രാഹുൽ വന്നാൽ 'പിന്നോക്ക ജില്ല' എന്ന പേര് മാറുമോ? വയനാട് ചോദിക്കുന്നു

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായതോടെ കേരളത്തിന്റെ ടൂറിസം മാപ്പിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വയനാട് ഇപ്പോൾ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

രാഹുൽ വയനാട്ടിൽ നിന്ന് ജയിച്ചാൽ അത് മണ്ഡലത്തിന്റെ തലേവര തന്നെ മാറ്റിമറിക്കുമെന്നാണ് ചിലരുടെ പക്ഷം. ഒരു പക്ഷെ അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയാൽ ആ പരിഗണന വയനാടിന് ലഭിക്കാതിരിക്കുമോ എന്നാണ് ചോദ്യം.

നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ് എന്ന പ്രോഗ്രാമിൽ രാജ്യത്തെ 115 പിന്നോക്ക ജില്ലകളിൽ കേരളത്തിൽ നിന്നുള്ള ഏക ജില്ലയാണ് വയനാട്.

കേരളത്തിൽ ഏറ്റവും ഉയർന്ന പോവെർട്ടി നിരക്കുള്ള (32.85%) ജില്ലയാണ് വയനാട്. ഏറ്റവും ഉയർന്ന ട്രൈബൽ ജനസംഖ്യയും ഇവിടെയാണ്-18.55 ശതമാനം. 5000 രൂപ മാസാവരുമാനമുള്ള കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ളതും വായനാട്ടിലാണ് (79.67%).

അതേസമയം, മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിലും കൃഷിയിലും മുന്നിലാണ് വയനാട്. കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, റബർ എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. കർണാടകത്തിന് ശേഷം രാജ്യത്ത് ഏറ്റവുമധികം കാപ്പി ഉല്പാദിപ്പിക്കുന്ന പ്രദേശവും വയനാടാണ്. രാജ്യം അങ്ങോളമിങ്ങോളമറിയുന്ന ഒരു നേതാവ് വയനാടിനെ പ്രതിനിധീകരിച്ചാൽ അത് ടൂറിസത്തേയും സഹായിക്കുമെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. രാഹുലിന്റെ കർഷക അനുകൂല നിലപാടുകളും ഇവിടെയുള്ളവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

അതേസമയം, രാഹുലിന്റെ വികസന കാഴ്ചപ്പാടിനെ വിമർശിക്കുന്നവരും കുറവല്ല. 1966-ൽ രൂപം കൊണ്ടതുമുതൽ അമേഠി കോൺഗ്രസ് മണ്ഡലമാണ്. ഇപ്പോൾ രാഹുൽ ഗാന്ധിയുടേയും. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഉത്തർപ്രദേശിലെ ഈ പ്രദേശം രാഹുലിന്റെ 'വികസന മാതൃക'യ്ക്ക് ഒരപവാദമാണ്.

പരിമിതമായ പൊതുഗതാഗത സംവിധാനം, വ്യവസായങ്ങളുടെ കുറവ്, തൊഴിലില്ലായ്മ, മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കം എന്നിവയാണ് ഇന്ത്യ വൻ ലോകശക്തിയായി മാറുന്നുവെന്ന് പറയുമ്പോഴും അമേഠി പോലുള്ള മണ്ഡലങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നം.

രാഹുലിന്റെ 'അമേഠി വികസന മാതൃക'യാണോ വയനാട്ടിലും നടപ്പാക്കാൻ പോകുന്നതെന്നാണ് ഇപ്പോൾ വിമർശകരുടെ ചോദ്യം.

Related Articles
Next Story
Videos
Share it