ലോകത്തിന്റെ പകുതിയോളം ജനസംഖ്യ, 40% ജിഡിപി; ബ്രിക്‌സ് വ്യാപാര, യുപിഐ, ഊര്‍ജസുരക്ഷ ഇടപാടുകളില്‍ ഇന്ത്യയ്ക്ക് തുറക്കുന്നത് അവസരങ്ങളുടെ വാതില്‍

പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുഎസിനും ബദലാകുകയെന്നതാണ് ബ്രിക്‌സിന്റെ ലക്ഷ്യം, അങ്ങനെ പരസ്യമായി പറയുന്നില്ലെങ്കില്‍ പോലും
ലോകത്തിന്റെ പകുതിയോളം ജനസംഖ്യ, 40% ജിഡിപി; ബ്രിക്‌സ് വ്യാപാര, യുപിഐ, ഊര്‍ജസുരക്ഷ ഇടപാടുകളില്‍ ഇന്ത്യയ്ക്ക് തുറക്കുന്നത് അവസരങ്ങളുടെ വാതില്‍
Published on

ആഗോള ജനസംഖ്യയുടെ 49.5 ശതമാനം പേര്‍ അധിവസിക്കുന്ന രാജ്യങ്ങള്‍. ജിഡിപിയുടെ 40 ശതമാനവും ലോക വ്യാപാരത്തിന്റെ 26 ശതമാനവും. ബ്രിക്‌സ് (BRICS) എന്നത് കുറച്ചു രാജ്യങ്ങളുടെ കൂട്ടായ്മ മാത്രമല്ലെന്ന് ഇത്രയും കാര്യങ്ങളില്‍ നിന്ന് വ്യക്തം. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ഇന്ത്യ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോള്‍ ലോകത്തിന്റെ കണ്ണുകള്‍ ഡല്‍ഹിയിലേക്കാണ്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്, ഇറാനില്‍ നിന്ന് മസൂദ് പെഷ്‌കിയാന്‍ തുടങ്ങി മുന്‍നിര നേതാക്കളാണ് രാജ്യതലസ്ഥാനത്തേക്ക് എത്തുക. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഉച്ചകോടിക്കാണ് ഭാരത് മണ്ഡപം സാക്ഷ്യം വഹിക്കുന്നത്. ഇത്രയും സന്നാഹങ്ങളോടെ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനെതിരേ ചിലരെങ്കിലും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സത്യത്തില്‍ ഇന്ത്യയ്ക്ക് എന്താണ് ബ്രിക്‌സില്‍ നിന്നുള്ള നേട്ടം?

എന്തുകൊണ്ട് ബ്രിക്‌സ്

നിലവിലുള്ള ആഗോള കൂട്ടായ്മകളില്‍ നിന്ന് വ്യത്യസ്തമാണ് ബ്രിക്‌സ്. ലോക ജനസംഖ്യയുടെ പാതിയെയും പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളുടെ സാന്നിധ്യം തന്നെയാണ് ഇതിനു കാരണം. ഇന്ത്യയ്ക്ക് നയതന്ത്ര നേട്ടങ്ങള്‍ക്കപ്പുറം വലിയ വാണിജ്യ അവസരങ്ങളും തുറക്കുന്നതാണ് ബ്രിക്‌സിലെ സാന്നിധ്യം. കയറ്റുമതി പണമിടപാടുകള്‍ വേഗത്തിലാക്കുക, സര്‍ട്ടിഫിക്കേഷന്‍ തടസങ്ങള്‍ കുറയ്ക്കുക, എംഎസ്എംഇകള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്തുക, രാജ്യാന്തര ഡിജിറ്റല്‍ പേയ്മെന്റുകള്‍ ലളിതമാക്കുക എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന സാധ്യതകള്‍.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബ്രിക്‌സ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 82 ബില്യണ്‍ ഡോളറായിയിരുന്നു. 2024 കലണ്ടര്‍ വര്‍ഷത്തില്‍ സേവന കയറ്റുമതി 31.3 ബില്യണ്‍ ഡോളറിലുമെത്തി. അതുകൊണ്ടുതന്നെ ബ്രിക്‌സ് വിപണികളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യം ഗുണകരമാണ്.

പൊതുകറന്‍സിയല്ല, യുപിഐ മോഡലിന് മുന്‍ഗണന?

പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുഎസിനും ബദലാകുകയെന്നതാണ് ബ്രിക്‌സിന്റെ ലക്ഷ്യം, അങ്ങനെ പരസ്യമായി പറയുന്നില്ലെങ്കില്‍ പോലും. യൂറോപ്പ് ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പ്രമുഖ രാജ്യങ്ങളാണ് ബ്രിക്‌സിന്റെ സ്ഥാപകര്‍. ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും ചേരുമ്പോള്‍ ലോകജനസംഖ്യയുടെ പാതിയെത്തുന്നു.

ഈ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ബിസിനസ് ബന്ധങ്ങള്‍ ശക്തമായാല്‍ യൂറോപ്പിനും യുഎസിനും അതു വലിയ വെല്ലുവിളിയാണ്. ഡോളറിന് ബദലായി പൊതുകറന്‍സി രൂപീകരിക്കാന്‍ നേരത്തെ ബ്രിക്‌സിന് പ്ലാനുണ്ടായിരുന്നു. എന്നാലിപ്പോള്‍ രാജ്യങ്ങള്‍ക്കായി ഉടന്‍ ഒരു പൊതുകറന്‍സി സൃഷ്ടിക്കുന്നതിനെക്കാള്‍ രാജ്യാന്തര പേയ്മെന്റ് സംവിധാനങ്ങളിലൂടെ ഈ കറന്‍സികളെ ബന്ധിപ്പിക്കുകയാണ് പ്രധാന ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇവിടെയാണ് ഇന്ത്യയുടെ യുപിഐ അധിഷ്ടിത സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്.

പരസ്പരം ബന്ധിപ്പിക്കാവുന്ന ദേശീയ പേയ്മെന്റ് സംവിധാനങ്ങള്‍, പൊതുവായ സാങ്കേതിക മാനദണ്ഡങ്ങള്‍, സുരക്ഷിതമായ ഡാറ്റ പങ്കിടല്‍ എന്നിവ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റം രൂപീകരിക്കണമെന്നാണ് ബ്രിക്‌സിന്റെ അഭിലാഷം. ഇത്തരമൊരു സംവിധാനം യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ ചെറുകിട-ഇടത്തരം കയറ്റുമതിക്കാര്‍ക്ക് പണമിടപാടുകള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും നടത്താന്‍ വഴിയൊരുങ്ങും.

ഊര്‍ജസുരക്ഷ നിര്‍ണായകം

ലോകത്തിലെ പ്രധാന ഊര്‍ജ ഉല്‍പാദകരും വലിയ ഉപഭോക്താക്കളും ബ്രിക്‌സ് കൂട്ടായ്മയില്‍ ഉള്ളതിനാല്‍ ഊര്‍ജസുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പുനരുപയോഗ ഊര്‍ജം, ഹൈഡ്രജന്‍, ബയോഫ്യൂവല്‍, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ പൈലറ്റ് പദ്ധതികളും സാങ്കേതിക കൈമാറ്റവും സഹകരണവും ശക്തിപ്പെടുത്താനാണ് ബ്രിക്‌സിന്റെ ലക്ഷ്യം. ഈ മേഖലയില്‍ പിച്ചവച്ചു തുടങ്ങുന്ന ഇന്ത്യയ്ക്ക് വലിയ സാധ്യതകളാണ് തുറന്നുകിട്ടുക.

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഊര്‍ജസുരക്ഷയെയും ചരക്കുനീക്കത്തെയും ആഗോള എണ്ണവിലയെയും ബാധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഈ സഹകരണം കൂടുതല്‍ പ്രധാനമാണ്. ബ്രസീലും റഷ്യയും ഇറാനുമെല്ലാം നിര്‍ണായക എണ്ണ ഉത്പാദക രാജ്യങ്ങളാണ്. ഭാവിയില്‍ ഈ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങല്‍ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ബ്രിക്‌സ് ഇന്ത്യയ്ക്ക് ഗുണംചെയ്യും.

ഇന്ത്യയ്ക്ക് ലഭിക്കാവുന്ന നേട്ടമെന്ത്?

ബ്രിക്‌സ് അധ്യക്ഷപദവിയില്‍ നിന്ന് ഇന്ത്യക്ക് ലഭിക്കാവുന്ന ഏറ്റവും പ്രധാന നേട്ടം നയതന്ത്ര സ്വാധീനം കൃത്യമായ സാമ്പത്തിക ഫലങ്ങളാക്കി മാറ്റാനാകുമോ എന്നതിലാണ്. വിപണി പ്രവേശനം എളുപ്പമാകുക, രാജ്യാന്തര പണമിടപാടുകള്‍ വേഗത്തിലാകുക, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ട്രേഡ് ഫിനാന്‍സ് ലഭിക്കുക, അടിസ്ഥാനസൗകര്യ നിക്ഷേപം വര്‍ധിക്കുക, സാങ്കേതിക സഹകരണം ശക്തമാകുക തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യന്‍ ബിസിനസുകള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുക.

ബ്രിക്‌സ് സ്ഥാപക രാജ്യങ്ങള്‍ 2015ല്‍ രൂപീകരിച്ച ന്യൂഡെലവലപ്‌മെന്റ് ബാങ്ക് (New Development Bank) അടിസ്ഥാനസൗകര്യ, സുസ്ഥിര വികസന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്ന പ്രധാന സ്ഥാപനമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള വളരുന്ന സമ്പദ്വ്യവസ്ഥകളിലെ നിക്ഷേപ പദ്ധതികള്‍ക്ക് ബാങ്കിന്റെ പങ്ക് കൂടുതല്‍ നിര്‍ണായകമാകാം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com