നിര്‍ത്തൂ ഒത്തുതീര്‍പ്പ് രാഷ്ട്രീയം; തുടങ്ങൂ വിപ്ലവകരമായ മാറ്റങ്ങള്‍

ഭരണത്തിന്റെ ആദ്യ നാളുകളില്‍ ലഭിക്കുന്ന ജനപിന്തുണയും ആവേശവും കുറയും മുമ്പ് സംസ്ഥാനത്തിന്റെ നട്ടെല്ലൊടിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കടുപ്പമേറിയ തീരുമാനങ്ങള്‍ എടുത്തേ മതിയാകൂ
vd satheesan, kc venugopal
Published on

ഡോ. ടോണി തോമസ്

ദിവസവും പുലര്‍ച്ചെ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലേക്ക് നോക്കുക. അവിടെ നിറയുന്നത് വിനോദയാത്രക്കായി വിദേശത്തേക്ക് പറക്കുന്ന യുവാക്കളല്ല, മറിച്ച് സ്വന്തം നാടിന്റെ ഭാവിയെ പെട്ടികളിലാക്കി മറുനാട്ടിലേക്ക് കുടിയേറുന്ന ഒരു തലമുറയാണ്. കണ്ണീരോടെ അവരെ യാത്രയയക്കുന്ന മാതാപിതാക്കളുടെ ഉള്ളില്‍ ഒരു വലിയ ചോദ്യമുണ്ട്: 'നമ്മുടെ നാട് എന്ന് മാറും?'.

ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച വന്‍ വിജയം കേവലമൊരു ഭരണമാറ്റമല്ല, മറിച്ച് ഒരു പുതിയ ഭരണശൈലിക്ക് വേണ്ടിയുള്ള ജനങ്ങളുടെ കൃത്യമായ നിര്‍ദേശമാണ്. തിരഞ്ഞെടുപ്പിലെ 102 സീറ്റുകള്‍ ആ കണ്ണീരിനും കാത്തിരിപ്പിനുമുള്ള മറുപടിയാകണം. യുഡിഎഫിന് വോട്ട് ചെയ്തവരില്‍ നല്ലൊരു ശതമാനം പേരും കേവലം പാര്‍ട്ടിക്കൂറുള്ളവരല്ല, മറിച്ച് നിലവിലെ അവസ്ഥയില്‍ മടുപ്പുതോന്നി മാറ്റം ആഗ്രഹിച്ചവരാണ്.

അതുകൊണ്ടു തന്നെ, ഒഴിവുകഴിവുകള്‍ക്ക് സ്ഥാനമില്ലാത്ത വിധം വലിയൊരു ഭൂരിപക്ഷമാണ് ജനങ്ങള്‍ ഈ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഭരണത്തിന്റെ ആദ്യ നാളുകളില്‍ ലഭിക്കുന്ന ജനപിന്തുണയും ആവേശവും ചോര്‍ന്നുപോകുന്നതിന് മുമ്പ്, സംസ്ഥാനത്തിന്റെ നട്ടെല്ലൊടിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കടുപ്പമേറിയ തീരുമാനങ്ങള്‍ എടുത്തേ മതിയാകൂ. കേവലമായ രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും അപ്പുറം, ശാസ്ത്രീയവും പ്രായോഗികവുമായ പരിഷ്‌കാരങ്ങളാണ് കേരളത്തിന് ഇന്ന് ആവശ്യം.

സാമ്പത്തിക അച്ചടക്കം: നിലനില്‍പിനായുള്ള പോരാട്ടം

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോള്‍ നാം നില്‍ക്കുന്നത് ഒരു വലിയ കടക്കെണിക്ക് തൊട്ടടുത്താണെന്ന് മനസിലാകും. സര്‍ക്കാരിന്റെ ആകെ വരുമാനത്തിന്റെ 70 ശതമാനത്തിലധികം തുകയും ശമ്പളം, പെന്‍ഷന്‍, കടമെടുത്തതിന്റെ പലിശ എന്നിവ നല്‍കാന്‍ മാത്രമായി ചെലവാകുന്നു എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. വെറും ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല, അവ കൃത്യമായി നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസുകള്‍ കൂടി കണ്ടെത്തണം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കടമെടുത്ത തുകയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ആസ്തി വികസനത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നത് നമ്മുടെ സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ തെളിവാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ വരും തലമുറക്ക് വലിയൊരു കടബാധ്യത മാത്രമായിരിക്കും നാം ബാക്കിവെക്കുക. വരുമാനം ഉണ്ടാക്കുന്ന വലിയ സംരംഭങ്ങളും അടിസ്ഥാന സൗകര്യ വികസനവും സുസ്ഥിര ക്ഷേമപദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

വിദ്യാഭ്യാസ രംഗം: നൈപുണ്യ വികസനവും വിപ്ലവകരമായ മാറ്റങ്ങളും

2023ലെ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി കുടിയേറിയത്. വിദേശത്ത് പഠിക്കാന്‍ പോകുന്ന പത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളും തിരികെ വരാന്‍ താല്‍പര്യപ്പെടുന്നില്ല എന്നത് ഗൗരവമായി കാണണം. വിദ്യാഭ്യാസ മേഖലയില്‍ നാം നേരിടുന്ന വലിയ പ്രതിസന്ധി നമ്മുടെ ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യമില്ലായ്മയാണ്. ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ അനിവാര്യമാണ്.

സര്‍വകലാശാലകളുടെ അനാവശ്യമായ ചുവപ്പുനാടകള്‍ ഒഴിവാക്കി, മികച്ച കോളെജുകള്‍ക്ക് അക്കാദമിക്‌ സ്വയംഭരണാധികാരം നല്‍കണം. സിലബസുകള്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ആഗോള തൊഴില്‍ വിപണിക്ക് അനുസൃതമായി പരിഷ്‌കരിക്കുകയും വ്യവസായ രംഗത്തെ വിദഗ്ധരെ 'പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്' പദവി നല്‍കി അധ്യാപനത്തില്‍ പങ്കാളികളാക്കുകയും വേണം. ഇതോടൊപ്പം പ്രധാനമാണ് എല്ലാ ബിരുദ കോഴ്‌സുകള്‍ക്കും നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തുക എന്നത്. ആധുനിക സാങ്കേതികവിദ്യകളായ എഐ, റോബോട്ടിക്‌സ്, ക്ലീന്‍ എനര്‍ജി തുടങ്ങിയ മേഖലകളില്‍ പ്രത്യേക റിസര്‍ച്ച് ക്ലസ്റ്ററുകള്‍ ആരംഭിക്കണം. സര്‍വകലാശാല ഭരണസമിതികളില്‍ രാഷ്ട്രീയ പ്രതിനിധികള്‍ക്ക് പകരം ലോകപ്രശസ്തരായ അക്കാദമിക് വിദഗ്ധരെയും ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തി ഭരണസംവിധാനം പ്രൊഫഷണലൈസ് ചെയ്യേണ്ടതുണ്ട്.

വിദേശത്തെയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ സര്‍വകലാശാലകളുമായി സഹകരിച്ച് 'ട്വിന്നിങ് പ്രോഗ്രാമുകള്‍' ആരംഭിക്കുന്നത് വിദ്യാര്‍ത്ഥികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറക്കാന്‍ സഹായിക്കും. ആദ്യ നൂറ് ദിവസത്തിനുള്ളില്‍ ഒരു വിദഗ്ധ വിദ്യാഭ്യാസ കമ്മീഷനെ നിയോഗിച്ച്, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട മാറ്റങ്ങളുടെ വ്യക്തമായ ബ്ലൂപ്രിന്റ് സര്‍ക്കാര്‍ തയാറാക്കേണ്ടതുണ്ട്.

വ്യവസായം: നിക്ഷേപ സൗഹൃദ കേരളം

കേരളത്തിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 30 ശതമാനത്തിന് മുകളിലാണെന്നത് അതീവ ഗൗരവകരമായ വിഷയമാണ്. അതുകൊണ്ട് വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതു പോലെ തന്നെ പ്രധാനമാണ് കേരളത്തിലേക്ക് വന്‍തോതില്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയെന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കേരളത്തിലേക്ക് വന്ന വിദേശ നിക്ഷേപം കേവലം 13,848 കോടി രൂപ മാത്രമാണ്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട് ഇതേ കാലയളവില്‍ ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് സമാഹരിച്ചത്. കര്‍ണാടക അഞ്ച് ലക്ഷം കോടി രൂപക്ക് മുകളിലും നിക്ഷേപം നേടി. ഭൂമിശാസ്ത്രപരമായ കാരണങ്ങളേക്കാള്‍ നമ്മുടെ ഭരണസംവിധാനത്തിലെ പോരായ്മകളാണ് ഈ പിന്നോക്കാവസ്ഥക്ക് കാരണം.

നിക്ഷേപകര്‍ക്ക് മുന്നില്‍ പല ഏജന്‍സികള്‍ക്ക് പകരം നിയമപരമായ അധികാരമുള്ള ഒരു ഏകീകൃതഅതോറിറ്റി രൂപീകരിക്കുന്നത് ഗുണകരമാകും. രാഷ്ട്രീയ ഇടപെടലുകളും സ്വാര്‍ത്ഥതാല്‍പര്യങ്ങളും ഇല്ലാത്ത, ഒരു പ്രൊഫഷണല്‍ സിഇഒയുടെ കീഴിലായിരിക്കണം ഈ അതോറിറ്റി പ്രവര്‍ത്തിക്കേണ്ടത്. ലൈസന്‍സുകള്‍ നല്‍കുന്നതിനും വിവിധ വകുപ്പുകള്‍ തമ്മിലുള്ള തടസങ്ങള്‍ നീക്കുന്നതിനും ബൈന്‍ഡിങ് പവര്‍ ഈ അതോറിറ്റിക്ക് നല്‍കിയാല്‍ മാത്രമെ നിക്ഷേപകര്‍ക്ക് കേരളത്തില്‍ വിശ്വാസം വരികയുള്ളൂ.

നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കാന്‍ അപേക്ഷ നല്‍കി, നിശ്ചിത ദിവസത്തിനുള്ളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അത് 'ഡീംഡ് അപ്രൂവല്‍' ആയി കണക്കാക്കുന്ന ഡിജിറ്റല്‍ സിംഗിള്‍ വിന്‍ഡോ സംവിധാനം കര്‍ശനമാക്കണം. പ്രത്യേക വ്യവസായ മേഖലകള്‍ വികസിപ്പിക്കുകയും അവിടെ സംരംഭകര്‍ക്ക് നേരിട്ട് പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുന്ന 'പ്ലഗ് ആന്‍ഡ് പ്ലേ' സൗകര്യങ്ങള്‍ ഒരുക്കുകയും വേണം.

ഐടി, ബയോടെക്‌നോളജി, വാല്യു ആഡഡ് അഗ്രിക്കള്‍ച്ചര്‍, മറൈന്‍ ഇക്കോണമി, പോര്‍ട്ട് ഇക്കോസിസ്റ്റം തുടങ്ങിയ പ്രത്യേക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിക്ഷേപം കൊണ്ടുവരുന്നതിന് സെക്ടര്‍ സ്‌പെസിഫിക് ക്ലസ്റ്ററുകള്‍ ആരംഭിക്കണം. ഗള്‍ഫ് മേഖലയിലെ തൊഴില്‍ വിപണിയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നത് നാം ഗൗരവത്തോടെ കാണണം. പ്രവാസി വരുമാനത്തെ മാത്രം ആശ്രയിക്കുന്ന കേരളത്തിന്റെ സാമ്പത്തിക ഘടനക്ക് ഒരു ബദല്‍ കണ്ടെത്താന്‍ ഇത്തരം വിപ്ലവകരമായ മാറ്റങ്ങള്‍ അത്യന്താപേക്ഷിതമാണ്. നിക്ഷേപകരെ സംശയദൃഷ്ടിയോടെയല്ല, മറിച്ച് നാടിന്റെ വികസന പങ്കാളികളായി കാണുന്ന ഒരു ഭരണശൈലിയാണ് ഇനി വേണ്ടത്.

പൊതുമേഖല: ഉത്തരവാദിത്തവും കാര്യക്ഷമതയും

പൊതുമേഖല സ്ഥാപനങ്ങളുടെ കാര്യത്തിലും കടുത്ത അച്ചടക്കം ആവശ്യമാണ്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ പകുതിയിലധികവും വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസി പോലുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കൃത്യമായ കണക്കുകള്‍ പോലും പുറത്തുവിടുന്നില്ല. പലിശക്ക് പണം കടമെടുത്ത് നെഗറ്റീവ് റിട്ടേണ്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ വീണ്ടും നിക്ഷേപിക്കുന്നത് സാമ്പത്തികമായി ആത്മഹത്യാപരമായ നിലപാടാണ്. അതുകൊണ്ട് നഷ്ടത്തില്‍ ഓടുന്ന സ്ഥാപനങ്ങള്‍ പുനഃസംഘടിപ്പിക്കുകയോ, കാര്യക്ഷമമായ രീതിയില്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് കരാറുകള്‍ വഴിയോ, അല്ലെങ്കില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ (PPP) മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്യേണ്ടതുണ്ട്.

ലാഭത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത പ്രൊഫഷണല്‍ ബോര്‍ഡുകളെ നിയമിക്കുകയും വേണം. എല്ലാ സ്ഥാപനങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നത് കര്‍ശനമാക്കണം. നിലവില്‍ 1998ലെ ഡിവിഡന്റ് പോളിസി പല ലാഭകരമായ സ്ഥാപനങ്ങളും പാലിക്കുന്നില്ല എന്നത് വലിയ പോരായ്മയാണ്. തന്ത്രപ്രധാനമായ ലക്ഷ്യങ്ങളൊന്നുമില്ലാതെ പതിറ്റാണ്ടുകളായി ലിക്വിഡേഷന്‍ നടപടികളില്‍ കുടുങ്ങിക്കിടക്കുന്ന അനാവശ്യ സ്ഥാപനങ്ങള്‍ അടിയന്തരമായി നിര്‍ത്തലാക്കണം. ഇതിലൂടെ വന്‍തോതിലുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാനും ഇത്തരം സ്ഥാപനങ്ങളുടെ കൈവശമുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമി പുതിയ വ്യവസായങ്ങള്‍ക്കായി വിനിയോഗിക്കാനും സാധിക്കും.

ജനവിധിയോട് നീതി പുലര്‍ത്താം ഈ പരിഷ്‌കാരങ്ങള്‍ കേരളത്തിന്റെ സാമൂഹിക സുരക്ഷയെ തകര്‍ക്കുന്നവയല്ല, മറിച്ച് ശക്തിപ്പെടുത്തുന്നവയാണ്. 102 സീറ്റുകള്‍ നല്‍കിയ ജനങ്ങള്‍ അത് എപ്പോഴും നല്‍കിക്കൊള്ളണമെന്നില്ല. വിദേശ നിക്ഷേപവും തൊഴിലവസരങ്ങളും കൃത്യമായ സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ വരും വര്‍ഷങ്ങളില്‍ കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ.

പ്രകടമായ മാറ്റങ്ങള്‍ പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ ഈ വലിയ ജനവിധി സര്‍ക്കാരിന് തിരിച്ചടിയാകാന്‍ അധികകാലം വേണ്ടിവരില്ല. അതുകൊണ്ട് അനാവശ്യ നടപടികള്‍ ഒഴിവാക്കി, എതിര്‍പ്പുകള്‍ അവഗണിച്ച്, ഭരണത്തിന്റെ ഉത്തരവാദിത്തത്തിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ക്രിയാത്മകമായി ഭരിക്കാനുള്ള ആര്‍ജവം കാണിച്ചാല്‍ മാത്രമെ ഈ ചരിത്രപരമായ ഭൂരിപക്ഷത്തോട് നീതി പുലര്‍ത്താന്‍ സാധിക്കൂ. ആ വലിയ ദൗത്യത്തിനായുള്ള പ്രവര്‍ത്തനം ഇന്നുതന്നെ തുടങ്ങേണ്ടതുണ്ട്.

(നിസാന്‍ മോട്ടോര്‍സ്, വൊഡാഫോണ്‍, GE, സിഗ്‌നിഫൈ, സിറ്റിബാങ്ക് തുടങ്ങിയ കമ്പനികളില്‍ ആഗോള സാങ്കേതികവിദ്യ മുന്‍ മേധാവിയും EQT, BCG തുടങ്ങിയ കമ്പനികളില്‍ അഡൈ്വസറുമാണ് ലേഖകന്‍)

(Originally published in Dhanam Magazine May 31, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com