ബ്രെക്‌സിറ്റ് വഴി ബ്രിട്ടന് വലിയ ധനനഷ്ടത്തിനു സാധ്യതയെന്ന് പഠനം

ബ്രെക്‌സിറ്റ് വഴി ബ്രിട്ടന് വലിയ ധനനഷ്ടത്തിനു സാധ്യതയെന്ന് പഠനം
Published on

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് പദ്ധതി നടപ്പാകുന്ന പക്ഷം യു.കെ സമ്പദ്വ്യവസ്ഥയ്ക്ക് അടുത്ത പത്തു വര്‍ഷത്തിനകം 70 ബില്യണ്‍ പൗണ്ട് എങ്കിലും നഷ്ടം സംഭവിക്കുമെന്ന് പ്രമുഖ തിങ്ക് ടാങ്ക്. 'സാമ്പത്തിക ഗുണഫലങ്ങളുണ്ടാക്കു'മെന്ന പ്രതീക്ഷ പങ്കുവച്ചുകൊണ്ട് പുതിയ ബ്രെക്സിറ്റ് ഇടപാടിനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി സ്വാഗതം ചെയ്തതിനു പിന്നാലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് (എന്‍.ഐ.എസ.്ആര്‍) വ്യത്യസ്ത നിരീക്ഷണവുമായി രംഗത്തുവന്നത് അടുത്തു വരുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഫലത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് പദ്ധതി പ്രകരം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോയാല്‍ 2020 കളുടെ അവസാനത്തോടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തില്‍ 4 % വരെ കുറവു വരാനാണു സാധ്യതയെന്നും എന്‍.ഐ.എസ.്ആര്‍ കണക്കാക്കുന്നു. ഒരു പൗരന് ഇതുമൂലം പ്രതിവര്‍ഷം സംഭവിക്കുന്ന ശരാശരി നഷ്ടം 1,100 പൗണ്ട് ആയിരിക്കും. ബ്രെക്‌സിറ്റ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ പൊതു തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കവേ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് സമ്പദ്വ്യവസ്ഥ തന്നെയാണ്.

ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് വിരാമമിടാന്‍ ഡിസംബര്‍ 12ന് പൊതു തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് ഐക്യകണ്‌ഠേന പാസാക്കിയിരുന്നു.മുന്‍ ധാരണ പ്രകാരം ഒക്ടോബര്‍ 31 ന് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനുവരി 31 വരെ യൂറോപ്യന്‍ യൂണിയന്‍ സമയം നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

എം. പിമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയിട്ടും അനുകൂലമായ വിധി നേടാന്‍ ബോറിസ് ജോണ്‍സണിന് ആയിരുന്നില്ല. തുടര്‍ന്ന്  പൊതു തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള നിര്‍ണായകമായ വോട്ടെടുപ്പില്‍ ഭൂരിപക്ഷം എം.പിമാരും ഡിസംബര്‍ 12ന് വോട്ടെടുപ്പ് നടത്തുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. അതിനാല്‍ തന്നെ ബ്രക്‌സിറ്റ് വിഷയത്തില്‍ ക്രിസ്മസിന് മുന്‍പായി ഒരു തീര്‍പ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ അവതരിപ്പിക്കും. എന്നാല്‍ ഇവിടെ കാര്യമായ ഒരു എതിര്‍പ്പും ഉന്നയിക്കപ്പെടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ബില്‍ ഔദ്യോഗിക നിയമമായി പാസാക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പിനായുള്ള നടപടികള്‍ ആരംഭിക്കും.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും തുടര്‍ന്ന് ബ്രെക്‌സിറ്റ് ഡീല്‍ നടപ്പാക്കാന്‍ കഴിയുമെന്നുമുള്ള  കണക്കുകൂട്ടലിലാണ്് ബോറിസ് ജോണ്‍സന്റെ നീക്കം. അതേസമയം,'ഭരിക്കാനായി ജനിച്ചവരാണ്' എന്ന് കരുതുന്ന ജോണ്‍സനെ പോലുള്ള കണ്‍സര്‍വേറ്റീവുകളെ പുറത്താക്കാന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തുകൊണ്ട് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ തന്റെ പ്രചാരണത്തിന് കളമൊരുക്കി. 'ബ്രെക്സിറ്റ് ഇല്ലാതാക്കാനായി ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്' എന്നായിരുന്നു ലിബറല്‍ ഡമോക്രാറ്റിക് ലീഡര്‍ ജോ സ്വിന്‍സണ്‍ പറഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com