഭക്ഷണത്തിനും നിത്യ ചെലവുകള്‍ക്കുമായി ഗോഫണ്ട്മിയെ ആശ്രയിക്കുന്നുവെന്നാണ് ടിം കാഡോഗന്‍ വെളിപ്പെടുത്തുന്നത്.
മുമ്പ് അടിയന്തര ആവശ്യങ്ങള്‍ക്കും മെഡിക്കല്‍ ചെലവുകള്‍ക്കും ദുരന്താശ്വാസത്തിനുമായിരുന്നു ഗോഫണ്ട്മി മുഖേന ഫണ്ട് റെയ്സിംഗ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ജീവിതാവശ്യങ്ങള്‍ നിറവേറ്റാനായാണ് മാറിയിരിക്കുന്നത്. യാഹൂ ഫിനാന്‍സിനും ഓപ്പണിംഗ് ബിഡ് അണ്‍ഫില്‍ട്ടേര്‍ഡ് പോഡ്കാസ്റ്റിനും നല്‍കിയ അഭിമുഖത്തിലാണ് കാഡോഗന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ''നിര്‍ഭാഗ്യകരമായ സാഹചര്യമാണിത്, പക്ഷേ അതാണ് യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹം പറയുന്നു.
ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ അടിസ്ഥാന വസ്തുക്കളുടെ വില കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എല്ലായിടത്തും വളരെയധികം ഉയര്‍ന്നു. അതിന്റെ ഫലമായി, സാധാരണ അമേരിക്കക്കാര്‍ക്ക് ഭക്ഷണത്തിനായി അന്യരോട് സഹായം തേടേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍.
ഗോഫണ്ട്മിയിലുള്ള ''എസന്‍ഷ്യല്‍സ്'' വിഭാഗത്തിലാണ് വാടക, യൂട്ടിലിറ്റി ബില്ലുകള്‍, വാഹന വായ്പകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നത്. ഈ വിഭാഗത്തിലെ ചെലവുകളാണ് ഏറ്റവും കൂടുതലായി ഉയര്‍ന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ഇന്നത്തെ സമ്പദ്വ്യവസ്ഥയുടെ വേദനാജനകമായ യാഥാര്‍ത്ഥ്യത്തെ വെളിവാക്കുന്ന സംഭവമാണ്. കണക്കുകള്‍ പറയുന്നത് വിലക്കയറ്റം കുറയുന്നുവെന്നാണ്, പക്ഷേ യാഥാര്‍ത്ഥ്യത്തില്‍ ഭക്ഷണം, വാടക, കുട്ടികളുടെ പരിചരണം തുടങ്ങിയ അവശ്യവസ്തുക്കളുടെ വില ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്.
ചിലര്‍ക്കു വേതനം വര്‍ധിച്ചിട്ടുണ്ടെങ്കിലും, അനേകം കുടുംബങ്ങള്‍ ഇന്നും അതിനനുസരിച്ച് മുന്നേറാന്‍ ബുദ്ധിമുട്ടുകയാണ്. ഒരിക്കല്‍ മെഡിക്കല്‍ ബില്ലുകള്‍ക്കും ദുരന്താശ്വാസത്തിനുമായി ഉപയോഗിച്ചിരുന്ന ഗോഫണ്ട്മി, ഇപ്പോള്‍ അമേരിക്കക്കാരുടെ ദിവസേനയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള 'സര്‍വൈവല്‍ ടൂള്‍' ആയി മാറിയിരിക്കുകയാണ്.
ആളുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി പണം സമാഹരിക്കാനായി മറ്റുള്ളവരില്‍ നിന്ന് നേരിട്ട് സഹായം സ്വീകരിക്കാനുള്ള ഒരു വെബ്സൈറ്റാണ് ഗോഫണ്ട്മി. 2010-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗോഫണ്ട്മി ഇതുവരെ 20കോടിയിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്. ലോകമെമ്പാടായി 40 ബില്യണ്‍ ഡോളറിലധികം (ഏകദേശം ?3.3 ലക്ഷം കോടി) തുക സമാഹരിച്ചിട്ടുണ്ടുമുണ്ട്. ഓരോ സംഭാവനയില്‍ നിന്നും ചെറിയൊരു സര്‍വീസ് ഫീസ് കമ്പനി ഈടാക്കുന്നു.
19 രാജ്യങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അമേരിക്കക്കാരില്‍ ഏകദേശം മൂന്നില്‍ ഒരാള്‍ ഇതിനകം ഗോഫണ്ട്മി സേവനങ്ങള്‍ ഉപയോഗിച്ചതായും കാന്‍ഡോഗന്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ക്യാംപെയ്ന്‍ പെട്ടെന്ന് പ്രചരിപ്പിക്കാനാകും എന്നതാണ് ഗോഫണ്ട്മിയുടെ പ്രത്യേകത. അതുവഴി സഹായം ആവശ്യമുള്ളവര്‍ക്ക് വളരെ വേഗത്തില്‍ പിന്തുണ ലഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine