

ഫെബ്രുവരി 28ന് ഇറാനെതിരേ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയ ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ വലിയ കുതിപ്പായിരുന്നു. ഒരുഘട്ടത്തില്‍ 120 ഡോളറും പിന്നിട്ട് ക്രൂഡ് വില മുന്നേറിയതോടെ ഒട്ടുമിക്ക രാജ്യങ്ങളിലും പെട്രോള്‍-ഡീസല്‍ വില കുത്തനെ വര്‍ധിപ്പിക്കേണ്ടി വന്നു.
മാര്‍ച്ചിലും ഏപ്രിലിലും പിടിവിട്ട് പോയ ക്രൂഡ് വില പഴയ നിലയിലേക്ക് താഴുന്നതിന്റെ സൂചനകളാണ് മേയ് അവസാന വാരം ദൃശ്യമാകുന്നത്. ഈ മാസം ക്രൂഡ് വിലയില്‍ ഇതുവരെ 20 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറാനും യുഎസും തമ്മില്‍ സമാധാന കരാറിലേക്ക് എത്തിയേക്കുമെന്ന സൂചനയും 60 ദിവസത്തെ വെടിനിര്‍ത്തലും ക്രൂഡ് വില താഴുന്നതിലേക്ക് നയിച്ചു.
ഹോര്‍മൂസ് കടലിടുക്കില്‍ കൂടിയുള്ള എണ്ണ വിതരണം സാധാരണ ഗതിയിലായാല്‍ ക്രൂഡ് വില 70-80 ഡോളറിലേക്ക് വീഴുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ യുദ്ധം ആരംഭിക്കും മുമ്പ് ക്രൂഡ് വില 70 ഡോളറില്‍ താഴെയായിരുന്നു. യുദ്ധം തുടങ്ങിയശേഷം ബാരലില്‍ 50 ഡോളറിനു മുകളിലാണ് കൂടിയത്.
ബ്രെന്റ് ക്രൂഡ് വില ഈയാഴ്ച മാത്രം 11 ശതമാനമാണ് ഇടിഞ്ഞത്. 2020 ഏപ്രിലിനുശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. ഡബ്ല്യുടിഐ ക്രൂഡ് പത്തുശതമാനത്തിന് അടുത്ത് താഴ്ന്നു. ആറുവര്‍ഷത്തെ ഉയര്‍ന്ന പ്രതിവാര ഇടിവാണിത്.
സമാധാനത്തിന്റേതായ അന്തരീക്ഷം നിലനിന്നാല്‍ ഈ സാമ്പത്തികവര്‍ഷം ശരാശരി 82 ഡോളര്‍ പരിസരങ്ങളിലാകും ക്രൂഡ് വിലയുടെ സ്ഥാനമെന്നാണ് വിലയിരുത്തല്‍. ചൈനയില്‍ അടക്കം ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്നതും കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തുന്നതും ക്രൂഡ് വിലയെ സ്വാധീനിക്കും.
ആഗോള ഡിമാന്‍ഡ്: ലോക സമ്പദ് വ്യവസ്ഥ വളരുമ്പോള്‍ എണ്ണയുടെ ആവശ്യകത കൂടുകയും വില ഉയരുകയും ചെയ്യും.
ലഭ്യത: ഉത്പാദനം കൂടുമ്പോള്‍ വില കുറയാനും കുറയുമ്പോള്‍ വില ഉയരാനും സാധ്യത.
ഒപെക്+: എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന്റെ തീരുമാനങ്ങള്‍ വിലയെ നേരിട്ട് ബാധിക്കും.
സംഘര്‍ഷങ്ങള്‍: മിഡില്‍ ഈസ്റ്റ്, റഷ്യ-ഉക്രൈന്‍ തുടങ്ങിയ മേഖലകളിലെ യുദ്ധങ്ങളും സംഘര്‍ഷങ്ങളും വിതരണ ആശങ്ക സൃഷ്ടിച്ച് വില ഉയര്‍ത്താം.
അമേരിക്കന്‍ ഷെയില്‍ ഉത്പാദനം: യുഎസിലെ ഉത്പാദന വര്‍ധന ആഗോള വിതരണത്തെ കൂട്ടി വില നിയന്ത്രിക്കാന്‍ സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine