
ബംഗ്ലാദേശിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യു.എസ്. 2024 സാമ്പത്തിക വർഷത്തിൽ ബംഗ്ലാദേശ് യു.എസിലേക്ക് 840 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. അതേസമയം 220 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ബംഗ്ലാദേശ് യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്തു.
ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിന്റെ സമ്പദ് രംഗത്തിന് ഒഴിച്ചു കൂടാനാവാത്ത വിപണിയായി യു.എസ് മാറുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തത്തുല്യ ചുങ്കത്തിന്റെ രൂക്ഷത കുറയ്ക്കുന്നതിനുളള നീക്കങ്ങള്‍ സജീവമാക്കുകയാണ് ബംഗ്ലാദേശ്. മൂന്ന് മാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും 37 ശതമാനം വരെയാണ് ബംഗ്ലാദേശ് അടക്കമുളള രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം തത്തുല്യ ചുങ്കം ചുമത്തിയിരിക്കുന്നത്.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുളള ഇടക്കാല സർക്കാർ വരാനിരിക്കുന്ന ബജറ്റിൽ 100 ല്‍ പരം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുളള നീക്കങ്ങളാണ് നടത്തുന്നത്. നാഷണൽ ബോർഡ് ഓഫ് റവന്യൂ യോഗത്തിൽ തീരുവ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ താൽക്കാലിക അനുമതി നൽകിയതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലെ ഏറ്റവും വലിയ വ്യവസായം വസ്ത്ര നിർമ്മാണമാണ്.
റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് ഇതിലൂടെ യു.എസിലേക്കുളള കയറ്റുമതിയില്‍ തീരുവയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശിലെ വസ്ത്ര നിർമ്മാതാക്കളും കയറ്റുമതിക്കാരും യുഎസ് വിപണിയിൽ തങ്ങളുടെ പങ്ക് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. യു.എസ് വിപണിയിലേക്കുളള ഓർഡറുകളില്‍ കുറവ് വന്നതായും ബംഗ്ലാദേശിലെ കമ്പനികള്‍ അറിയിച്ചിരുന്നു.
എണ്ണ, വാതകം, യുദ്ധവിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ചാണ് ബംഗ്ലാദേശ് സജീവമായി പരിഗണിക്കുന്നത്. സാധാരണയായി സർക്കാർ മാത്രം വാങ്ങുന്ന വ്യാപാര കമ്മി കുറയ്ക്കാന്‍ സഹായിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇവ. യന്ത്രങ്ങൾ, തുണിത്തരങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, അഗ്നി സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയുടെ തീരുവയും കുറയ്ക്കുന്നത് പരിഗണിക്കുന്നുണ്ട്.
അതേസമയം, ബംഗ്ലാദേശുമായി സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ഏര്‍പ്പെടാന്‍ യു.എസ് തത്വത്തിൽ ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരമൊരു കരാറിലൂടെ റെഡിമെയ്ഡ് വസ്ത്ര ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ രഹിത പ്രവേശനം ഉറപ്പാക്കാനാകുമെന്നും കമ്പനികള്‍ പ്രതീക്ഷിക്കുന്നു.
അതേസമയം, യൂനൂസിന്റെ നീക്കം എസ്.പി അപ്പാരല്‍സ്, കെ.പി.ആര്‍ മില്‍, ഗോകുല്‍ദാസ് എക്‌സ്‌പോര്‍ട്‌സ്, കേരളത്തില്‍ നിന്നുള്ള കിറ്റെക്‌സ്, സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് എന്നിവ അടക്കമുള്ള ഇന്ത്യന്‍ കമ്പനികളെയും ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. വസ്ത്ര നിര്‍മാണത്തിലും കയറ്റുമതിയിലും ഇന്ത്യയോട് മത്സരിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. വസ്ത്രകയറ്റുമതിയില്‍ 6.7 ശതമാനമാണ് ബംഗ്ലാദേശിന്റെ വിഹിതമെങ്കില്‍ ഇന്ത്യയുടേത് 5 ശതമാനത്തിലും താഴെയാണ്. മുന്‍പ് ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങളുണ്ടായപ്പോള്‍ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. തുടര്‍ന്ന് കിറ്റെക്‌സ് അടക്കമുള്ള ഓഹരികളില്‍ വലിയ മുന്നേറ്റവുമുണ്ടായി. നികുതി കുറയുന്നതോടെ ഉൽപാദന ചെലവിലെ ലാഭം നോക്കി വിദേശ കമ്പനികള്‍ ബംഗ്ലാദേശില്‍ തുടരാന്‍ സാധ്യത ഏറെയാണെന്നാണ് വിലയിരുത്തലുകള്‍.
Bangladesh plans tariff cuts on over 100 US products to counter Trump-era duties and protect export growth.
Read DhanamOnline in English
Subscribe to Dhanam Magazine