ബംഗ്ലാദേശ്-പാക്കിസ്ഥാന്‍-ചൈന അച്ചുതണ്ടിന് വളമേകാന്‍ ഡാര്‍ക്ക് പ്രിന്‍സിന്റെ രണ്ടാംവരവ്; ധാക്കയില്‍ ഇന്ത്യന്‍ പിടി അയയുമോ?

ബംഗ്ലാദേശ്-പാക്കിസ്ഥാന്‍-ചൈന അച്ചുതണ്ടിന് വളമേകാന്‍ ഡാര്‍ക്ക് പ്രിന്‍സിന്റെ രണ്ടാംവരവ്; ധാക്കയില്‍ ഇന്ത്യന്‍ പിടി അയയുമോ?

ഇന്ത്യയെ സംബന്ധിച്ച് ഏതു തരത്തിലുള്ള മാറ്റങ്ങളാകും ധാക്കയില്‍ സംഭവിക്കുക? ബംഗ്ലാദേശ്-പാക്കിസ്ഥാന്‍-ചൈന അച്ചുതണ്ട് മേഖലയില്‍ ഡല്‍ഹിയുടെ സ്വാധീനം കുറയ്ക്കുമോ?
Published on

ഷേഖ് ഹസീനയെന്ന ഇന്ത്യയുടെ നല്ല സുഹൃത്തിന്റെ പതനത്തിനുശേഷം ബംഗ്ലാദേശ് മാറ്റത്തിന്റെ വഴിയിലാണ്. ഇന്നലെ (ഫെബ്രുവരി 12) നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) 300ല്‍ 200ലേറെ സീറ്റുകള്‍ നേടി ഭരണം ഉറപ്പിച്ചു. സിയയുടെ മകന്‍ താരിഖ് റഹ്‌മാന്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്ത്യയെ സംബന്ധിച്ച് ഏതു തരത്തിലുള്ള മാറ്റങ്ങളാകും ധാക്കയില്‍ സംഭവിക്കുക? ബംഗ്ലാദേശ്-പാക്കിസ്ഥാന്‍-ചൈന അച്ചുതണ്ട് മേഖലയില്‍ ഡല്‍ഹിയുടെ സ്വാധീനം കുറയ്ക്കുമോ? മുന്‍കാല ഇന്ത്യാവിരുദ്ധത മാറ്റിവയ്ക്കാന്‍ താരിഖ് റഹ്‌മാന്‍ തയാറാകുമോ?

അഫ്ഗാനിലെ താലിബാനെ മെരുക്കിയതുപോലെ മാലദ്വീപിലെ മുഹമ്മദ് മുയിസു ഭരണകൂടത്തെ നിലയ്ക്കുനിര്‍ത്തിയതുപോലെ ബംഗ്ലാദേശിനെയും വശത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? ചോദ്യങ്ങളും ആശങ്കകളും ഏറെയെങ്കിലും ഉത്തരങ്ങള്‍ ഒറ്റയടിക്ക് ലഭിച്ചേക്കില്ല.

പ്രതിച്ഛായ മാറ്റുമോ താരിഖ്?

എന്നും ഇന്ത്യാവിരുദ്ധതയും ബംഗ്ലാദേശ് ദേശീയതയും ഉയര്‍ത്തി പിടിക്കുന്ന നിലപാടുകളായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടേത്. ഹസീനയുടെ അവാമി ലീഗ് ആകട്ടെ ഇന്ത്യയോട് കൂടുതല്‍ അടുപ്പത്തില്‍ കഴിയാനാണ് ഇഷ്ടപ്പെട്ടത്. നിലവില്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമല്ല. ഇന്ത്യ വിരുദ്ധതയ്ക്കാണ് അവിടെ മാര്‍ക്കറ്റ് കൂടുതല്‍.

അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ വിലക്ക് വന്നതും മതവാദത്തിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമിക്ക് ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ലഭിച്ചതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. 60ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് ജമാഅത്തെ ഇസ്ലാമിക്കും ജെന്‍സീ പ്രക്ഷോഭകരുടെ പാര്‍ട്ടിക്കും ലഭിച്ചത്.

സിയയുടെ കാലഘട്ടത്തില്‍ പിന്‍വാതില്‍ ഭരണവും അഴിമതിയും കൊടുകുത്തി വാണിരുന്നു. എല്ലാത്തിനും നേതൃത്വം കൊടുത്തത് താരിഖ് ആയിരുന്നു. ഒടുവില്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ യുകെയിലേക്ക് പാലായനം ചെയ്യേണ്ടിവന്നു. വര്‍ഷങ്ങളോളം അഭയാര്‍ത്ഥിയായി നിന്ന് ബംഗ്ലാദേശിലെ പാര്‍ട്ടിയെ റിമോട്ടിലെന്ന പോലെ ഭരിക്കുകയായിരുന്നു താരിഖ്.

രണ്ടാംവരവില്‍ കൂടുതല്‍ ജനകീയ പ്രതിച്ഛായയും മതേതരവാദിയുമായിട്ടാണ് താരിഖ് അവതരിച്ചിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. ഇതെത്ര മാത്രം നടപ്പാകുമെന്ന് കണ്ടറിയണം. പ്രത്യേകിച്ച്, ഒരുകാലത്ത് സഖ്യകക്ഷിയായി കൂടെക്കൂട്ടി ജമാഅത്തെ ഇസ്ലാമി പ്രതിപക്ഷത്തിന്റെ റോളിലേക്ക് വളര്‍ന്ന സ്ഥിതിക്ക്.

ഇന്ത്യയ്ക്ക് തലവേദനയാകുമോ?

തമ്മില്‍ ഭേദം ബിഎന്‍പി എന്നത് തന്നെയാണ് നിലവില്‍ ഇന്ത്യയുടെ അവസ്ഥ. ജമാഅത്തെ ഇസ്ലാമിയും ജെന്‍സീക്കാരുടെ പാര്‍ട്ടിയും അധികാരത്തില്‍ വന്നിരുന്നേല്‍ ഇന്ത്യയ്ക്കത് വലിയ ക്ഷീണമായേനെ. ഇന്ത്യാവിരുദ്ധതയും ന്യൂനപക്ഷ ധ്വംസനവും മാത്രമാണ് ഈ പാര്‍ട്ടികളുടെ മുദ്രാവാക്യം. അതിനുപകരം കൂട്ടത്തില്‍ ഭേദമായ ബിഎന്‍പിയുടെ വരവ് ആശ്വാസകരമാണ്.

അന്തര്‍ദേശീയ തലത്തില്‍ ബംഗ്ലാദേശിന്റെ പ്രതിച്ഛായ മോശമാണ്. ഹാപ്പി ഇന്‍ഡെക്‌സില്‍ മാത്രമാണ് രാജ്യം മുന്നിലുള്ളത്. സാമ്പത്തികമായും സാമൂഹികമായും തകര്‍ന്ന അവസ്ഥയിലാണ് അവര്‍. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ ഇന്ത്യയോട് വലിയ വെല്ലുവിളി നടത്താന്‍ പുതിയ ഭരണകൂടം മുതിര്‍ന്നേക്കില്ലെന്നാണ് വിലയിരുത്തല്‍.

മേഖലയില്‍ പാക്കിസ്ഥാനും ചൈനയ്ക്കും മേധാവിത്വം ലഭിക്കാന്‍ ബംഗ്ലാദേശിലെ ഭരണമാറ്റം വഴിയൊരുക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയ്ക്കത് വലിയ തിരിച്ചടിയാകും. അതേസമയം, അഫ്ഗാനിസ്ഥാനെ വരുതിയിലാക്കിയതു പോലെ ബംഗ്ലാദേശിനെയും കൈകാര്യം ചെയ്യാമെന്നൊരു സാധ്യതയും തുറന്നുകിടപ്പുണ്ട്. എന്തുതന്നെയായാലും ഇന്ത്യയുടെ തലവേദനകള്‍ അവസാനിക്കുന്നില്ല...

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com