110 ഡോളറില്‍ നിന്ന് 94ന് താഴേക്ക്; എണ്ണവിലയിലെ വന്‍ ഇടിവ് ഇന്ത്യയ്ക്ക് എങ്ങനെ നേട്ടമാകും?

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുവരുമെന്ന പ്രതീക്ഷയാണ് എണ്ണവിലയെ താഴ്ത്തിയത്. ഇറക്കുമതിച്ചെലവും പണപ്പെരുപ്പവും കുറയുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ ഓഹരി വിപണിക്കും അനുകൂല സാഹചര്യം
India makes first rupee payment for the purchase of crude oil from UAE
Image courtesy: canva 
Published on: 

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുവരുമെന്ന പ്രതീക്ഷയാണ് എണ്ണവിലയെ താഴ്ത്തിയത്. ഇറക്കുമതിച്ചെലവും പണപ്പെരുപ്പവും കുറയുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ ഓഹരി വിപണിക്കും അനുകൂല സാഹചര്യം.

ബാരലിന് 110 ഡോളറിന് മുകളിലായിരുന്ന ക്രൂഡ് ഓയില്‍ വില ഒറ്റയടിക്ക് ഇടിഞ്ഞത് 10 ശതമാനത്തിന് മുകളില്‍. ഇന്ത്യയ്ക്ക് വലിയ തലവേദനയായിരുന്നു ക്രൂഡിന്റെ ഉയര്‍ന്ന വില. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് തിരിച്ചടി കിട്ടിയതാണ് ഇപ്പോഴത്തെ ഇടിവിന് കാരണം. എന്നാല്‍, ഈ ആശ്വാസം അധികം നീണ്ടുനില്‍ക്കാന്‍ ഇടയില്ല. അമേരിക്കക്കാര്‍ യുദ്ധത്തിനോട് നോ പറഞ്ഞെങ്കിലും തന്റെ വഴി താന്‍ തന്നെ തീരുമാനിക്കുമെന്നാണ് ട്രംപിന്റെ പിടിവാശി.

ഇറാനെതിരായ യുദ്ധം ശരിയായ തീരുമാനമായിരുന്നില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും പശ്ചിമേഷ്യയിലെ സംഘര്‍ഷം തീരാത്തിടത്തോളം ക്രൂഡിലെ അനിശ്ചിതത്വം തുടരും. ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ശക്തമായതോടെ ബ്രെന്റ് ക്രൂഡ് വില ഒറ്റ വ്യാപാര സെഷനില്‍ 8.7 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

ബ്രെന്റ് ക്രൂഡ് നിലവില്‍ 94 ഡോളറിന് താഴെയെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 8.98 ഡോളറാണ് കുറഞ്ഞത്.

ഇന്ത്യയ്ക്ക് വലിയ ആശ്വാസം

ക്രൂഡ് ആവശ്യകതയുടെ 80 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വിലയിടിവ് ഏറ്റവും കൂടുതല്‍ ആശ്വാസം പകരുന്നതും ഇന്ത്യയ്ക്ക് തന്നെ. വ്യാപാര കമ്മി വര്‍ധിക്കുന്നത് തടയാനും വിദേശനാണ്യം സംരക്ഷിക്കാനും വിലയിടിവ് വഴിയൊരുക്കും. ക്രൂഡ് ഓയില്‍ വില താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍ രാജ്യത്തിന്റെ എണ്ണ ഇറക്കുമതിച്ചെലവ് കുറയും. ഇന്ധനച്ചെലവ് കുറയുന്നത് ചരക്കുനീക്കം, വ്യവസായ ഉല്‍പാദനം തുടങ്ങിയ മേഖലകളിലെ ചെലവ് ലഘൂകരിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും സഹായിക്കും.

വിമാനക്കമ്പനികള്‍, പെയിന്റ് നിര്‍മാതാക്കള്‍, കെമിക്കല്‍, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്കും കുറഞ്ഞ എണ്ണവില നേട്ടമാകാം. എന്നാല്‍ അന്താരാഷ്ട്ര വിലയിടിവ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ ചില്ലറവിലയില്‍ ഉടനടി പ്രതിഫലിക്കില്ല.

എണ്ണവില ഇനിയും കുറയുമോ?

ക്രൂഡ് ഓയില്‍ വിലയുടെ തുടര്‍ന്നുള്ള ദിശ നിര്‍ണയിക്കുക പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയുമായിരിക്കും. ഇറാനില്‍ നിന്നുള്ള എണ്ണവിതരണം തടസമില്ലാതെ തുടരുകയും സംഘര്‍ഷസാധ്യത കുറയുകയും ചെയ്താല്‍ വില ഇനിയും താഴും. അതിനു പക്ഷേ സമാധാനത്തിന്റേതായ അന്തരീക്ഷം ഉടലെടുക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്തരമൊരു അവസ്ഥ പ്രതീക്ഷിക്കാനാകില്ല.

ആഗോള വിപണിയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എണ്ണലഭ്യത ഉയര്‍ന്ന നിലയിലാണ്. കൂടുതല്‍ രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തില്‍ കുറവുണ്ടായതു കൊണ്ടാണ് ബാരലിന് 100 ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്നത്. സമാധാനം തിരിച്ചെത്തിയാല്‍ 60-70 ഡോളറിലേക്ക് വില താഴുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```