വിവാദങ്ങള്‍ക്ക് വഴിയൊരുക്കി പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പന

വിവാദങ്ങള്‍ക്ക് വഴിയൊരുക്കി പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പന
Published on

ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 5 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉടന്‍ വില്‍പനക്കെത്തുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഷിപ്പിംങ് കോര്‍പ്പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നിവയാണ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഏതാനും ചില പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള സര്‍ക്കാരിന്റെ ഓഹരി വിഹിതം കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നീക്കത്തെ ഒരു വിഭാഗം അനുകൂലിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ശക്തമായ വിമര്‍ശനവും അതിന് എതിരെ ഉയരുന്നു.

'തുടര്‍ച്ചയായി നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്നതാണ് നല്ലത്. എന്നാല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭത്തെയും വില്‍ക്കുന്നതിനെ ന്യായീകരിക്കാനാകില്ല' സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.ബി.എ.പ്രകാശ് ചൂണ്ടിക്കാട്ടി. കണ്‍സ്യൂമര്‍ പ്രോഡക്ടുകളും സര്‍വ്വീസുകളും ലഭ്യമാക്കുന്ന അനേകം പൊതുമേഖലാ സംരംഭങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുണ്ട്. അത്തരം സ്ഥാപനങ്ങള്‍ ബ്യൂറോക്രസിയുടെ വന്‍തോതിലുള്ള വര്‍ദ്ധനവിന് കാരണമാകുന്നുവെന്ന് മാത്രമല്ല അവ വരുത്തിവക്കുന്ന ഭീമമായ നഷ്ടം സര്‍ക്കാരുകള്‍ക്ക് വലിയ ഭാരമാകുകയും ചെയ്യുന്നുണ്ട്. അതാണ് തുടര്‍ച്ചയായി നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാരുകള്‍ കൈയൊഴിയണമെന്ന വാദത്തിന് അടിസ്ഥാനം.

പബ്ലിക് യൂട്ടിലിറ്റി സര്‍വ്വീസുകളായ ഗതാഗതം, വൈദ്യുതി, കുടിവെള്ളം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങിയവയൊക്കെ എത്ര നഷ്ടമുണ്ടാക്കിയാലും വില്‍ക്കാന്‍ പാടില്ല. അത്തരം സേവനങ്ങള്‍ നഷ്ടം സഹിച്ചും നിലനിര്‍ത്താനുള്ള ബാദ്ധ്യത സര്‍ക്കാരുകള്‍ക്കുണ്ടെന്നും ഡോ.പ്രകാശ് പറഞ്ഞു. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ സുപ്രധാന കേന്ദ്രങ്ങളിലുള്ള പ്രോപ്പര്‍ട്ടികള്‍ വിറ്റഴിക്കുമ്പോള്‍ സ്‌റ്റേറ്റിന്റെ താല്‍പര്യം കൂടി കണക്കിലെടുക്കേണ്ടത് അനിവാര്യമാണെന്ന വാദവും ഉയരുന്നു. കാരണം കോടികള്‍ വിലമതിക്കുന്ന ഇത്തരം ആസ്തികളൊക്കെ പബ്ലിക് പ്രോപ്പര്‍ട്ടിയാണെന്നതും പതിറ്റാണ്ടുകള്‍ കൊണ്ടാണ് അവയൊക്കെ കെട്ടിപ്പടുത്തതെന്നുമുള്ള വസ്തുത ആരുംതന്നെ വിസ്മരിക്കാന്‍ പാടില്ല.

ആസ്തികള്‍ കൈവിടുന്നത് ഗുണകരമോ?

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഒരു മഹാരത്‌ന കമ്പനിയാണെങ്കില്‍ ഷിപ്പിംങ് കോര്‍പ്പറേഷനും കണ്ടെയ്‌നര്‍ കോര്‍പ്പറേഷനും നവരത്‌ന കമ്പനികളുടെ വിഭാഗത്തില്‍പ്പെടുന്നവയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 1.05 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കലിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പൊതുമേഖലകളെ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന പണം ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ വിധത്തില്‍ സാമൂഹിക മേഖലയിലും വികസന പദ്ധതികള്‍ക്കുമായി ചെലവഴിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എങ്കിലും വിലയേറിയ ആസ്തികള്‍ വിറ്റൊഴിയുന്നത് രാജ്യത്തിന് ഗുണകരമാകുമോ എന്നതാണ് മുഖ്യ വിഷയം. സ്വര്‍ണ്ണ ഖനികളെന്ന് വിശേഷിപ്പിക്കാവുന്ന ചില പൊതുമേഖലകള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന പണത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകുമോ എന്നതും ആശങ്കക്കിടയാക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പനക്കെതിരെ വിവിധ കേന്ദ്രങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയും പൊതുമേഖലയും തമ്മിലുള്ള ഒരു സംതുലനം വിപണിയിലുണ്ടാക്കുകയെന്നത് തികച്ചും അപ്രായോഗികമാണ്. എന്നാല്‍ പൊതുമേഖലയുടെ സാന്നിദ്ധ്യം പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വിപണിയില്‍ എന്തൊക്കെ പ്രത്യാഘാതമുണ്ടാക്കുമെന്നത് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com