

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൊബീൽ ആപ്പ്ളിക്കേഷനിൽ നിന്ന് മൂന്ന് മാസം കൊണ്ട് വിറ്റുപോയത് അഞ്ച് കോടി രൂപയുടെ ഉത്പന്നങ്ങൾ. 'നമോ എഗെയ്ൻ' (വീണ്ടും നമോ) എന്ന മുദ്രാവാക്യത്തോടുകൂടിയുള്ള ഉൽപന്നങ്ങളാണ് അധികവും.
മൂന്ന് മാസം കൊണ്ട് 15.75 ലക്ഷം യൂണിറ്റുകളാണ് വിറ്റത്. ടീഷർട്ടുകൾ, കീചെയിനുകൾ, മഗ്, നോട്ട് ബുക്ക്, പേന എന്നിവ ഇതിലുൾപ്പെടും. ഈയിടെ പേടിഎം, ആമസോൺ എന്നീ പ്ലാറ്റ് ഫോമുകളിലും ഇവ വിൽപ്പനക്ക് വെച്ചിരുന്നു. വിറ്റുപോയ ഉൽപന്നങ്ങളിൽ പകുതിയിലധികവും ടീഷർട്ടുകളാണെന്നാണ് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നത്.
ഇവയുടെ പ്രൊമോഷന്റെ ഭാഗമായി ബിജെപി എംപിമാർ 'ഹൂഡി ചലഞ്ച്' ആരംഭിച്ചിരുന്നു. പല പ്രമുഖ നേതാക്കളും 'നമോ എഗെയ്ൻ' ടീഷർട്ടുകൾ ധരിച്ച് ട്വിറ്ററിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.
മോദി ആപ്പിലെ വ്യാപാര പ്ലാറ്റ് ഫോമാണ് ഫ്ലൈ കാർട്ട്. ബിജെപിയുടെ ഉടമസ്ഥതയിലുള്ള ബൗദ്ധിക സ്വത്തവകാശം ഉപയോഗിച്ച് ഈ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ലൈസൻസ് ഫ്ലൈ കാർട്ടിനുണ്ട്.
2.64 കോടി രൂപയുടെ ടീഷർട്ടുകൾ, 56 ലക്ഷം രൂപയുടെ തൊപ്പികൾ, 43 ലക്ഷത്തിന്റെ കീചെയ്നുകൾ, 37 ലക്ഷത്തിന്റെ കോഫി മഗുകൾ, 32 ലക്ഷത്തിന്റെ നോട്ട് ബുക്കുകൾ, 38 ലക്ഷത്തിന്റെ പേനകൾ എന്നിവയാണ് ഇതുവരെ വിറ്റഴിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine