
പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിളവ് വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക വളങ്ങളുടെ ഇന്ത്യയിലേക്കുളള കയറ്റുമതി നിർത്തിവെച്ച് ചൈന. അതിർത്തിയിലെ സംഘർഷങ്ങളില്‍ പാക്കിസ്ഥാനെ ചൈന പിന്തുണയ്ക്കുന്നതോടൊപ്പമാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ സാധാരണയായി 150,000-160,000 ടൺ വളമാണ് ജൂൺ-ഡിസംബർ കാലയളവിൽ ഇറക്കുമതി ചെയ്യാറുളളത്. അതേസമയം മറ്റ് രാജ്യങ്ങളിലേക്ക് ഇവയുടെ കയറ്റുമതി ചൈന തുടരുന്നുണ്ട്.
തീരുവകള്‍ അടക്കമുളള നിയന്ത്രണങ്ങള്‍ ചുമത്തിയതിനെ തുടര്‍ന്ന് അപൂർവ ധാതുക്കളുടെ കയറ്റുമതിയിലും ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപൂർവ ധാതുക്കള്‍ക്ക് ചൈന പെട്ടെന്ന് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത് ഇന്ത്യയിലെ വാഹന നിർമ്മാണ മേഖലയ്ക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിച്ചത്.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മെച്ചപ്പെട്ട വിളവെടുപ്പിനായി ഇന്ത്യ പ്രധാനമായും ചൈനയില്‍ നിന്നുളള പ്രത്യേക വളങ്ങളെയാണ് ആശ്രയിക്കാറുളളത്. വിളവ് വർദ്ധിപ്പിക്കാനും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ് ഈ വളങ്ങൾ. വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ (WSF), ഇലകളിലുളള പ്രയോഗത്തിനുമുള്ള ദ്രാവക വളങ്ങൾ, മൈക്രോ ന്യൂട്രിയന്റ് വളങ്ങൾ, ഫോർട്ടിഫൈഡ് വളങ്ങൾ, നാനോ വളങ്ങൾ, ബയോ-സ്റ്റിമുലന്റുകൾ, നൂതനമായ വളങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍ വിജയമായിരുന്നു. പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിലൊന്നാണ് ചൈന. പാക്കിസ്ഥാന് സാമ്പത്തികമടക്കമുളള എല്ലാ പിന്തുണങ്ങളും ചൈന വാഗ്ദാനം ചെയ്യാറുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ പാക്കിസ്ഥാന് ഏല്‍പ്പിച്ച ആഘാതത്തിനുളള മറുപടിയാണോ വളങ്ങളുടെ കയറ്റുമതിയിലെ നിയന്ത്രണം എന്നത് വരും നാളുകളില്‍ വ്യക്തമാകും. ഇന്ത്യയുടെ സാമൂഹ്യ, സാമ്പത്തിക ജീവിതത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ ചൈന ലക്ഷ്യം വെക്കുന്നതിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.
ചൈന വളങ്ങളില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ മറ്റു വഴികള്‍ തേടുകയാണ്. ജോർദാനില്‍ നിന്നും യൂറോപ്പില്‍ നിന്നും വളങ്ങള്‍ ഇറക്കുമതി ചെയ്യാനുളള നീക്കങ്ങളിലാണ് ഇന്ത്യ. പ്രത്യേക വളങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇന്ത്യയിലില്ലാത്തതാണ് ഇവയുടെ ക്ഷാമം രാജ്യത്തുണ്ടാകാനുളള കാരണം. പ്രാദേശികമായി ഉൽപ്പാദന സൗകര്യങ്ങൾ സ്ഥാപിക്കുന്നത് ലാഭകരമല്ലാത്തതുകൊണ്ടാണ്, കമ്പനികൾ ഇവയുടെ ഉല്‍പ്പാദനത്തില്‍ നിന്ന് പിന്തിരിയുന്നത്.
China halts export of specialty fertilizers to India. Is it a support for Pakistan amid rising border tensions.
Read DhanamOnline in English
Subscribe to Dhanam Magazine