ധനപ്രതിസന്ധി ധൂര്‍ത്തോ, ദിശാബോധമില്ലായ്മയോ?

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ വികസന പ്രക്രിയ മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പോലും അവതാളത്തിലാകുന്ന അവസ്ഥ. ഈ സാഹചര്യത്തിലും സര്‍ക്കാരിന്റെ ധൂര്‍ത്തിനൊട്ടും കുറവില്ലെന്ന ആരോപണങ്ങളും ശക്തമാണ്. എന്താണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം, എങ്ങനെ അതിനെ മറികടക്കാം. വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ തിരിച്ചടി

ഡോ.തോമസ് ഐസക്ക്, ധനമന്ത്രി

നികുതി വരുമാനം പൊതുവെ താണിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി നിരക്കുകള്‍ കുറച്ചതോടെ ഈ വര്‍ഷം ഒരു 150 കോടി രൂപയുടെ എങ്കിലും കുറവ് നികുതി വരുമാനത്തിലുണ്ടാകും. വരുമാനത്തിലുണ്ടാകുന്ന കുറവ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. കൂടാതെ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട ഫണ്ടുകളും വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.

ആനുവല്‍ ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് നവംബര്‍ മാസം വരെ നീട്ടിക്കൊടുത്തിരിക്കുകയാണ്. റിട്ടേണെങ്കിലും കിട്ടിയാല്‍ മാത്രമേ നികുതി പിരിക്കാന്‍ സാധിക്കുകയുള്ളൂ. കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ പാക്കേജ് ശുദ്ധ തട്ടിപ്പാണ്. കാരണം എക്‌സംഷന്‍സും ഇന്‍സെന്റീവ്‌സുമൊക്കെ ഒഴിവാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ അത് നല്‍കുന്നത്. സമ്പദ്ഘടനയില്‍ ഒരു ഗ്ലോബല്‍ റിസഷന്റെ സൂചനകളാണുള്ളത്. അങ്ങനെയുണ്ടായാല്‍ ആദ്യം തകരാന്‍ പോകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കും. അതിനെ ചെറുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികളൊന്നും ഫലപ്രദമാകില്ല.

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ധനപ്രതിസന്ധി ബാധിക്കുകയില്ല. കാരണം കിഫ്ബിയിലൂടെ 50,000 കോടി രൂപയുടെ അധിക നിക്ഷേപം ഈ വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാകുകയാണ്. വന്‍കിട പദ്ധതികളാണ് കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്നത്. പദ്ധതി നിര്‍വ്വഹണത്തില്‍ കാലതാമസമുണ്ടെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. കാരണം ഒരു ദിവസം കൊണ്ട് ഒരു പാലം പണിയുകയെന്നത് പ്രയോഗികമല്ലല്ലോ? അതിനാല്‍ അത്തരം പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ അതിന്റേതായ താമസം ഉണ്ടായേക്കും.


നികുതിപ്പണം സര്‍ക്കാര്‍ നന്നായി വിനിയോഗിക്കണം

സി.പി.ജോണ്‍, മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം & ജനറല്‍ സെക്രട്ടറി, സി.എം.പി

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം വര്‍ധിക്കുന്നില്ല. അതിനുള്ള ഒരു കാരണം ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള വരുമാനത്തിലെ കുറവാണ്. കേരളത്തിന്റെ റെവന്യൂ ചെലവ് കൂടുതലാണെന്നതാണ് രണ്ടാമത്തെ പ്രശ്‌നം. കേരളത്തില്‍ 65 ശതമാനത്തോളം സര്‍വ്വീസ് സെക്ടര്‍ ഉള്ളതിനാല്‍ അതില്‍ നിന്നും വലിയൊരു വരുമാനം പ്രതീക്ഷിച്ചെങ്കിലും നികുതിപരിധിക്കുള്ളില്‍ വരുന്ന സേവന മേഖല വേണ്ടത്രയില്ലാത്തതിനാല്‍ വരുമാനം കുറഞ്ഞു.സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതിനെ ധൂര്‍ത്തെന്ന് വിളിക്കാനാകില്ല. പക്ഷെ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുകയും വേണം. ധൂര്‍ത്ത് വര്‍ധിക്കുന്നുവെന്ന ബോധം ജനങ്ങള്‍ക്കുണ്ടാകുമ്പോള്‍ അവര്‍ നികുതി കൊടുക്കാന്‍ മടിക്കും. മറിച്ച് നന്നായി വിനിയോഗിക്കുമെന്ന് കാണുമ്പോള്‍ എല്ലാവരും അത് നല്‍കാന്‍ തയ്യാറാകും. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഭൂനികുതി ഉയര്‍ത്താവുന്നതാണ്. പെട്രോളും മദ്യവുമാണ് വരുമാനം ഉയര്‍ത്താനാകുന്ന മറ്റ് മേഖലകള്‍. ജി.എസ്.ടിയുടെ ഫലമായുണ്ടായ പ്രശ്‌നങ്ങളില്‍ നിന്ന് സംരംഭകരെ രക്ഷിച്ചെടുക്കാന്‍ കേരള ഗവണ്‍മെന്റ് യാതൊന്നും ചെയ്യുന്നില്ല. വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികളോട് വരെ സുഖമാണോയെന്ന് തിരക്കാന്‍ ഇവിടെ ഒരുത്തനുമില്ല. പകരം എങ്ങനെ അവന്റെ ഉറക്കം കെടുത്താമെന്നാണ് നോക്കുന്നത്. ഇത്തരത്തിലുള്ള ഫിനാന്‍ഷ്യല്‍ പോലീസിംഗാണ് സര്‍ക്കാര്‍ അടിയന്തിരമായി മാറ്റേണ്ടത്. സംരംഭകരെ ഫെസിലിറ്റേറ്റ് ചെയ്യുന്ന മികച്ചൊരു സംവിധാനമാണ് നമുക്കാവശ്യം. ഭാവിയിലേക്ക് ബാദ്ധ്യതയുണ്ടാക്കി വയ്ക്കുന്ന കിഫ്ബിയിലാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധ കുടുങ്ങിക്കിടക്കുന്നത്. കേരളത്തിന്റെ ധനപ്രതിസന്ധി മറികടക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. റവന്യൂ ചെലവ് തെറ്റാണെന്ന നിഗമനത്തിലേക്ക് പോകാതെ നമ്മുടെ നേട്ടങ്ങള്‍ അംഗീകരിച്ചുകൊണ്ട് ധനകാര്യ കമ്മീഷന്‍ ഒരു മേജര്‍ ഗ്രാന്റും പാക്കേജും നല്‍കിയാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകുകയുള്ളൂ.


അനാവശ്യ തസ്തികകള്‍ നിര്‍ത്തലാക്കണം

ഡോ.ബി.എ.പ്രകാശ്,സാമ്പത്തിക വിദഗ്ധന്‍

2019 ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി കടുത്ത ട്രഷറി നിയന്ത്രണമാണ് നിലനില്‍ക്കുന്നത്. ഒരു ലക്ഷത്തിന് പുറത്തുള്ള ശമ്പളവും പെന്‍ഷനും ഒഴിച്ചുള്ള ബില്ലുകള്‍ പോലും പാസാക്കപ്പെടുന്നില്ല. തന്മൂലം സര്‍ക്കാരിന്റെ ഭരണം, വികസനം, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ഇത്തരം രൂക്ഷമായ പ്രതിസന്ധി ഉണ്ടെങ്കിലും ധനധൂര്‍ത്ത് രാഷ്ട്രീയത്തിന് കുറവില്ല. ക്യാബിനറ്റ് റാങ്കിലുള്ള അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ചതും പുതുതായി 25,000 തസ്തികകള്‍(റിട്ടയര്‍മെന്റ് തസ്തികകള്‍ ഒഴികെ) സൃഷ്ടിച്ചതും ധനപ്രതിസന്ധി രൂക്ഷമാക്കി. നോണ്‍-പ്ലാന്‍ റെവന്യൂ ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ധനധൂര്‍ത്ത് രാഷ്ട്രീയത്തിലും നയങ്ങളിലും കാര്യമായ മാറ്റം വരുത്തിയേ മതിയാകൂ. ധനസ്ഥിതി മെച്ചപ്പെടുന്നത് വരെ ശമ്പളപരിഷ്‌ക്കരണം, പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍, പുതിയ സ്ഥാപനങ്ങളും എസ്റ്റാബ്ലിഷ്‌മെന്റുകളും സൃഷ്ടിക്കല്‍ ഇവയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. ഒപ്പം സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കണം.


ദീര്‍ഘകാല വീക്ഷണത്തോടെ പ്ലാനുകള്‍ നടപ്പിലാക്കണം

ഡോ.മാത്യു കുഴല്‍നാടന്‍, സംസ്ഥാന പ്രസിഡന്റ്്, പ്രൊഫഷണല്‍ കോണ്‍ഗ്രസ്

ജി.എസ്.ടി ഒരുതരത്തിലും സംസ്ഥാനത്തിന് ഗുണകരമാകാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. അവിടെനിന്നും ഇവിടെനിന്നും മാറ്റിയും മറിച്ചും എക്കണോമിക്‌സിലെ ഒരു ട്രപ്പീസ് കളിയാണ് ധനമന്ത്രി നടത്തുന്നത്. സര്‍ക്കാരിന്റെ ധനപ്രതിസന്ധിയുടെ ആഴം മനസ്സിലാക്കണമെങ്കില്‍ മോട്ടോര്‍ വാഹനപിഴയുടെ കാര്യം പരിശോധിച്ചാല്‍ മതി. വലിയൊരു വരുമാനം പ്രതീക്ഷിച്ചുകൊണ്ട്് യാതൊരു ആലോചനയുമില്ലാതെയാണ് കേരള സര്‍ക്കാര്‍ അത് നടപ്പാക്കിയത്. പക്ഷെ വന്‍തുക പിഴയായി അടക്കേണ്ടി വന്നപ്പോള്‍ എല്ലാവരും കോടിതിയില്‍ പോകാമെന്ന നിലപാട്് എടുത്തതോടെ ദിവസേന പിഴയിനത്തില്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തില്‍ വലിയൊരു കുറവുണ്ടായി. അപ്പോഴത്് നടപ്പാക്കുന്നില്ലെന്നായി സര്‍ക്കാര്‍. രൂക്ഷമായ ധനപ്രതിസന്ധി കാരണം ഇത്തരം പോളിസി തീരുമാനങ്ങള്‍ പോലും ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റുകയാണ്. ആഭ്യന്തരവിപണിയില്‍ നിന്നും കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമായിരിക്കേ 9.50 ശതമാനം പലിശക്ക് രാജ്യാന്തര വിപണിയില്‍ നിന്നും പണമെടുത്ത് നടപ്പാക്കുന്ന കിഫ്ബിയുടെ പദ്ധതികളെ ന്യായീകരിക്കാനാകില്ല. അതിന്റെ ഭാരം ഇനി വരാനിരിക്കുന്നതേയുള്ളൂ. സഹരണമേഖലയെ ദുരുപയോഗം ചെയ്തതിന്റെ ഒരു ഫിനാന്‍ഷ്യല്‍ സ്‌ട്രെസും ഖജനാവ് നേരിടുന്നുണ്ട്. ടൂറിസം ഉള്‍പ്പെടെയുള്ള വിവിധ സര്‍വ്വീസ് സെക്ടറുകളില്‍ മണി ജനറേറ്റിംഗ് ഓപ്ഷന്‍സ് ധാരളമായി ഉണ്ടാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന് ധന പ്രതിസന്ധിയില്‍ നിന്നും ഒരിക്കലും കരകയറാനാകില്ല.

Related Articles
Next Story
Videos
Share it