

ഒരുകാലത്ത് ഏഷ്യയിലെ വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായിരുന്നു ബംഗ്ലാദേശിലേത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മതസംഘടനകളുടെ പ്രക്ഷോഭവും വളര്‍ച്ചയും അയല്‍രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ വിഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ, മിഡില്‍ ഈസ്റ്റ് യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ബംഗ്ലാദേശിനെ മറ്റൊരു വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഗ്യാസ്‌ക്ഷാമവും വൈദ്യുതി ഉല്‍പാദനത്തിലെ ഇടിവും നേരിടുന്ന ബംഗ്ലാദേശില്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍, മാര്‍ക്കറ്റുകള്‍, കടകള്‍ എന്നിവ രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് പവര്‍ ഡിവിഷന്റെ പുതിയ നിര്‍ദേശം. നേരത്തെ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നു. രാജ്യത്തെ പല ഓഫീസുകളും ഇതുമൂലം പ്രവര്‍ത്തനം നേരത്തെ നിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ബംഗ്ലാദേശിലെ ഊര്‍ജ പ്രതിസന്ധിയുടെ പ്രധാന കാരണം പ്രകൃതിവാതക ലഭ്യതയിലുണ്ടായ വന്‍ ഇടിവാണ്. രാജ്യത്തെ വൈദ്യുതി നിലയങ്ങളില്‍ വലിയൊരു പങ്കും പ്രകൃതിവാതകത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ഓഗസ്റ്റ് ആദ്യവാരത്തില്‍ വൈദ്യുതി ലഭ്യതയിലെ കുറവ് പലപ്പോഴും 3,000 മെഗാവാട്ട് കടന്നു.
വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഡീസല്‍ ലഭ്യമാക്കാനും ബംഗ്ലാദേശ് ശ്രമിക്കുന്നുണ്ട്. ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈന്‍ വഴി അധിക ഡീസല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശ് പവര്‍, എനര്‍ജി ആന്‍ഡ് മിനറല്‍ റിസോഴ്‌സസ് മന്ത്രി ഇഖ്ബാല്‍ ഹസന്‍ മഹ്‌മൂദ് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ നടന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തിനു ശേഷം ഇന്ത്യയുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല.
മുഹമ്മദ് യൂനുസ് നയിച്ച ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയുമായി ബോധപൂര്‍വ സംഘര്‍ഷത്തിനായിരുന്നു പലപ്പോഴും ശ്രമിച്ചിരുന്നത്. ഇത് ബംഗ്ലാദേശിന് വ്യവസായ, വാണിജ്യരംഗത്ത് വലിയ തിരിച്ചടിക്ക് കാരണമായിരുന്നു. താരിഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമം ബംഗ്ലാദേശ് പുനരാരംഭിച്ചിട്ടുണ്ട്.
2023ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈന്‍ വഴി പ്രതിവര്‍ഷം 1.80 ലക്ഷം മെട്രിക് ടണ്‍ ഡീസല്‍ നല്‍കുന്നതിനുള്ള 15 വര്‍ഷത്തെ കരാറാണ് നിലവിലുള്ളത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള ആഗോള ഊര്‍ജ വിതരണ അനിശ്ചിതത്വത്തിനിടെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ 30,000 ടണ്ണിലധികം ഡീസല്‍ ഇന്ത്യ ബംഗ്ലാദേശിലേക്ക് നല്‍കിയിരുന്നു.
രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും നീണ്ട ലോഡ് ഷെഡിംഗും ബംഗ്ലാദേശിന്റെ നട്ടെല്ലായ ഗാര്‍മെന്റ്‌സ് മേഖലയ്ക്കും മറ്റ് പ്രധാന വ്യവസായങ്ങള്‍ക്കും കനത്ത ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്. വൈദ്യുതി തടസം മൂലം മിക്ക ഫാക്ടറികള്‍ക്കും ഉത്പാദനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. ഇത് അന്താരാഷ്ട്ര ഓര്‍ഡറുകള്‍ വൈകുന്നതിനും വിദേശ വാങ്ങലുകാര്‍ ഓര്‍ഡറുകള്‍ റദ്ദാക്കുന്നതിനും കാരണമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വൈദ്യുതി മുടങ്ങുമ്പോള്‍ ഉത്പാദനം നിലയ്ക്കാതിരിക്കാന്‍ ഫാക്ടറികള്‍ ചെലവേറിയ ഡീസല്‍ ജനറേറ്ററുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നത് ഉത്പാദനച്ചെലവ് കുത്തനെ ഉയര്‍ത്തുന്നുണ്ട്. ഇന്ധന വിലക്കയറ്റവും ജനറേറ്ററുകളുടെ പ്രവര്‍ത്തനച്ചെലവും ചെറുകിട-ഇടത്തരം വ്യവസായങ്ങളെ വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് തള്ളിവിടുന്നത്. ഇത് ഫാക്ടറി തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വത്തെയും വേതന വിതരണത്തെയും പ്രതികൂലമായി ബാധിക്കുന്നു. വൈദ്യുതി പ്രതിസന്ധി തുടര്‍ന്നാല്‍ ബംഗ്ലാദേശിനത് തിരിച്ചടിയാകും.
Read DhanamOnline in English
Subscribe to Dhanam Magazine