തകരുന്ന സാമ്പത്തികരംഗം: മോദിക്ക് തലവേദനയേറെ

തകരുന്ന സാമ്പത്തികരംഗം: മോദിക്ക് തലവേദനയേറെ
Published on

''ഘടനാപരമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാണ്. അതാണിപ്പോള്‍ തുറന്നു കാണിക്കപ്പെടുന്നത്," ഫസ്റ്റ് ഗ്ലോബലിന്റെ മാനേജിംഗ് ഡയറക്റ്ററും വൈസ് ചെയര്‍മാനുമായ ശങ്കര്‍ ശര്‍മ അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്ന് തെളിയിക്കും വിധമാണ് ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ.

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേ

ക്ക് എത്തിയിരിക്കുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതിനോടൊപ്പം ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിക്കുന്നു. ഇത് സകല മേഖലയിലും കനത്ത വിലകയറ്റത്തിനും ഇടയാക്കുന്നു.

രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും ആ ഇടപെടലും ഉണ്ടായില്ല. റോയിട്ടേഴ്‌സിന്റെ പുതിയ പോള്‍ പ്രവചിക്കുന്നത് ഒരു ഡോളറിനെതിരെ രൂപയുടെ മൂല്യം 78 വരെ എത്തിയേക്കാമെന്നാണ്. കഴിഞ്ഞ മാസം സമാനമായ പോള്‍ പ്രവചനം 75.6 ആയിരുന്നു.

എണ്ണയുല്‍പ്പാദക രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടാന്‍ തയ്യാറാകാത്തതും ഇറാനെതിരെ യു എസ് ഉപരോധവും ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് വെനസ്വേല പോലുള്ള എണ്ണയുല്‍പ്പാദക രാജ്യങ്ങളില്‍ കാര്യക്ഷമമായി ഉല്‍പ്പാദനം നടക്കാത്തതുമാണ് രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയര്‍ത്തുന്നത്.

ഇതാണ് ഇന്ത്യന്‍ സമ്പദ്‌രംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ പോലുള്ളവരും ചൂണ്ടിക്കാട്ടുന്നു.

'എന്നൊക്കെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നുവോ അന്നൊക്കെ ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ 2025 വര്‍ഷമായിട്ടും ഇതിനെ മറികടന്ന് മുന്നേറാന്‍ ശക്തമായ അടിത്തറ നമുക്ക് സൃഷ്ടിക്കാനായിട്ടില്ല,' ശങ്കര്‍ ശര്‍മ പറയുന്നതിങ്ങനെ.

അത്ഭുതം കാണിക്കാതെ മോദി മാജിക്ക്

2014 ല്‍ അധികാരമേറ്റപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ലോകത്തെ ബഹുമാനിക്കപ്പെടുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ തയ്യാറാക്കിയത്. മേയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ മാനുഫാക്ചറിംഗ് രംഗത്ത് കുതിപ്പുണ്ടാക്കാനും സ്‌കില്‍ ഇന്ത്യയിലൂടെ നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കി മികച്ച തൊഴില്‍ സേനയെ വാര്‍ത്തെടുത്ത് അവര്‍ക്ക് ഇന്ത്യയിലെ നിര്‍മാണ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനും ഒക്കെ നീക്കങ്ങള്‍ നടന്നുവെങ്കിലും രാജ്യത്തിലേക്ക് വന്‍ നിക്ഷേപം വരുകയോ മോദി പ്രഖ്യാപിച്ചതു പോലെ കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയോ ചെയ്തില്ല.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് അധികാരമേറ്റ വര്‍ഷത്തില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. മാത്രമല്ല രാജ്യമെമ്പാടും കര്‍ഷക പ്രതിഷേധവും ശക്തമാകുന്നു.

ഡിമാന്റ് ഉയര്‍ന്നില്ല, കമ്പനികള്‍ കഷ്ടത്തില്‍

ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യയും അവരുടെ ക്രയശേഷിയും രാജ്യത്തെ വിപണിയെ നിരീക്ഷിക്കുന്നവരെ മോഹിപ്പിക്കുന്ന ഘടകമായിരുന്നു. എന്നാല്‍ കള്ളപ്പണത്തിനെതിരെയുള്ള കുരിശു യുദ്ധമെന്ന പേരില്‍ നടത്തിയ കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് സാധാരണക്കാരും ചെറുകിട ഇടത്തരം സംരംഭകരും കടുത്ത പ്രതിസന്ധിയിലായി. രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടിയും കഷ്ടത്തിലാക്കിയത് ഇടത്തരക്കാരെയാണ്.

പിന്നാലെ വന്ന കടലാസ് കമ്പനികളെ തുടച്ചു നീക്കുന്ന നിയമങ്ങളും ഫലത്തില്‍ ഇടത്തരക്കാര്‍ക്ക് പ്രശ്‌നം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഇതോടെ ജനങ്ങളുടെ കൈയില്‍ പണമില്ലാത്ത സാഹചര്യം കൂടി ഉടലെടുത്തു. കിട്ടാക്കടം രൂക്ഷമായതോടെ ബാങ്കുകള്‍ കര്‍ശന നിലപാടുകളിലേക്ക് കടന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ചെറുകിട, ഇടത്തരം വ്യവസായ മേഖലയെയും കര്‍ഷകരെയും കഷ്ടത്തിലാക്കി.

ഇതിനിടയിലും ഓഹരി വിപണി മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ അതും താഴേക്ക് ഇറങ്ങുകയാണ്. ഈ സാഹചര്യത്തില്‍ വിപണി ഇനിയും ഇടിയാന്‍ തന്നെയാണ് സാധ്യതയെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

അമേരിക്ക ഫെഡ് റേറ്റ് ഉയര്‍ത്തുന്നത്, മറ്റെല്ലാ എമര്‍ജിംഗ് മാര്‍ക്കറ്റിനുമെന്ന പോലെ ഇന്ത്യയ്ക്കും പ്രശ്‌നം സൃഷ്ടിക്കുകയാണ്. ഇതിനിടയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്തു സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ നരേന്ദ്ര മോദി തന്നെയോ അല്ലെങ്കില്‍ തൂക്കു പാര്‍ലമെന്റോ വരുമെന്നാണ് പൊതുവേയുള്ള നിഗമനം.

ഇതും ഇപ്പോഴത്തെ അവസ്ഥയില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷകരമാണ്. സുസ്ഥിരവും സന്തുലിതവുമായ രാജ്യത്ത് നിക്ഷേപം നടത്തുക എന്നതാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ശൈലി. മുന്നിലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യം കണ്ട് കൂട്ടത്തോടെ വന്‍ നിക്ഷേപകര്‍ ഇനിയും പിന്‍വലിയും. ഓഹരി വിപണിയില്‍ നിന്ന് വിറ്റൊഴിഞ്ഞ് രക്ഷപ്പെടാന്‍ നിക്ഷേപക സമൂഹം ശ്രമിക്കുന്നതോടെ മറ്റൊരു വന്‍ ഇടിവും സംഭവിച്ചേക്കാം.

മൂടി വെയ്ക്കാം, എത്രമാത്രം

അടുത്തിടെയുണ്ടായ കഘ&എട പ്രതിസന്ധി സമുദ്രത്തില്‍ മുങ്ങിക്കിടക്കുന്ന മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന വസ്തുതകള്‍ പുറത്തു വരുന്നുണ്ട്. ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗില്‍ നിന്ന് ഈ കമ്പനി ഏറ്റവും താഴ്ന്ന ഗ്രേഡിലേക്ക് വീണത് വെറും രണ്ടു മാസം കൊണ്ടാണ്. ഡാറ്റ പരിശോധിക്കാതെയല്ല റേറ്റിംഗ് ഏജന്‍സികള്‍ ഗ്രേഡിംഗ് നല്‍കുന്നത്. അപ്പോള്‍ പിന്നെ ഈ ചെറിയ കാലയളവില്‍ എങ്ങനെ ഇങ്ങനെയൊരു തിരുത്തല്‍ സംഭവിച്ചു? പല അവിശുദ്ധ കൂട്ടുകെട്ടുകളിലേക്കു കൂടി ഈ സംഭവം വിരല്‍ ചൂണ്ടുന്നുണ്ട്.

രാജ്യത്തെ ഉല്‍പ്പാദന ക്ഷമമായ മേഖലയില്‍ വേണ്ട വിധത്തില്‍ നിക്ഷേപം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നിട്ടില്ല. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നിവയ്ക്കു പുറമേ സര്‍ക്കാരിന്റെ നിക്ഷേപവും കൂടി ചേരുമ്പോഴാണ് ഇന്ത്യയില്‍ കാര്യമായ സാമ്പത്തിക പുരോഗതി ദര്‍ശിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഈ രംഗങ്ങളെല്ലാം തന്നെ ഒരു പോലെ തളര്‍ന്നിരിക്കുന്നതാണ് രാജ്യത്തെ അപകട മുനമ്പിലെത്തിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് മിനി ബൂം സൃഷ്ടിക്കുമോ?

ലോകത്ത് തെരഞ്ഞെടുപ്പ് വേളയില്‍ പണം വാരിയെറിയുന്ന രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനത്ത് വരും ഇന്ത്യ. 2014 ല്‍ ഏകദേശം അഞ്ച് ബില്യണ്‍ ഡോളറാണ് ഈയിനത്തില്‍ മാത്രം ചെലവിട്ടതെന്നാണ് സൂചന. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ ചെറുതല്ലാത്ത ചലനം സൃഷ്ടിക്കാന്‍ ഇത് ഉപകരിക്കുമെങ്കിലും നട്ടെല്ല് തകര്‍ന്ന സമ്പദ് വ്യവസ്ഥയുടെ മേല്‍ ബാന്‍ഡേജ് ഒട്ടിക്കുന്ന പോലെയാണിത്.

കര്‍ഷകരുടെയും ചെറുകിട ഇടത്തരം സംരംഭകരുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങള്‍ അതുപോലെ തന്നെ തുടരും. ഇവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മോദിക്ക് സാധിക്കുമോ ? ജനപ്രിയ നടപടികള്‍ പ്രഖ്യാപിച്ച് വോട്ടു ബാങ്ക് ഉറപ്പിക്കുമോ? രാജ്യം ഉറ്റുനോക്കുന്നതും അതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com