ഇന്ത്യ-കാനഡ നയതന്ത്ര പോര്: കനേഡിയന്‍ നിക്ഷേപമുള്ള ഓഹരികള്‍ ഇടിഞ്ഞു

നിലപാട് കടുപ്പിച്ച് ഇന്ത്യ, കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി
ഇന്ത്യ-കാനഡ നയതന്ത്ര പോര്: കനേഡിയന്‍ നിക്ഷേപമുള്ള ഓഹരികള്‍ ഇടിഞ്ഞു
Published on

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലെ വിള്ളല്‍ കാനഡ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളിലും ഇടിവുണ്ടാക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും മിക്ക ഓഹരികളും താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.

കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന്റെ (CPPIB) പോര്‍ട്ട് ഫോളിയോ ഓഹരികളില്‍ ഉള്‍പ്പെടുന്ന കോട്ടക് മഹീന്ദ്ര ബാങ്ക്, സൊമാറ്റോ, നൈക, ഇന്‍ഡസ് ടവേഴ്‌സ്, ഡല്‍ഹിവെറി എന്നിവയെല്ലാം തന്നെ ഇടിവിലാണ്. കോട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി ഇന്ന് 0.29% താഴ്ന്ന് 1,782.50 രൂപയിലാണ് വ്യാപാരം നടത്തുന്നത്. സൊമാറ്റോ 0.05 ശതമാനത്തിന്റെ നേരിയ ഇടിവോടെ 99 രൂപയിലെത്തി. ഇന്‍ഡസ് ടവര്‍ 0.06 ശതമാനം ഇടിഞ്ഞ് 181 രൂപയിലെത്തി.

നിക്ഷേപം ഒരു ലക്ഷം കോടി രൂപ

70 ഓളം ഇന്ത്യന്‍ ഓഹരികളില്‍ സി.പി.പി.ഐ.ബിയ്ക്ക് നിക്ഷേപമുണ്ട്. കോട്ടക് മഹീന്ദ്ര ബാങ്ക് 2.68% ശതമാനം, സൊമാറ്റോ 2.3%, നൈക 21.8%, ഇന്‍ഡസ് ടവേഴ്‌സ് 2.18%, ഡെല്‍ഹിവെറി 6%. പേയ്ടിഎം 1.76% എന്നിങ്ങനെയാണ് സി.പി.പി.ഐ.ബിയുടെ കൈയിലുള്ള ഓഹരി വിഹിതം. ഇതു കൂടാതെ വിദേശത്ത് ലിസ്റ്റ് ചെയ്തിട്ടുള്ള ഇന്ത്യന്‍ ഓഹരികളിലും ഫണ്ടിന് നിക്ഷേപമുണ്ട്. വിപ്രോയുടെ യു.എസ് ലിസ്റ്റഡ് ഓഹരികളില്‍ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് 1.19 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്‍ഫോസിസില്‍ 2.17 കോടി ഡോളറും ഐ.സി.ഐ.സി. ബാങ്കില്‍ ഒരു കോടി ഡോളറും നിക്ഷേപമുണ്ട്.

ഒരു ലക്ഷം കോടി രൂപയോളം നിക്ഷേപം ഇന്ത്യന്‍ കമ്പനികളില്‍ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് നടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. പ്രശ്‌നം കൂടുതല്‍ വഷളാകുന്നത് നിക്ഷേപത്തിലും സമ്മര്‍ദ്ദമുണ്ടാക്കും.

കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടായ സി.ഡി.പി.ക്യുവിനും ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപമുണ്ട്. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (NSDL) കണക്കുകള്‍ പ്രകാരം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ ആദ്യ 10 രാജ്യങ്ങളിലാണ് കാനഡ. 46,306 കോടി രൂപ മൂല്യം വരുന്ന ഓഹരികളാണ് കനേഡിയന്‍ ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിന്റെ കൈവശമുള്ളത്.

കൊലപാതക ആരോപണം

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന്‌

 പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കി. ഇതിനെ തിരിച്ചടിയ്ക്കാന്‍ കാനഡ ഹൈക്കമ്മീഷണര്‍ കാമറോണ്‍ മക്കയോവെയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് കാനഡയുടെ നയതന്ത്രപ്രതിനിധി ഒലിവര്‍ സില്‍വസ്റ്ററിനെ ഇന്ത്യ പുറത്താക്കുകയും അഞ്ച് ദിവസത്തിനകം രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കടുപ്പിച്ച് ഇന്ത്യ

ഇപ്പോൾ വിഷയത്തില്‍ നിലപാട് കടുപ്പിച്ച ഇന്ത്യ കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് താല്‍കാലികമായി നിര്‍ത്തിവച്ചു. ഇനി ഒരറിയപ്പുണ്ടാകുന്നതു വരെ വീസ നല്‍കില്ലെന്ന് ഓണ്‍ലൈന്‍ വീസ അപേക്ഷ കേന്ദ്രം അറിയിച്ചു.

കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ ആദ്യമായാണ് ഒരു രാജ്യം കൊലപാതക ആരോപണം ഉന്നയിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com