

ഇന്ത്യയില്‍ നിന്നുളള ബിസിനസ് വീസകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ചൈന. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ തുടങ്ങിയ പ്രമുഖ മേഖലകളിലെ ഫാക്ടറികളുടെ പ്രവർത്തനങ്ങളെയും പുതിയ പ്രോജക്റ്റുകളുടെ നടത്തിപ്പിനെയും ഈ നീക്കം ദോഷകരമായി ബാധിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും വ്യാവസായിക മുന്നേറ്റത്തെയും തടസപ്പെടുത്താനുള്ള നടപടിയാണിതെന്ന ആശങ്ക ശക്തമാകുകയാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യൻ കമ്പനികൾ സമർപ്പിക്കുന്ന വീസ അപേക്ഷകളിൽ വെറും 20 മുതൽ 40 ശതമാനം വരെ മാത്രമാണ് ചൈന അംഗീകരിക്കുന്നത്. മുൻകാലങ്ങളിൽ ഇത് ഏതാണ്ട് പൂർണമായും അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ പല വ്യവസായങ്ങളും അസംസ്കൃത വസ്തുക്കൾക്കും യന്ത്രസാമഗ്രികൾക്കും സാങ്കേതിക വൈദഗ്ധ്യത്തിനുമായി 50 ശതമാനത്തോളം ചൈനയെ ആശ്രയിക്കുന്നുണ്ട്. വീസ ലഭിക്കാത്തത് മൂലം വിദഗ്ദ്ധരായ ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ കഴിയാത്തത് ഇന്ത്യയുടെ സപ്ലൈ ചെയിനുകളെ (supply lines) ബാധിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. "ഇന്ത്യയുടെ വളർച്ചയെയും പുരോഗതിയെയും തടസ്സപ്പെടുത്താൻ ചൈന തങ്ങളുടെ കൈവശമുള്ള എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും" വീസ നിഷേധിക്കുന്നത് അതിന്റെ ഭാഗമാണെന്നും ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് ധാരണയുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സാങ്കേതിക വിദ്യയുടെയും ഉദ്യോഗസ്ഥരുടെയും ഒഴുക്ക് തടയുന്നത് വഴി ഇന്ത്യയുടെ ഉൽപ്പാദന മേഖലയെ മന്ദഗതിയിലാക്കുകയാണ് ബീജിംഗിന്റെ ലക്ഷ്യം.
വീസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ വളരെ സങ്കീർണമാണെന്നും പലപ്പോഴും അപേക്ഷകൾ നിരസിക്കപ്പെടുകയാണെന്നും ഇന്ത്യൻ കമ്പനികൾ പരാതിപ്പെടുന്നു. ഈ വിഷയം നയതന്ത്ര തലത്തിൽ ചൈനയുമായി സംസാരിക്കാൻ ഇന്ത്യൻ കമ്പനികൾ അനൗപചാരികമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ മുന്നേറ്റത്തെ തടയാനുള്ള ചൈനയുടെ ഇത്തരം നീക്കങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine